ന്യൂയോര്‍ക്ക്: അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ മുങ്ങിക്കിടക്കുന്ന ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണാനും പരിശോധിക്കാനുമുള്ള എല്ലാവിധ പര്യവേക്ഷണങ്ങളും നിർത്തിവയ്ക്കുകയാണെന്ന് പര്യവേക്ഷകരുടെ ക്ലബ്.
കപ്പലിന്‍റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റന്‍ അന്തർവാഹിനി അപകടത്തിൽപ്പെട്ട് അഞ്ച് യാത്രികരും മരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. 111 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടൈറ്റാനിക് ആദ്യ യാത്രയില്‍ തന്നെ കടലില്‍ മുങ്ങിയത്. ഇതിലേക്കു നടത്താനിരുന്ന എല്ലാ പര്യവേക്ഷണ പദ്ധതികളും റദ്ദാക്കിയെന്നാണ് ക്ലബ് അറിയിച്ചിരിക്കുന്നത്.
അതേസമയം, വാണിജ്യ ടൂറിസത്തിന്‍റെ ഭാഗമായി പ്രദേശത്ത് നടപ്പാക്കിവരുന്ന പദ്ധതികളുടെ കാര്യത്തിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ അതത് രാജ്യങ്ങളാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. യൂറോപ്യൻ രാജ്യങ്ങളിൽനിന്നും യുഎസിൽനിന്നും കാനഡയിൽനിന്നുമെല്ലാം ഇവിടേക്ക് ടൂറിസ്റ്റുകളെ കൊണ്ടുപോയിരുന്നു.
ടൈറ്റാനിക് കപ്പല്‍ 1912 ഏപ്രില്‍ 15നാണ് മഞ്ഞുമലയിലിടിച്ച് മുങ്ങിയത്. 1500ലധികം പേർ അപകടത്തിൽ മരിച്ചു. ടൈറ്റാനിക് സിനിമ ഇറങ്ങിയതിനു ശേഷമാണ് കപ്പൽ മുങ്ങിയ പ്രദേശം വിനോദസഞ്ചാരികളുടെ ആകർഷണകേന്ദ്രമായി മാറിയത്. വൻ തുക മുടക്കിയും കടലിനടിയിൽ പോയി കപ്പലിന്‍റെ അവശിഷ്ടങ്ങൾ കാണാൻ പലരും തയാറായിരുന്നു. തകർന്നു പോയ ടൈറ്റൻ പേടകത്തിൽ കടലിൽ പോകാൻ ഒരാൾക്ക് രണ്ടര ലക്ഷം ഡോളറായിരുന്നു ഫീസ്.
ഇവിടെ വിനോദസഞ്ചാരം പ്രബലമാകുന്നതിനു മുൻപ് സമുദ്ര പര്യവേക്ഷകര്‍ ശാസ്ത്രീയമോ ചരിത്രപരമോ ആയ ആവശ്യങ്ങള്‍ക്കായി മാത്രമാണ് കപ്പലിനേടുത്തേക്കു പോയിരുന്നത്. വിനോദസഞ്ചാരത്തിന്‍റെ ഭാഗമായി, വിദഗ്ധരല്ലാത്തവർക്കും അപകടകരമായ സ്ഥലത്തേക്കു പോകാൻ അവസരം ലഭിക്കുകയായിരുന്നു.
തന്‍റെ ജീവിതകാലത്തിനിടെ ഇനിയൊരു പര്യവേഷണവും ഉണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് ടൈറ്റാനിക്കിന്‍റെ നിര്‍മാണക്കമ്പനിയായിരുന്ന വൈറ്റ് സ്റ്റാര്‍ മെമ്മറീസ് ലിമിറ്റഡ് സി.ഇ.ഒ ഡേവിഡ് സ്‌കോട്ട് ബെഡ്‌റാഡ് ഇതെക്കുറിച്ചു പ്രതികരിച്ചു. കൂടുതല്‍ ശക്തമായ നിയമങ്ങളും നിയന്ത്രണങ്ങളും ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.