Israel- Hamas agreed A temporary truce deal 
World

ഇസ്രയേല്‍- ഹമാസ് യുദ്ധത്തിന് താൽക്കാലിക വിരാമം; വെടിനിര്‍ത്തൽ കരാറിന് അംഗീകാരം

കരാറിന്‍റെ അര്‍ഥം യുദ്ധം അവസാനിച്ചുവെന്നല്ലെന്ന് നെതന്യാഹു

ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് താൽക്കാലിക വിരാമമാകുന്നു. വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായി. 4 ദിവസത്തേക്ക് വെടിനിര്‍ത്തലിനാണ് ധാരണയായത്. ഖത്തറിന്‍റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് കളമൊരുങ്ങിയത്. വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.

കരാര്‍ പ്രകാരം ആദ്യഘട്ടത്തില്‍ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. സ്ത്രീകളെയും കുട്ടികളെയുമാകും മോചിപ്പിക്കുക. പകരം തങ്ങളുടെ ജയിലുകളില്‍ കഴിയുന്ന 150 പലസ്തീന്‍ സ്ത്രീകളെയും 19 വയസിന് താഴെയുള്ളവരെയും മോചിപ്പിക്കും. ഗാസ മുനമ്പിലെ എല്ലാ മേഖലകളിലും മാനുഷിക സഹായവും വൈദ്യസഹായവും ഇന്ധന സഹായവും അനുവദിക്കും.

വെടിനിര്‍ത്തല്‍ കാലയളവില്‍, ആരെയും ആക്രമിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. എന്നാൽ ബന്ദികളെ മോചിപ്പിക്കുന്നതിൽ ഏതെങ്കിലും തരത്തിൽ നടപ്പാകാതെ വന്നാൽ വെടിനിർത്തൽ കരാറിൽ നിന്നും പിൻവാങ്ങുമെന്നും യുദ്ധം പുനരാരംഭിക്കുമെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം, കരാറിന്‍റെ അര്‍ഥം യുദ്ധം അവസാനിച്ചുവെന്നല്ല എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഹമാസിന്‍റെ ഉന്മൂലനം പൂര്‍ത്തിയാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിൽ 5,500-ലധികം കുട്ടികൾ ഉൾപ്പെടെ 14,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

'ഫെന്‍ഗല്‍' ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്, കേരളത്തിലും ജാഗ്രതാ നിർദേശം

കൊല്ലത്ത് വയോധികയ്ക്ക് നേരെ ആക്രമണം

താക്കോൽ മറന്നു; വിഴിഞ്ഞത്ത് മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

കോഴിക്കോട് തെരുവ് നായ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരുക്ക്

ജപ്പാനില്‍ രണ്ടിടത്ത് ഭൂചലനം