ജക്കാർത്ത: മഴ കനത്തനാശം വിതച്ചതിനെ തുടർന്ന് മഴ നിയന്ത്രിക്കാൻ ക്ലൗഡ് സീഡിങ് നടത്തി ഇന്തൊനീഷ്യ. സുമാത്ര ദ്വീപിലുണ്ടായ മിന്നൽ പ്രളയത്തിൽ 67 പേർ മരിച്ചിരുന്നു. മാത്രമല്ല 20 ഓളം പേരെ കാണാതായിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം തടസത്തിലായിരുന്നു. മഴയുടെ ഗതിമാറ്റി പ്രശ്നബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനു വേണ്ടിയാണ് ക്ലൗഡ് സീഡിങ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.
വരും ദിവസങ്ങളിലും പടിഞ്ഞാറൻ സുമാത്രയിൽ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഒരാഴ്ചത്തോളം മഴ വീണ്ടും നീണ്ടു നിന്നേക്കുമെന്നും ഇന്തൊനീഷ്യൻ കലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രശ്ന ബാധിത പ്രദേശത്തേക്ക് മഴ മേഘങ്ങൾ എത്തുന്നതിന് മുൻപേ മേഘങ്ങൾ പെയ്ത് തീരുന്നതിനതിനായി വ്യോമസേന വിമാന മാർഗം രാസവസ്തുക്കൾ നിഷേപിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. ഇത്തരത്തിൽ ക്ലൗഡ് സീഡിങ് നടത്തുന്നതിനായി 15 ടൺ ഉപ്പ് സജ്ജമാക്കിയിട്ടുണ്ടെന്നും വ്യോമസേന സാങ്കേതിക ഏജൻസിയുമായി ചേർന്ന് ഒരു ടൺ സോഡിയം ക്ലോറൈഡ് അല്ലെങ്കിൽ ഉപ്പ് ഉപയോഗിച്ച് ബുധനാഴ്ച രണ്ട് റൗണ്ട് ക്ലൗഡ് സീഡിങ് നടത്തിയതായി അധികൃതർ അറിയിച്ചു.