ദുബായ്: എമിറേറ്റിലെ പ്രധാന മേഖലകളിൽ പുതുതായി 141 ബസ് ഷെൽട്ടറുകളുടെ നിർമാണം കൂടി പൂർത്തിയായതായി ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർടിഎ) അറിയിച്ചു. ഏറെ ആകർഷകവും ഉപയോക്തൃ സൗഹൃദപരവുമായ രീതിയിൽ രൂപകൽപ്പന ചെയ്ത ഷെൽട്ടറുകൾ യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളാണ് ഉറപ്പുനൽകുന്നത്. ശീതീകരിച്ച ബസ് ഷെൽട്ടറുകളാണ് നിർമിച്ചിരിക്കുന്നത്. പരസ്യം ചെയ്യാനുള്ള സ്ഥലങ്ങൾ, ബസ് റൂട്ടുകളുടെ മാപ്പ്, സർവീസ് സമയം, വാഹനമെത്തുന്ന സമയം, മറ്റ് വിവരങ്ങൾ എന്നിവ പ്രദർശിപ്പിക്കാനായി സ്ക്രീനുകൾ ഷെൽട്ടറുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. 2025 ഓടെ എമിറേറ്റിലെ ബസ് ഷെൽട്ടറുകളുടെ എണ്ണം 762 ആയി വർധിപ്പിക്കാനാണ് ആർടിഎ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ 40 ശതമാനം പൂർത്തിയായതായി ആർടിഎ അറിയിച്ചു.
പുതുതായി നിർമിച്ച ബസ് സ്റ്റോപ്പുകളിൽ നിന്ന് ഒന്ന് മുതൽ പത്ത് വരെ ഇടങ്ങളിലേക്കുള്ള ബസ് സർവിസ് ലഭ്യമാണ്. ബസ് ഷെൽട്ടർ പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷം 18.2 കോടി യാത്രക്കാർക്ക് സേവനം നൽകാനാവുമെന്നാണ് പ്രതീക്ഷമെന്ന് ആർടിഎ എക്സിക്യുട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മത്തർ അൽ തായർ പറഞ്ഞു.
പൊതുഗതാഗ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ദുബായ്യിലെ താമസക്കാർക്കും സന്ദർശകർക്കും സൗകര്യപ്രദമായ ഗതാഗത സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെ ജീവിത നിലവാരം വർധിപ്പിക്കുന്നതിനുമാണ് പദ്ധതിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് രീതിയിലാണ് ഷെൽട്ടറുകളെ തരം തിരിച്ചിരിക്കുന്നത്. പ്രതിദിനം 750ലധികം യാത്രക്കാരുള്ള മേഖലകളിലെ ഷെൽട്ടറുകളെ പ്രാഥമികമെന്നും 250-750 യാത്രക്കാരുള്ള സ്ഥലത്തെ ഷെൽട്ടറുകളെ സെക്കൻഡറി എന്നും 100-200 വരെ യാത്രക്കാരുള്ള സ്ഥലങ്ങളിലെ ഷെൽട്ടറുകളെ ബേസിക് എന്നുമാണ് തരം തിരിച്ചിരിക്കുന്നത്. നിശ്ചയദാർഢ്യ വിഭാഗങ്ങളുടെ വീൽചെയറുകൾക്ക് പ്രവേശിക്കാൻ കഴിയുന്ന രീതിയിലാണ് എല്ലാ ബസ് ഷെൽട്ടറുകളുടെയും രൂപകൽപ്പന.