ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ്  
World

ബ്രിക്‌സ് ഉച്ചകോടി: ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ്

വിദ്യാഭ്യാസ മേഖലയിൽ ഇരു രാജ്യങ്ങളും സഹകരണം വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

അബുദാബി: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ റഷ്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ നിരവധി ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി യു എ ഇ പ്രസിഡന്‍റ് നടത്തിയ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായും കസാനിൽ നടന്ന ചർച്ചകളിൽ പങ്കെടുത്ത അദ്ദേഹം, ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽസിസി, ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമാഫോസ, എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് എന്നിവരുമായും സംസാരിച്ചു.

സമ്പദ്‌ വ്യവസ്ഥ, വ്യാപാരം, വികസനം എന്നിവയിലുടനീളം അന്താരാഷ്ട്ര സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ. വർഷാരംഭത്തിൽ ബ്രിക്സ് സംഘടനയിൽ ചേർന്ന ശേഷം യുഎഇ പങ്കെടുക്കുന്ന ആദ്യ യോഗമാണിത്. ബ്രിക്സിലെ അംഗത്വത്തിലൂടെ എല്ലാവർക്കും കൂടുതൽ സുസ്ഥിരവും സമൃദ്ധവുമായ ഭാവി കൈവരിക്കുന്നതിന് അംഗ രാജ്യങ്ങളുമായി നിശ്ചയ ദാർഢ്യത്തോടെ യുഎഇ പ്രവർത്തിക്കുന്നുവെന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കി.

റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായുള്ള ഉന്നത തല ചർച്ചകൾ ഉൾപ്പെടുന്ന ഔദ്യോഗിക സന്ദർശനത്തിനായി ഷെയ്ഖ് മുഹമ്മദ് ഞായറാഴ്ചയാണ് റഷ്യയിലെത്തിയത്. ഷെയ്ഖ് മുഹമ്മദുമായുള്ള ചർച്ചയിൽ റഷ്യയും യു.എ.ഇയും തമ്മിലുള്ള ശക്തമായ ബന്ധത്തെ പുടിൻ പ്രശംസിച്ചു. യുക്രെയ്നുമായി യുദ്ധത്തടവുകാരുമായി ബന്ധപ്പെട്ട് മധ്യസ്ഥത വഹിക്കുന്നതിൽ രാജ്യം വഹിച്ച പങ്കിന് അദ്ദേഹം നന്ദി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ ഇരു രാജ്യങ്ങളും സഹകരണം വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

മോസ്കോയിലെ പ്രിമാകോവ് സ്കൂളിൽ ഷെയ്ഖാ ഫാത്തിമ ബിൻത് മുബാറക് എജുക്കേഷനൽ സെന്‍ററിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഷെയ്ഖ് മുഹമ്മദും വ്ളാഡിമർ പുടിനും പങ്കെടുത്തു.

ഇരു നേതാക്കളും കേന്ദ്രം സന്ദർശിക്കുകയും വിദ്യാർഥികളെയും ജീവനക്കാരെയും കാണുകയും ചെയ്തു. അറബി ഭാഷയിലും ചരിത്രം, സംസ്‌കാരം, കലകൾ, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിലും കേന്ദ്രത്തിന്‍റെ പാഠ്യപദ്ധതിയെക്കുറിച്ചുള്ള അവതരണവും ഇരു നേതാക്കളും വീക്ഷിച്ചു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?