അജ്മാൻ: എമിറേറ്റിലെ വാഹന ഉടമകൾക്ക് ട്രാഫിക് പിഴകളിൽ പോലീസ് വൻ ഇളവ് പ്രഖ്യാപിച്ചു. ആകെ പിഴത്തുകയുടെ 50 ശതമാനമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. അജ്മാന്‍ പൊലീസ് സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെയാണ് പുതിയ ഇളവ് പ്രഖ്യാപിച്ചത്. അശ്രദ്ധമായി വാഹനമോടിക്കുക, നിരോധിത മേഖലയിൽ കൂടി ഓവർടേക്കിങ് നടത്തുക, വേഗ പരിധി ലംഘിക്കുക, മുൻകൂർ അനുമതിയില്ലാതെ വാഹനങ്ങളിൽ രൂപമാറ്റം വരുത്തുക തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങൾ ഒഴികെ എല്ലാവിധ ട്രാഫിക് പിഴകൾക്കും 50 ശതമാനം ഇളവ് ബാധകമായിരിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
നവംബർ നാല് മുതല്‍ ഡിസംബർ 15 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ വർഷം ഒക്ടോബർ 31 വരെ പിഴ ലഭിച്ചവര്‍ക്ക് ഇതിന്റെ പ്രയോജനം കിട്ടും. ഇതു വഴി വാഹനം പിടിച്ചെടുക്കുന്നത് ഒഴിവാക്കാൻ സാധിക്കും.
ലൈസൻസിൽ ലഭിച്ച ബ്ലാക്ക് പോയിന്‍റും ഒഴിവാകും. നിയമലംഘകരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും ട്രാഫിക് നിയമലംഘനങ്ങൾ മൂലം വലിയ തുക പിഴ നൽകേണ്ടി വരുന്നവരെ സഹായിക്കാനും വേണ്ടിയാണ് പുതിയ തീരുമാനം.
അജ്മാൻ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ നിർദേശപ്രകാരമാണ് തീരുമാനം നടപ്പിലാക്കുന്നതെന്ന് അജ്മാൻ ട്രാഫിക് പൊലീസ് അറിയിച്ചു.