Israel-Hamas ceasefire truce deal extended to Friday 
World

ഇസ്രയേൽ- ഹമാസ് ധാരണ വൈകുന്നു; വെടിനിർത്തൽ വെള്ളിയാഴ്ചയിലേക്ക് നീട്ടി

ഖാൻ യൂനിസ്: ഇസ്രയേലും ഹമാസുമായുള്ള നാലു ദിവസത്തെ വെടിനിർത്തൽ കരാറിന്‍റെ നടപ്പാക്കൽ അനിശ്ചിതമായി നീളുന്നു. വ്യാഴാഴ്ച രാവിലെ ഹമാസ് ബന്ദികളെ വിട്ടയയ്ക്കുമെന്നും ഇതിനു മറുപടിയായി ഇസ്രയേൽ തടവിലുള്ള പലസ്തീനികളെ വിട്ടയയ്ക്കുമെന്നുമാണ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. എന്നാൽ, ഈ സമയപരിധി അവസാനിച്ചിട്ടും ഇരുപക്ഷവും നടപടികളിലേക്ക് കടന്നില്ല. സാങ്കേതിക പ്രശ്നങ്ങളാണ് ഇരുപക്ഷവും ഉന്നയിക്കുന്നതെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കരാർ പ്രകാരം നടപടികൾക്ക് സാവകാശം വേണമെന്നും ഇന്നു തുടങ്ങിയേക്കുമെന്നും ഇസ്രയേൽ ഉദ്യോഗസ്ഥൻ അറിയിച്ചു. ഖത്തറും ഈജിപ്റ്റും യുഎസും നടത്തിയ മധ്യസ്ഥ ചർച്ചകളെത്തുടർന്നാണ് നാലു ദിവസത്തേക്ക് ആക്രമണം നിർത്തിവയ്ക്കാൻ ഇസ്രയേൽ സമ്മതിച്ചത്. ബന്ദികളാക്കിയ 50 പേരെ ഹമാസും ജയിലിലുള്ള 150 പലസ്തീനികളെ ഇസ്രയേലും വിട്ടയയ്ക്കുമെന്നാണു കരാർ. ബന്ദികളിൽ ഓരോ പത്തു പേരെയും അധികമായി മോചിപ്പിക്കുമ്പോൾ ഓരോ ദിവസം വെടിനിർത്തൽ നീട്ടുമെന്നും ധാരണയിലുണ്ട്.

ചർച്ചകൾ തുടരുകയാണെന്ന് ഇസ്രയേൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനേബി പറഞ്ഞു. കൃത്യമായ സമയം ഉടൻ തീരുമാനിക്കുമെന്നു ഖത്തറും വ്യക്തമാക്കി.

അതേസമയം, ഗാസയിൽ മരണം 13,300 പേരായി ഉയർന്നെന്ന് ഹമാസ് നിയന്ത്രിത ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. വടക്കൻ ഗാസയിലെ ആശുപത്രികളിൽ നിന്നുള്ള മരണം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഹമാസ്. 6000 പേരെ കാണാതായിട്ടുണ്ട്. ഇവർ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിലുണ്ടെന്നാണു കരുതുന്നതെന്നും ഹമാസ് പറഞ്ഞു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു