മൂന്നാമതൊരു ലോകമഹായുദ്ധം നടക്കാതിരിക്കാനുള്ള ചർച്ചകളിലാണ് ലോകനേതാക്കൾ. മിഡിൽ ഈസ്റ്റിലെ സംഭവ വികാസങ്ങൾ ചർച്ച ചെയ്യാൻ അമെരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ തന്‍റെ ദേശീയ സുരക്ഷാ ടീമിന്‍റെ യോഗം വിളിച്ചിട്ടുണ്ട്. ഇസ്രയേലിനെതിരെ ഇറാന്‍റെ ആക്രമണം ആസന്നമാണെന്ന് അമെരിക്ക വിശ്വസിക്കുന്നതായാണ് വൈറ്റ് ഹൗസ് അറിയിച്ചത്.
ജി-7 രാജ്യങ്ങൾ ഈ യുദ്ധത്തിൽ പങ്കെടുക്കുന്നത് ഒഴിവാക്കാൻ യുഎസ്, ഫ്രാൻസ്, ബ്രിട്ടൻ, ഇറ്റലി, ഈജിപ്റ്റ് എന്നിവയുൾപ്പടെയുള്ള പങ്കാളികൾ തുടരുന്ന നയതന്ത്ര ബന്ധങ്ങൾക്കിടയിൽ ജോർദാൻ വിദേശകാര്യമന്ത്രി അയ്മാൻ സഫാദി ഇറാൻ സന്ദർശിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെ ജോർദാനിലെ അബ്ദുള്ള രാജാവുമായും ബൈഡൻ സംസാരിക്കുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്.
വരുന്ന നാൽപത്തെട്ടു മണിക്കൂറിനുള്ളിൽ ഇസ്രയേലിനെതിരായ ഇറാൻ ആക്രമണം ആരംഭിക്കുമെന്നു തന്നെയാണ് വിശ്വസിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ളിങ്കൻ ഞായറാഴ്ച ജി-7 രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികളോടു പറഞ്ഞു.
എന്നാൽ, ഒരു പ്രതിരോധ നടപടി എന്ന നിലയിൽ ഇറാനെ ആക്രമിക്കുന്നതിനുള്ള ഓപ്ഷനും നെതന്യാഹുവുമായി ചർച്ച ചെയ്തതായി വൈനെറ്റ് ന്യൂസ് സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, ടെഹ്‌റാൻ ആക്രമണം നടത്താൻ പോകുന്നുവെന്ന് സ്ഥിരീകരിച്ച് ഇസ്രായേലിന് കൃത്യമായ രഹസ്യാന്വേഷണ വിവരം ലഭിച്ചാൽ മാത്രമേ ഇത്തരമൊരു നീക്കത്തിന് അംഗീകാരം ലഭിക്കൂ എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഒക്‌ടോബർ 7 മുതൽ ഹമാസ് ഇസ്രായേൽ അതിർത്തി കടന്നുള്ള ആക്രമണം അഴിച്ചുവിട്ടപ്പോൾ, ഏകദേശം 1,200 ഇസ്രയേലികളെ ഭീകരർ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേൽ സർക്കാർ പറയുന്നത്. 251 പേരെ ബന്ദികളാക്കി. അപ്പോൾ മുതൽ ഉണ്ടായ പ്രക്ഷുബ്ധതയാണ് ഷുക്കൂർ-ഹനിയ വധങ്ങളിൽ എത്തിച്ചത്.