ഗാസ: ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം ഗാസയിലേക്ക് ആദ്യമായി ഇന്ധനമെത്തി. സൈനിക ആവശ്യങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഹമാസ് ഇന്ധനം ഉപയോഗിച്ചേക്കുമെന്ന ആശങ്കയില്‍ ഇന്ധനം വഹിക്കുന്ന ട്രക്കുകള്‍ക്ക് ഇതേവരെ പ്രവേശനാനുമതി നല്‍കിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഈജിപ്റ്റിലെ വഫ അതിര്‍ത്തിയിലൂടെ ഇന്ധനം വഹിക്കുന്ന ട്രക്ക് ഗാസയില്‍ പ്രവേശിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനായി യുഎന്‍ അധികൃതര്‍ക്കാണ് ഇന്ധനം കൈമാറിയിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ 24,000 ലിറ്റര്‍ ഡീസലാണ് ഗാസയില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ഇത് അവശ്യമായതിന്റെ 9 ശതമാനം മാത്രമേയുള്ളൂ എന്ന് യുഎന്‍ വക്താവ് അറിയിച്ചു. ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കൂടുതല്‍ ഇന്ധനം ആവശ്യമുണ്ടെന്നും യുഎന്‍ അറിയിച്ചു. എന്നാല്‍ ഈ ഇന്ധനം ആശുപത്രികളിലെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കരുതെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ധനം ലഭിക്കാതെയായാല്‍ ഗാസയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ടി വരുമെന്ന് യുഎന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.