റോബർട്ട് കെന്നഡി ജൂനിയറും ഡോണൾഡ് ട്രംപും File photo
World

വാക്സിൻ വിരുദ്ധന്‍റെ കൈയിൽ ആരോഗ്യ വകുപ്പ്; ആശങ്കയിൽ യുഎസും ലോകവും

വാക്സിനുകൾ ഓട്ടിസം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുമെന്നാണ് റോബർട്ട് കെന്നഡിയുടെ വാദം

വാഷിങ്ടൺ: റോബർട്ട് കെന്നഡി ജൂനിയറിനെ യുഎസിന്‍റെ ആരോഗ്യ വകുപ്പ് സെക്രട്ടറിയാക്കുമെന്ന് നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം. ഇതോടെ യുഎസിലും ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ ആശങ്കയിലായിരിക്കുകയാണ്.

പ്രഖ്യാപിത വാക്സിൻ വിരുദ്ധനാണ് റോബർട്ട് കെന്നഡി എന്നതാണ് ആശങ്കയ്ക്കു കാരണം. കൊവിഡ്-19 കാലഘട്ടത്തിൽ വാക്സിനുകൾക്കെതിരേ ഏറ്റവും ശക്തമായി ഉയർന്ന ശബ്ദങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിന്‍റേത്.

വാക്സിനുകൾ ഓട്ടിസം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുമെന്നാണ് റോബർട്ട് കെന്നഡിയുടെ വാദം. വാക്സിൻ വിരുദ്ധ സംഘടനയായ ചിൽഡ്രൻസ് ഹെൽത്ത് ഡിഫൻസിന്‍റെ അധ്യക്ഷൻ കൂടിയാണ് അദ്ദേഹം.

വാക്സിനുകളെ കണ്ണും പൂട്ടി എതിർക്കുന്ന തരത്തിലുള്ള അശാസ്ത്രീയ വാദഗതികളാണ് റോബർട്ട് കെന്നഡിയുടേത് എന്ന് ആരോഗ്യ മേഖലയിലെ പല വിദഗ്ധരും ആരോപിക്കുന്നു.

അതേസമയം, മരുന്ന് കമ്പനികൾ രാജ്യത്തിന്‍റെ ആരോഗ്യ മേഖലയെ തകർക്കുന്നതിനു പ്രതിരോധം തീർക്കാനാണ് റോബർട്ട് കെന്നഡിയെ തന്നെ ആരോഗ്യ വകുപ്പിന്‍റെ തലപ്പത്ത് നിയോഗിക്കാൻ തീരുമാനിച്ചതെന്നാണ് ട്രംപിന്‍റെ വിശദീകരണം.

വിവേക് രാമസ്വാമിയെ പോലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുകയും, പിന്നീട് പിൻമാറി ട്രംപിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തയാളാണ് കെന്നഡിയും.

യുഎസിന്‍റെ മുൻ പ്രസിഡന്‍റ് ജോൺ എഫ്. കെന്നഡിയുടെ സഹോദരനും മുൻ സെനറ്ററുമായ റോബർട്ട് എഫ്. കെന്നഡിയുടെ മകനാണ് റോബർട്ട് കെന്നഡി ജൂനിയർ.

മുനമ്പം വിഷയം; തർക്ക പരിഹാരത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം

ജന്മദിനാഘോഷത്തിനിടെ വിദ്യാർഥി അബദ്ധത്തിൽ സ്വയം വെടിവച്ചു മരിച്ചു

സന്തോഷ് ട്രോഫി: ലക്ഷദ്വീപിനെ ഗോൾക്കടലിൽ മുക്കി കേരളം

ചൂണ്ടുവിരലിലല്ല; തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മഷി പുരട്ടുക ഇടത് നടുവിരലിൽ

പാലക്കാട് അമിത വേഗത്തിലെത്തിയ കാറിടിച്ച് വയോധികർക്ക് ദാരുണാന്ത്യം; ഡ്രൈവർ പൊലീസ് പിടിയിൽ