ഭൂമിയിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ പെർമാഫ്രോസ്റ്റാണ് (ജലത്തിൻറെ ഖരാങ്കത്തിൽ താഴെ ഊഷ്മാവിൽ സ്ഥിതി ചെയ്യുന്ന മണ്ണ്) സൈബീരിയയിലെ ബറ്റഗൈക ഗർത്തം. അത് അതിവേഗം പുറത്തേക്ക് വികസിച്ചു കൊണ്ടേയിരിക്കുകയാണ് ഇപ്പോൾ. തുടർച്ചയായ ഈ വികസനം മൂലം ഇതിന്‍റെ ദ്വാരം ബഹിരാകാശത്തു നിന്നു കാണാനാകും വിധം വളരെ വലുതാണ്. സൈബീരിയയിലെ ഈ ഭീമൻ ദ്വാരത്തെ 'ഗേറ്റ്‌വേ ടു ഹെൽ' എന്നാണ് ശാസ്ത്രലോകം വിളിക്കുന്നത്. കൂടുതൽ വിശദമായ പഠനത്തിനായി ഗേറ്റ് വേ ടു ഹെല്ലിലേയ്ക്ക് ഇപ്പോൾ വിദഗ്ധരുടെ ഒഴുക്കാണ്. കാലാവസ്ഥാ വ്യതിയാനം മൂലം പ്രതീക്ഷിച്ചതിലും ഏറെ വേഗത്തിലാണ് ഗേറ്റ് വേ ടു ഹെല്ലിന്‍റെ വികസനം. തണുത്തുറഞ്ഞ യാന ഹൈലാൻഡിൽ സ്ഥിതി ചെയ്യുന്ന ബടാഗൈക ഗർത്തം 200 ഏക്കർ വീതിയും 300 അടി ആഴവുമുള്ള ഒരു അരശു ഞണ്ടിന്‍റെ ആകൃതിയിലാണ് ഇപ്പോൾ. 1960-ൽ സാറ്റലൈറ്റ് ഇമേജറിയിൽ നിന്ന് ഇത് വളരെക്കുറച്ച് മാത്രമേ കാണാനാകുമായിരുന്നുള്ളു.
വെറും 30 വർഷത്തിനുള്ളിൽ അതിന്‍റെ വലിപ്പം മൂന്നിരട്ടിയായി വർദ്ധിച്ചുവെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തി. ബറ്റഗൈകയുടെ വികസനത്തെ കുറിച്ചുള്ള പഠനം ആർട്ടിക് പ്രദേശത്തെ സമാനമായ സവിശേഷതകളെ കുറിച്ചുള്ള പഠനം സുഗമമമാക്കുന്നതായി ശാസ്ത്രജ്ഞനായ മൈക്കിലിഡ്സ് പറഞ്ഞു.
അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, ഗേറ്റ് വേ ടു ദ ഹെൽ എന്ന പെർമാഫ്രോസ്റ്റ് ഉരുകുന്നത് ഏതാണ്ട് അടിത്തട്ടിൽ എത്തിയതിനാൽ ഗർത്തം ആഴം കൂട്ടുകയാണ്. ഗ്ലേസിയോളജിസ്റ്റ് അലക്സാണ്ടർ കിസ്യാക്കോവ്, ഗർത്തത്തിന്‍റെ അളവ് ഓരോ വർഷവും ഏകദേശം 1 ദശലക്ഷം ക്യുബിക് മീറ്റർ വർദ്ധിച്ചതായിട്ടാണ് വ്യക്തമാക്കുന്നത്. ഗർത്തങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ച അടുത്തുള്ള ബറ്റഗേ നദിയെ ബാധിക്കുന്നു, ഇത് പ്രാദേശിക ആവാസ വ്യവസ്ഥകളെ ബാധിക്കുന്ന മണ്ണൊലിപ്പ് വർദ്ധിപ്പിക്കുന്നു. ഓരോ വർഷവും പുറന്തള്ളുന്ന പെർമാഫ്രോസ്റ്റിൽ 4000 മുതൽ 5000 ടൺ വരെ കാർബൺ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഈ സംഖ്യ കൂടുതൽ വർധിച്ച് കൂടുതൽ ഹരിതഗൃഹ വാതക ഉദ്‌വമനത്തിലേക്ക് നയിക്കും എന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.