Justin Trudeau | Narendra Modi 
World

നിജ്ജാർ വധം ഉയർത്തിയ നയതന്ത്ര വീഴ്ചകൾ

ഖാലിസ്ഥാൻ ഭീകരനേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ വധത്തോടെ ഇന്ത്യ-ക്യാനഡ ഉന്നത നയതന്ത്ര ബന്ധം തന്നെ തകർന്നടിഞ്ഞു. ഇരു രാജ്യങ്ങളും തങ്ങളുടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ക്യാനഡ ഇന്ത്യയുടെ ഉന്നത നയതന്ത്രജ്ഞനെ പുറത്താക്കിയ തോടെയാണ് ഏറ്റവും പുതിയ സംഘർഷം ആരംഭിച്ചത്. പുറത്താക്കലിനൊപ്പം മറ്റ് അഞ്ച് ഇന്ത്യൻ നയതന്ത്രജ്ഞരോടും രാജ്യം വിടാൻ ആവശ്യപ്പെട്ടു. ഇതിന് പ്രതികാരമായി ക്യാനഡയുടെ ചുമതലയുള്ള ഹൈക്കമ്മീഷണറെയും അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യയും പുറത്താക്കി.

ഈ ആരോപണങ്ങളെ ശക്തമായി നിഷേധിച്ച ഇന്ത്യ അവയെ "അസംബന്ധം" എന്നും രാജ്യത്തിന്‍റെ ആഗോള പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ള വിശാലമായ രാഷ്ട്രീയ തന്ത്രത്തിന്‍റെ ഭാഗമെന്നുമാണ് വിശേഷിപ്പിച്ചത്. ഇപ്പോൾ ക്യാനഡയിൽ ട്രൂഡോ വിരുദ്ധ വികാരം ആളിക്കത്തിക്കുകയാണ്.ട്രൂഡോയുടെ കണക്കു കൂട്ടലുകൾക്ക് തിരിച്ചടിയാകുകയാണ് ഇപ്പോൾ നിജ്ജാർ വധവും ട്രൂഡോയുടെ ഭാഗത്തു നിന്നുണ്ടായ നയതന്ത്ര വീഴ്ചയും.

ഇന്ത്യയ്ക്കെതിരെ രേഖകളുണ്ടെന്ന് ആവർത്തിക്കുന്നതല്ലാതെ അത് എന്ത് എന്ന് ഇതുവരെയും ട്രൂഡോയ്ക്കോ അദ്ദേഹത്തിന്‍റെ ലിബറൽ പാർട്ടിക്കോ സാധിച്ചിട്ടില്ല. 2021 ൽ ട്രൂഡോയുടെ ലിബറൽ പാർട്ടി മൂന്നാം തവണയും അധികാരമേറ്റിരുന്നു. എന്നാൽ അത് സുശക്തമായ ഒരു വിജയമെന്നു പറയാനാവില്ല. 338 അംഗ കനേഡിയൻ പാർലമെന്‍റിൽ കേവല ഭൂരിപക്ഷത്തിനു വേണ്ട 170 സീറ്റ് ട്രൂഡോയുടെ പാർട്ടിക്ക് ഉണ്ടായിരുന്നില്ല. വെറും 154 സീറ്റു മാത്രമാണ് ട്രൂഡോയുടെ പാർട്ടിക്ക് ഉണ്ടായിരുന്നത്. അന്നു സർക്കാർ രൂപീകരിക്കാൻ ട്രൂഡോയെ സഹായിച്ചത് ക്യാനഡയിലെ ഖാലിസ്ഥാൻ നേതാവ് ജഗ് മീത് സിങിന്‍റെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് പാർട്ടിയായിരുന്നു. 24 സീറ്റിൽ വിജയിച്ച എൻഡിപി ലിബറൽ പാർട്ടിക്ക് പുറത്തു നിന്നു പിന്തുണ നൽകി. അവിശ്വാസ പ്രമേയമുണ്ടായാൽ ലിബറൽ പാർട്ടിയുടെ സർക്കാരിനെ പിന്തുണയ്ക്കാം എന്നതായിരുന്നു അവർ തമ്മിലുണ്ടായിരുന്ന ധാരണ. എന്നാൽ കഴിഞ്ഞ സെപ്റ്റംബറില്‍ എന്‍ഡിപി ആ പിന്തുണ പിന്‍വലിച്ചതാണ് ട്രൂഡോയുടെ മോഹങ്ങൾക്ക് പൊള്ളലേൽപിച്ചത്.

പ്രത്യക്ഷത്തിൽ ക്യാനഡയിലെ വിലക്കയറ്റം കാരണമാണ് പിന്തുണ പിൻവലിച്ചതെന്ന് പറഞ്ഞെങ്കിലും യാഥാർഥ്യം മറ്റൊന്നാണെന്ന് ജഗ് മീത് സിങ് വ്യക്തമാക്കിയിട്ടുണ്ട്. ജനപ്രീതി നഷ്ടപ്പെട്ട ട്രൂഡോയ്ക്ക് ഇനിയൊരു തിരിച്ചു വരവില്ലെന്ന നിരീക്ഷണവും അടുത്ത തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു ക്യാനഡയുടെ ഭാവി നിര്‍ണയിക്കാനാകുംവിധം ശക്തമായി എന്‍ഡിപി വളര്‍ന്നു കഴിഞ്ഞെന്നും ജഗ്മീത് സിങ് അവകാശപ്പെട്ടു കഴിഞ്ഞു.

അത് ട്രൂഡോയ്ക്ക് ചില്ലറ തലവേദനയല്ല ഉണ്ടാക്കിയിരിക്കുന്നത്. സത്യത്തിൽ 2025 ഒക്റ്റോബർ വരെയുള്ള ഭരണകാലാവധി തികയ്ക്കാനാവുമോ എന്ന ആശങ്കയിലാണ് ക്യാനഡയിലെ ട്രൂഡോ ഭരണകൂടം. വരുന്ന ഒക്റ്റോബറിലാണ് ക്യാനഡയിൽ തെരഞ്ഞെടുപ്പ്.വരുന്ന തെരഞ്ഞെടുപ്പിൽ വിജയം അത്ര എളുപ്പമല്ലെന്ന് ട്രൂഡോയ്ക്ക് നന്നായി അറിയാം.ഏതു നിമിഷവും താഴെ വീഴുമെന്ന ഈ അവസ്ഥയാണ് ഖാലിസ്ഥാൻ വാദികളെ പ്രീതിപ്പെടുത്താനുള്ള ട്രൂഡോയുടെ അന്ധമായ പ്രവർത്തനങ്ങൾക്കു പിന്നിൽ.

ക്യാനഡയുടെ സമ്പൂർണ ജനസംഖ്യയില്‍ 2.1 ശതമാനം സിഖ് വംശജരാണ്.

7,70,000ത്തിലേറെയാണ് ഈ ജനസംഖ്യ.ഈ സിഖ് ജനതയുടെ വോട്ടിലാണ് ട്രൂഡോയുടെ കണ്ണ്. പഞ്ചാബിനു പുറത്ത് ഏറ്റവും കൂടുതല്‍ സിഖ് വംശജരുള്ള വിദേശ രാജ്യവും ക്യാനഡയാണ്. അതുകൊണ്ടുതന്നെ ഖലിസ്ഥാന്‍ വാദികള്‍ക്കും കനേഡിയന്‍ മണ്ണില്‍ കാര്യമായ വേരോട്ടമുണ്ട്. രണ്ട് പ്രധാന ഖലിസ്ഥാന്‍ സംഘടനകളായ സിഖ്‌സ്ഫൊർ ജസ്റ്റിസ്, ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് എന്നിവയുടെ പ്രധാന പ്രവര്‍ത്തനകേന്ദ്രവും ക്യാനഡയാണ്. അതിൽ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്‍റെ ക്യാനഡയിലെ നേതാവായിരുന്നു കൊല്ലപ്പെട്ട നിജ്ജാര്‍.

നിജ്ജര്‍ വധവുമായി ബന്ധപ്പെട്ട് കരന്‍പ്രീത് സിങ്, കമല്‍പ്രീത് സിങ്, കരന്‍ ബ്രാര്‍, അമന്‍ദീപ് സിങ് എന്നീ ഇന്ത്യക്കാരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഇവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധമുണ്ടെന്നു തെളിവില്ല .നിജ്ജാര്‍ വധമടക്കം ക്യാനഡയുടെ ഒരു ആരോപണങ്ങളും തെളിയിക്കുന്ന രേഖകളൊന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. തെളിവുകള്‍ ലഭിച്ചാല്‍ അതില്‍ അന്വേഷണം നടത്താതെ ഇന്ത്യ മാറി നില്‍ക്കില്ലെന്നതിനു മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നു. യുഎസ് പൗരനായ സിഖ് വിഘടനവാദി നേതാവ് ഗുർപട്വന്ത് സിങ് പന്നുവിനെ ഇന്ത്യക്കാരനായ നിഖില്‍ ഗുപ്ത വധിക്കാന്‍ ശ്രമിച്ചതില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന യുഎസിന്‍റെ ആരോപണത്തില്‍ ഇന്ത്യയുടെ നടപടികള്‍ ഇതിനു തെളിവാണ്. ആരോപണം നിഷേധിച്ച ഇന്ത്യ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ സമിതിയെ നിയോഗിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് അടുത്ത തെരഞ്ഞെടുപ്പു വരെ പിടിച്ചു നിൽക്കാനുള്ള കിടക്കാനുള്ള ട്രൂഡോയുടെ ഖാലിസ്ഥാനി പ്രീണന രാഷ്ട്രതന്ത്രം.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്