ലണ്ടന്‍: തകര്‍ന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ച് യാത്രക്കാരുമായി അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലേക്കുപോയ ടൈറ്റന് അന്തര്‍വാഹിനിക്കായി തെരച്ചില്‍ തുടരുന്നതിനിടെ, ഓരോ മുപ്പതു മിനിറ്റിലും കടലിന്റെ അടിയില്‍ നിന്നു മുഴങ്ങുന്ന ശബ്ദം നേരിയ പ്രതീക്ഷ നൽകുന്നു. എന്നാൽ, അന്തര്‍വാഹനിയിലുള്ളവരെ സുരക്ഷിതമായി കണ്ടെത്താനും രക്ഷിക്കാനും ഇനി ഒരു ശതമാനം സാധ്യത മാത്രമാണ് .
ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ച് വെള്ളത്തിനടിയിലെ വസ്തുക്കളെ കണ്ടെത്താന്‍ ഉപയോഗിക്കുന്ന സോണാര്‍ യന്ത്രമാണ് അറ്റ്ലാന്റിക്കിന്റെ അടിയില്‍ നിന്നു ശബ്ദം പിടിച്ചെടുത്തത്. അന്തര്‍വാഹിനിയിലെ ഓക്സിജന്‍ തീരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, സമയത്തിനെതിരേ പോരാടി എത്രയും വേഗം അന്തര്‍വാഹിനി കണ്ടെത്തി സഞ്ചാരികളെ രക്ഷിക്കുക എന്നതാണു ദൗത്യലക്ഷ്യം.
കടലിന്റെ അടിയില്‍ നിന്ന് ആദ്യ ശബ്ദം പുറത്തുവന്നപ്പോള്‍ തന്നെ അന്തര്‍വാഹിനി കണ്ടെത്തുന്നതിനു വേണ്ടി കൂടുതല്‍ സോനാര്‍ യന്ത്രങ്ങള്‍ വിന്യസിച്ചു. ഇതിനു ശേഷവും ശബ്ദം മുഴങ്ങിക്കേട്ടിരുന്നു. എന്നാല്‍ എപ്പോഴാണ് ശബ്ദം കേട്ടതെന്നും എത്രനേരം നീണ്ടുനിന്നു എന്നതിലും വ്യക്തതയില്ലെന്നാണു റിപ്പോര്‍ട്ടുകള്‍. അന്തര്‍വാഹിനി കണ്ടെത്താനുള്ള ദൗത്യത്തില്‍ പങ്കാളിയായ പി-3 വിമാനമാണ് ഓരോ 30 മിനിറ്റിലും കടലിന്റെ അടിയില്‍ നിന്നു മുഴങ്ങുന്ന ശബ്ദം പിടിച്ചെടുത്തത്. ചൊവ്വാഴ്ച രാത്രിയും സമാനമായ നിലയില്‍ മുഴങ്ങുന്ന ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനു പുറമെ അന്തര്‍വാഹിനിയെ കണ്ടെത്തുന്നതിന് അണ്ടര്‍ വാട്ടര്‍ റോബോട്ടിന്റെ സേവനവും തേടിയിട്ടുണ്ട്.
വ്യാഴാഴ്ച 11 മണിയോടെ ടൈറ്റനിലെ ഓക്സിജന്‍ ശേഖരം തീരും. കനേഡിയന്‍ നാവികസേനയും അമെരിക്കന്‍ കോസ്റ്റ്ഗാര്‍ഡും ഇതുവരെ ഏകദേശം ഇരുപത്തി ആറായിരം ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തു തെരച്ചില്‍ നടത്തിക്കഴിഞ്ഞു. വിവിധ രാജ്യങ്ങള്‍ ചേര്‍ന്നു നടത്തുന്ന ലോകചരിത്രത്തിലെ ഏറ്റവും ദുഷ്കരമായ ദൗത്യങ്ങളിലൊന്നാണിത്.
അറ്റ്ലാന്റിക് സമുദ്രത്തില്‍ 3,800 മീറ്റര്‍ താഴ്ചയിലുള്ള ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനായി ഓഷ്യന്‍ ഗേറ്റ്സ് എക്സിപെഡിഷന്‍സ് സംഘടിപ്പിച്ച എട്ടു ദിവസത്തെ അന്തര്‍വാഹിനി യാത്രക്ക് 25,0000 ഡോളറാണ് (ഏകദേശം രണ്ടു കോടി രൂപ) ഒരാളുടെ ടിക്കറ്റ് തുക. ബ്രിട്ടീഷ് വ്യവസായി ഹമീഷ് ഹാര്‍ഡിങ് യാത്രക്കാരിലൊരാളാണ്. ടൈറ്റാനിക്കിന്റെ ഭാഗങ്ങള്‍ കാണാനായി, ഞായറാഴ്ച യാത്ര തിരിക്കുകയാണെന്നു അമ്പത്തിയെട്ടുകാരനായ അദ്ദേഹം അറിയിച്ചിരുന്നു. പാകിസ്ഥാനില്‍ നിന്നുള്ള വ്യവസായി ഷഹസാദ് ദാവൂദും മകന് സുലേമാനും ഓഷ്യന്‍ഗേറ്റിന്റെ സിഇഒ സ്റ്റോക്റ്റോണ്‍ റഷ്, ഫ്രഞ്ച് പൈലറ്റ് നാര്‍ജിയോലെറ്റ് എന്നിവരും അന്തര്‍വാഹിനിയിലുണ്ട്.