ജറൂസലം: ഹമാസിനെതിരായ യുദ്ധം 30 ദിവസത്തിലെത്തി നിൽക്കെ ഗാസയിൽ ആണവായുധം പ്രയോഗിക്കുന്നതിനെ അനുകൂലിച്ച് ഇസ്രേലി മന്ത്രി. തീവ്ര വലതുപക്ഷ പാർട്ടി ഓട്സ്മ യെഹൂദിത്തിന്‍റെ പ്രതിനിധിയും ജറൂസലം- പൈതൃകകാര്യ മന്ത്രിയുമായ അമിഹായ ഏലിയാഹുവാണ് വിവാദ പരാമർശം നടത്തിയത്. തുടർന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഏലിയാഹുവിനെ മന്ത്രിസഭയിൽ നിന്നു പുറത്താക്കി.
ഒരു റേഡിയോ പരിപാടിയിലായിരുന്നു ഏലിയാഹുവിന്‍റെ പരാമർശം. ഗാസയിൽ ആണവായുധം പ്രയോഗിക്കുമോ എന്ന ചോദ്യത്തിന് അതുമൊരു സാധ്യതയാണെന്നായിരുന്നു മറുപടി. എന്നാൽ, ഏലിയാഹു സുരക്ഷാ മന്ത്രിസഭയിൽ അംഗമല്ലെന്നു നെതന്യാഹു വ്യക്തമാക്കി.
യുദ്ധകാര്യങ്ങൾ തീരുമാനിക്കുന്ന മന്ത്രിസഭയുടെ തീരുമാനങ്ങളിലും അദ്ദേഹത്തിന് സ്വാധീനമില്ലെന്നു പറഞ്ഞ നെതന്യാഹു വിവാദ പ്രസ്താവനയുടെ പേരിൽ ഏലിയാഹുവിനെ സസ്പെൻഡ് ചെയ്തു. ഇസ്രയേൽ ഉത്തരവാദിത്വമുള്ള രാജ്യമാണെന്നും രാജ്യാന്തര നിയമങ്ങൾ പാലിച്ചു മാത്രമേ സൈനിക നടപടി മുന്നോട്ടുപോകൂ എന്നും നെതന്യാഹു അറിയിച്ചു.