ന‍്യൂയോർക്ക്: വോട്ടെടുപ്പ് കഴിഞ്ഞ് 19 ദിവസങ്ങൾ പിന്നിട്ടിട്ടും യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം ഔദ‍്യോഗികമായി പ്രഖ‍്യാപിക്കാത്തതിൽ പ്രതികരിച്ച് ടെസ്ല സിഇഒ ഇലോൺ മസ്ക്. ഇന്ത‍്യ എങ്ങനെയാണ് ഒരു ദിവസം 64 കോടി വോട്ടുകൾ എണ്ണുന്നതെന്ന് എക്സിൽ പങ്കുവച്ച ഉപയോക്താവിന് നൽകിയ മറുപടിയിലാണ് മസ്ക് ഇന്ത‍്യയെ പ്രശംസിച്ചത്. 'ഇന്ത‍്യ ഒറ്റ ദിവസം കൊണ്ട് 64 കോടി വോട്ടെണ്ണിയപ്പോൾ കാലിഫോർണിയയിൽ ഇപ്പോഴും വോട്ടെണ്ണൽ തുടരുന്നു'. മസ്ക്ക് പറഞ്ഞു.
ഇതോടെ മസ്ക്കിന്‍റെ പ്രതികരണം വലിയ ചർച്ചയായി കഴിഞ്ഞു. ജനസംഖ്യ കൂടുതലുള്ള യുഎസിലെ കാലിഫോർണിയയിൽ ഏകദേശം 39 ദശലക്ഷം നിവാസികൾ താമസിക്കുന്നുണ്ട്. അവരിൽ 16 ദശലക്ഷത്തിലധികം പേർ നവംബർ 5 ലെ തെരഞ്ഞെടുപ്പിൽ പങ്കെടുത്തിരുന്നു. ഇപ്പോഴും കാലിഫോർണിയയിൽ 300,000 വോട്ടുകൾ എണ്ണി തീർക്കാനുണ്ടെന്നാണ് കണക്ക്. മെയിൽ-ഇൻ വോട്ടുകളെ ആശ്രയിക്കുന്നത് മൂലമാണ് വോട്ടെണ്ണി തീർക്കാൻ കാലതാമസം വരുന്നതെന്നാണ് വിലയിരുത്തുന്നത്.