ഇസ്ലാമാബാദ്: ഇന്ത്യയെ പ്രശംസിച്ച് പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഒരു പൊതുയോഗത്തിനിടയിലായിരുന്നു നവാസ് ഷെരീഫിന്റെ പരാമര്‍ശം. പാക്കിസ്ഥാന്റെ സാമ്പത്തിക പതനത്തിന് ഇന്ത്യയോ അമെരിക്കയോ ഉത്തരവാദികളല്ലെന്നു കഴിഞ്ഞദിവസം നവാസ് ഷെരീഫ് പ്രസ്താവിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് വീണ്ടും ഇന്ത്യയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
"ഇന്ത്യ ചന്ദ്രനിലെത്തി. എന്നാല്‍ പാക്കിസ്ഥാന് ഇപ്പോഴും ഭൂമിയില്‍ നിന്നു പോലും ഉയര്‍ന്നിട്ടില്ല. നമ്മുടെ പതനത്തിനു കാരണം നമ്മള് തന്നെയാണ്. അല്ലെങ്കില്‍ പാക്കിസ്ഥാന് മറ്റൊരു തലത്തില്‍ എത്തുമായിരുന്നു. ഈ സ്ഥിതി തുടരാന്‍ പാടില്ല'', നവാസ് ഷെരീഫ് വ്യക്തമാക്കി. മൂന്നു വട്ടം പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് വീണ്ടും അധികാരത്തിലെത്താന്‍ ശ്രമം തുടരുകയാണ്. നേരത്തെ ചന്ദ്രയാന്‍ 3 വിജയത്തില്‍ എത്തിയപ്പോഴും അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയിരുന്നു.
2019 മുതല്‍ ലണ്ടനിലായിരുന്ന നവാസ് ഷെരീഫ് അടുത്തിടെയാണ് പാക്കിസ്ഥാനില്‍ തിരിച്ചെത്തിയത്. ഫെബ്രുവരി എട്ടിന് പാക്കിസ്ഥാന് പൊതു തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. അതിനിടയിലാണ് അദ്ദേഹം പൊതു ഇടങ്ങളില്‍ സജീവമാകുന്നത്. ഖൈബര്‍ പത്വങ്ക പ്രവിശ്യയിലെ മന്‍സേരയില്‍ നിന്നു നവാസ് ഷെരീഫ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ മരുമകന് ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദര്‍ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന് മുസ്ലിം ലീഗ് നവാസ് പക്ഷത്തിന്റെ ശക്തികേന്ദ്രമാണ് ഈ പ്രദേശം.