വാഷിങ്ടൺ: ദീപശിഖ പുതുതലമുറയ്ക്ക് കൈമാറുകയാണെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. പ്രസിഡന്‍റ് സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് രാജ്യത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു ബൈഡൻ. രാജ്യത്തെ ഒരുമിച്ച് നിർത്താനുള്ള മികച്ച വഴി അതാണെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റ് സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതിനു ശേഷം മൂന്നു ദിവസങ്ങൾ കഴിഞ്ഞാണ് ബൈഡൻ രാജ്യത്തെ അഭിമുഖീകരിച്ച് സംസാരിച്ചത്. ഭാര്യ ഡോ. ജിൽ ബൈഡൻ, കുടുംബാംഗങ്ങൾ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
രാജ്യം മുന്നോട്ട് പോകണോ പുറകോട്ട് പോകണോ എന്നു ജനങ്ങൾ തെരഞ്ഞെടുക്കേണ്ട സമയമാണിപ്പോൾ. വെറുപ്പും വേണോ പ്രതീക്ഷ വേണേ, ഐക്യം വേണോ ഭിന്നിപ്പ് വേണോ എന്നെല്ലാം തീരുമാനിക്കേണ്ട സമയം.
നാം ഇപ്പോഴും ആത്മാർഥതയിൽ, മാന്യതയിൽ, ബഹുമാനത്തിൽ, സ്വാതന്ത്ര്യത്തിൽ, നീതിയിൽ, ജനാധിപത്യത്തിൽ വിശ്വസിക്കുന്നുണ്ടോ എന്ന് തീരുമാനിക്കേണ്ടിയിരിക്കുന്നു. നമ്മോട് എതിർപ്പ് പ്രകടിപ്പിക്കുന്നവർ ശത്രുക്കളല്ല, അവരും അമേരിക്കൻ പൗരന്മാരാണെന്നും അദ്ദേഹം പറഞ്ഞു.