പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും File photo
World

റഷ്യ - യുക്രെയ്ൻ മധ്യസ്ഥതയ്ക്ക് മോദി; അജിത് ഡോവൽ മോസ്കോയിലേക്ക്

ന്യൂഡൽഹി: രണ്ടര വർഷമായി തുടരുന്ന റഷ്യ - യുക്രെയ്ൻ സംഘർഷം പരിഹരിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യസ്ഥത വഹിച്ചേക്കും. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇരു രാജ്യങ്ങളും സന്ദർശിച്ച മോദി, യുക്രെയ്ൻ പ്രസിഡന്‍റ് വോലോദിമിർ സെലൻസ്കിയുമായും റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനുമായും ചർച്ചകൾ നടത്തിയിരുന്നു.

സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു തൊട്ടു പിന്നാലെ, ഓഗസ്റ്റ് 27ന് മോദി പുടിലുമായി ടെലിഫോണിലും സംസാരിച്ചിരുന്നു. യുക്രെയ്ൻ സന്ദർശനത്തെക്കുറിച്ച് മോദി ഈ സംഭാഷണത്തിൽ വിശദീകരിച്ചിരുന്നു എന്നും, റഷ്യ - യുക്രെയ്ൻ സംഘർഷം രാഷ്ട്രീയ - നയതന്ത്ര മാർഗങ്ങളിലൂടെ പരിഹരിക്കുന്നതിന് ഇന്ത്യക്കുള്ള താത്പര്യം അറിയിച്ചിരുന്നു എന്നും റഷ്യൻ എംബസി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

സമാധാന ചർച്ചകൾക്ക് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ നിയോഗിക്കാൻ ഈ ഫോൺ സംഭാഷണത്തിലാണ് ധാരണയായത് എന്നാണ് വിവരം. ഡോവൽ ഈയാഴ്ച തന്നെ മോസ്കോയിലേക്ക് തിരിക്കുമെന്നും സൂചന.

യുക്രെയ്ന്‍റെയും ആ രാജ്യത്തിന്‍റെ പാശ്ചാത്യ സഖ്യരാജ്യങ്ങളുടെയും വിനാശകരമായ നയങ്ങളെക്കുറിച്ച് മോദിയെ പുടിൻ ധരിപ്പിച്ചിട്ടുണ്ടെന്നാണ് റഷ്യൻ എംബസി പറയുന്നത്. റഷ്യ - യുക്രെയ്ൻ സംഘർഷത്തെക്കുറിച്ച് മോദിയും പുടിനും ചർച്ച നടത്തിയതായി ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫിസും സ്ഥിരീകരിച്ചു.

കഴിഞ്ഞ മാസത്തെ യുക്രെയ്ൻ സന്ദർശനത്തിൽ സെലൻസ്കിയുമായും മോദി ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. ''ഇന്ത്യ ഒരിക്കലും നിഷ്പക്ഷമായിരുന്നിട്ടില്ല, എപ്പോഴും സമാധാനത്തിന്‍റെ പക്ഷം പിടിക്കുകയാണ് ചെയ്തിട്ടുള്ളത്'' എന്നാണ് ഈ ചർച്ചയ്ക്കു ശേഷം മോദി പ്രതികരിച്ചത്.

റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനൊപ്പം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.

യു‌ക്രെയ്ൻ സംഘർഷവുമായി ബന്ധപ്പെട്ട് തങ്ങൾ നിരന്തര സമ്പർക്കം പുലർത്തുന്ന മൂന്ന് രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് പുടിനും നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. ചൈനയും ബ്രസീലുമാണ് മറ്റു രണ്ടു രാജ്യങ്ങൾ.

പ്രശ്നം പരിഹരിക്കാൻ ഇന്ത്യയുടെയോ ചൈനയുടെയോ മധ്യസ്ഥതയ്ക്കു സാധിക്കുമെന്ന് മറ്റു പല ലോക നേതാക്കളും നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുക്രെയ്ൻ പ്രസിഡന്‍റ് വോലോദിമിർ സെലൻസ്കിയും.

യുക്രെയ്നിൽ റഷ്യ അധിനിവേശം നടത്തിയപ്പോൾ പാശ്ചാത്യ രാജ്യങ്ങൾ ഒന്നടങ്കം യുക്രെയ്നു പിന്നിൽ അണിനിരക്കുകയും റഷ്യക്കു മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ത്യ ഇരു രാജ്യങ്ങളെയും പിന്തുണയ്ക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്കു മേൽ ഏർപ്പെടുത്തിയ ഉപരോധത്തോടും ഇന്ത്യ സഹകരിക്കുന്നില്ല.

ഷിരൂരിൽ മൂന്നാംഘട്ട തെരച്ചിൽ; അവസാന പ്രതീക്ഷയെന്ന് കർവാർ എംഎൽഎ

മകളെ ശല്യപ്പെടുത്തിയെന്നാരോപിച്ച് 19കാരനെ കുത്തിക്കൊന്നു, പിതാവ് സ്റ്റേഷനിലെത്തി കീഴടങ്ങി

ഡൽഹി മുഖ്യമന്ത്രി പദത്തിലേക്ക് അതിഷി; ലളിതമായി സത്യപ്രതിജ്ഞ

തൃശൂർ പൂരം വിവാദം: അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങി എഡിജിപി

ബിഎസ്എഫ് ജവാന്മാർ സഞ്ചരിച്ച ബസ് 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; 3 മരണം, നിരവധി പേർക്ക് പരുക്ക്