ബീജിങ്: വിക്ഷേപണ കേന്ദ്രത്തിലെ പരിശോധനയ്ക്കിടെ അബദ്ധത്തിൽ കുതിച്ചുയർന്ന റോക്കറ്റ് ആളുകളെ ഒഴിപ്പിച്ച മലയോരത്ത് വീണതിനാൽ വൻ ദുരന്തം ഒഴിവായി. ചൈനയുടെ ടിയാൻലോങ്- 3 റോക്കറ്റാണ് ഹെനാൻ പ്രവിശ്യയിലെ ഗോംഗി നഗരത്തിനു സമീപം തകർന്നുവീണത്.
ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ചൈനീസ് റോക്കറ്റുകളുടെ ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ ഒമ്പത് എൻജിനുകളാണ് ഇതിൽ ഘടിപ്പിച്ചിരുന്നത്. പതിവ് ജ്വലന പരിശോധനയ്ക്കിടെ റോക്കറ്റ് കുതിച്ചുയരുകയായിരുന്നെന്ന് സ്പെയ്സ് പയനിയർ (ബീജിങ് ടിയാൻബിങ് ടെക്നോളജി) പ്രസ്താവനയിൽ അറിയിച്ചു.
റോക്കറ്റിന്‍റെ ഘടനയിലെ തകരാറാണ് അപകടത്തിനിടയാക്കിയത്. പുനരുപയോഗിക്കാവുന്ന റോക്കറ്റ് നിർമാണമുൾപ്പെടെ ബഹിരാകാശ പദ്ധതികളിൽ ചൈനീസ് ബഹിരാകാശ ഏജൻസിക്കു കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളിലൊന്നാണ് സ്പെയ്സ് പയനിയർ. നടുക്കുന്ന സ്ഫോടന ശബ്ദത്തോടെയാണ് റോക്കറ്റ് തകർന്നുവീണത്.
റോക്കറ്റിന്‍റെ പരിശോധന മുൻനിർത്തി നേരത്തേ ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. എന്നാൽ, റോക്കറ്റ് വീണതിന് അധികം അകലെയല്ലാതെ നിരവധി വീടുകളിൽ ആളുകളുണ്ടായിരുന്നു.