ഹസീനയെ വിട്ടുകിട്ടണം; ബംഗ്ലാദേശ് ഇന്‍റർപോളിന്‍റെ സഹായം തേടും 
World

ഹസീനയെ വിട്ടുകിട്ടണം; ബംഗ്ലാദേശ് ഇന്‍റർപോളിന്‍റെ സഹായം തേടും

വംശഹത്യ, മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങൾ ഉൾപ്പടെ ഹസീനയ്ക്കും അവാമി ലീഗ് നേതാക്കൾക്കുമെതിരേ അറുപതിലേറേ കേസുകളാണു രജിസ്റ്റർ ചെയ്തിരിക്കുന്നത്

ധാക്ക: പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യയിൽ നിന്നു വിട്ടുകിട്ടാൻ ബംഗ്ലാദേശിലെ ഇടക്കാല ഭരണകൂടം ഇന്‍റർപോളിന്‍റെ സഹായം തേടും. ബംഗ്ലാദേശിലുണ്ടായ കലാപത്തിൽ 753 പേർ മരിക്കുകയും ആയിരക്കണക്കിനാളുകൾക്കു പരുക്കേൽക്കുകയും ചെയ്തതിൽ ഹസീനയും അന്നത്തെ ഭരണകൂടത്തിലെ പ്രമുഖരുമാണു പ്രതികളെന്നാരോപിച്ചാണു മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്‍റെ നീക്കം.

വംശഹത്യ, മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയവയുടെ പേരിൽ ഹസീനയ്ക്കും അവാമി ലീഗ് നേതാക്കൾക്കുമെതിരേ അറുപതിലേറെ കേസുകളാണു ബംഗ്ലാദേശിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വൈകാതെ ഇവർക്കെതിരേ ഇന്‍റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിക്കുമെന്നു ബംഗ്ലാ ഭരണകൂടത്തിലെ നിയമകാര്യ ഉപദേഷ്ടാവ് ആസിഫ് നസറുൾ പറഞ്ഞു. കുറ്റവാളികളായ ഫാസിസ്റ്റുകൾ ലോകത്ത് എവിടെ ഒളിച്ചാലും പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും നസറുൾ.

അതേസമയം, ഇന്‍റർ പോളിന്‍റെ റെഡ് നോട്ടീസ് അറസ്റ്റ് വോറന്‍റിനു തുല്യമല്ലെന്നു വിദഗ്ധർ. കുറ്റാരോപിതൻ എവിടെയുണ്ടെന്നു കണ്ടെത്താൻ ആഗോള നിയമപാലക ഏജൻസികളോടുള്ള അഭ്യർഥന മാത്രമാണ്. കണ്ടെത്തിയാൽ ഇവരെ കൈമാറുന്നതിനു ബന്ധപ്പെട്ട രാജ്യത്തോട് നിയമപരമായി അഭ്യർഥന നടത്തണം. എന്നാൽ, ഇന്ത്യയോട് ഉടൻ ഇക്കാര്യത്തിൽ അഭ്യർഥന നടത്തില്ലെന്ന് മുഹമ്മദ് യൂനുസ് കഴിഞ്ഞമാസം ഒരു ബ്രിട്ടിഷ് പത്രത്തോടു വിശദീകരിച്ചിരുന്നു. നയതന്ത്ര ബന്ധത്തിൽ സമ്മർദമുണ്ടാകുന്നത് ഒഴിവാക്കാനാണിതെന്നും യൂനൂസ്.

ജമാ അത്ത ഇസ്‌ലാമിയുൾപ്പെടെ സംഘടനകളുടെ പിന്തുണയോടെ നടന്ന രക്തരൂഷിത കലാപത്തെത്തുടർന്നാണു ഷെയ്ഖ് ഹസീനയ്ക്ക് അധികാരം നഷ്ടമായത്. കലാപകാരികൾ പ്രധാനമന്ത്രിയുടെ വസതിയിലേക്കുൾപ്പെടെ ഇരച്ചുകയറിയതോടെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്കു രക്ഷപെടുകയായിരുന്നു ഹസീന.

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

‌രണ്ടാം വിവാഹത്തിന് തടസമായി; അഞ്ചു വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ