ജറുസലേം: ഗാസയിലെ തുരങ്കത്തിൽ നിന്ന് ആറ് ഇസ്രായേൽ ബന്ദികളുടെ മൃതശരീരം കണ്ടെടുത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇതേത്തുടർന്ന് സൈന്യം കണ്ടെത്തിയ ആറ് ഇസ്രയേൽ ബന്ദികളുടെ ജീവൻ രക്ഷിക്കാൻ കഴിയാത്തതിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ജനങ്ങളോട് ക്ഷമ ചോദിച്ചു.
തെക്കൻ ഗാസയിലെ റഫ പ്രദേശത്തെ ഭൂഗർഭ തുരങ്കത്തിൽ നിന്നാണ് ആറ് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ഗാസ അതിർത്തിക്കടുത്തുള്ള കിബ്ബട്ട്സ് കമ്മ്യൂണിറ്റിയിൽ നിന്ന് പിടിച്ചെടുത്ത കാർമൽ ഗാറ്റ്, ഈഡൻ യെരുഷാൽമി, അൽമോഗ് സരുസി, ഒറി ഡാനിനോ, യുഎസ്-ഇസ്രായേൽ ഹെർഷ് ഗോൾഡ്ബെർഗ്-പോളിൻ, റഷ്യൻ-ഇസ്രായേൽ അലക്സാണ്ടർ ലോബനോവ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഒരു മ്യൂസിക് ഫെസ്റ്റിവൽ സൈറ്റിൽ നിന്നാണ് തീവ്രവാദികൾ ഇവരെ തട്ടിക്കൊണ്ടു പോയി ബന്ദികളാക്കിയത്.
അവരെ ജീവനോടെ തിരികെ കൊണ്ടുവരാൻ സാധിക്കാത്തതിൽ ജനങ്ങളോട് പത്രസമ്മേളനം നടത്തി ക്ഷമ ചോദിച്ച നെതന്യാഹു ഈ ക്രൂരതയ്ക്ക് ഹമാസ് വളരെ വലിയ വില നൽകേണ്ടി വരും എന്നും വ്യക്തമാക്കി. അവരെ രക്ഷിക്കുന്നതിന് അടുത്തെത്തിയിട്ടും വിജയിക്കാനാവാതെ പോയതിലുള്ള നിരാശയും അദ്ദേഹം പ്രകടമാക്കി. ഒക്റ്റോബർ ഏഴിന് രാവിലെ ജീവനോടെ തട്ടിക്കൊണ്ടു പോയ ഇവരെ ഇസ്രയേൽ സൈന്യം എത്തുന്നതിനു തൊട്ടു മുമ്പാണ് ഹമാസ് ഭീകരർ അതിക്രൂരമായി കൊലപ്പെടുത്തിയത്.
ഇതിനിടെ, രാഷ്ട്രീയ നേട്ടത്തിനായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുദ്ധം നീട്ടിക്കൊണ്ടു പോകുകയാണെന്ന് ഇസ്രായേലിലെ വിമർശകർ ആരോപിച്ചു.
പതിനായിരക്കണക്കിന് ഇസ്രായേലികൾ ഞായറാഴ്ച ഉച്ചയ്ക്കും വൈകിട്ടും രാജ്യത്തുടനീളം തെരുവിലിറങ്ങി.
"ഈ യുദ്ധം അവസാനിച്ച സമയമാണിത്" എന്നാണ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ഇതിനെ കുറിച്ച് അഭിപ്രായപ്പെട്ടത്. ഖത്തറിനും ഈജിപ്തിനുമൊപ്പം വെടിനിർത്തൽ മധ്യസ്ഥ ശ്രമങ്ങളിൽ അമേരിക്കയും പങ്കാളികളാണ്.
ഒക്റ്റോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നിന്നു ബന്ദികളാക്കി കൊണ്ടുപോയത് 251 പേരെയായിരുന്നു.അതിൽ 33 പേർ കൊല്ലപ്പെട്ടതായിട്ടാണ് ഇസ്രയേൽ സൈന്യത്തിന്‍റെ റിപ്പോർട്ട്.97 പേർ ഇപ്പോഴും ഗാസയിൽ തുടരുകയാണ്.