ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി 
World

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

പേജർ സ്ഫോടന പരമ്പരയ്ക്കു പിന്നാലെ ലെബനനിൽ ഹിസ്ബുള്ള നേതാക്കളെ വോക്കി ടോക്കി സ്ഫോടനങ്ങൾ

ബെയ്റൂട്ട്: പേജർ സ്ഫോടന പരമ്പരയ്ക്കു പിന്നാലെ ലെബനനിൽ ഹിസ്ബുള്ള സംഘടനയുടെ നേതാക്കളെ ലക്ഷ്യമിട്ട് വീണ്ടും സ്ഫോടന പരമ്പര. ഇക്കുറി ഇവർ ഉപയോഗിക്കുന്ന വോക്കി ടോക്കികളാണ് പൊട്ടിത്തെറിച്ചത്. പേജർ സ്ഫോടനത്തിൽ മരിച്ചവരുടെ സംസ്കാരച്ചടങ്ങിനിടെയാണ് പുതിയ സ്ഫോടനം.

പേജർ സ്ഫോടനങ്ങളിൽ 12 പേർ മരിച്ചതിനു പിന്നാലെ വോക്കി ടോക്കി സ്ഫോടനങ്ങളിൽ മൂന്നു പേരും മരിച്ചു. നൂറിലേറെ പേർക്കു പരുക്കുമുണ്ട്. പേജർ സ്ഫോടനത്തിൽ മൂവായിരത്തിലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

‌ബെയ്റൂട്ടിന്‍റെ തെക്കൻ പ്രദേശത്തായിരുന്നു ആദ്യ വോക്കി ടോക്കി സ്ഫോടനം. പിന്നീട് രാജ്യത്തിന്‍റെ മറ്റിടങ്ങളിലും സമാന സംഭവം സ്ഥിരീകരിച്ചു.

ഹിസ്ബുള്ളയുൾപ്പെടെ മേഖലയിൽ ഇസ്രയേലിനോടു യുദ്ധം ചെയ്യുന്ന സായുധ വിഭാഗങ്ങളെല്ലാം ഇതോടെ കൂടുതൽ പരിഭ്രാന്തിയിലായി. ഇവയെ പിന്തുണയ്ക്കുന്ന ഇറാനെയും നടുക്കിയിട്ടുണ്ട് പേജർ, വോക്കിടോക്കി സ്ഫോടനങ്ങൾ.

ഇസ്രേലി രഹസ്യാന്വേഷണ ഏജൻസി മൊസാദാണ് ആക്രമണത്തിനു പിന്നിലെന്നു ലെബനനും ഹിസ്ബുള്ള നേതൃത്വവും ആരോപിച്ചു. എന്നാൽ, ഇസ്രയേൽ പ്രതികരിച്ചില്ല. തങ്ങൾക്ക് ഇക്കാര്യത്തിൽ പങ്കോ അറിവോ ഇല്ലെന്നു യുഎസ്.

ചൊവ്വാഴ്ച രാത്രിയാണു ലെബനനിൽ ആയിരക്കണക്കിനു പേജറുകൾ ഒരേ സമയം പൊട്ടിത്തെറിച്ചത്. ഹിസ്ബുള്ളയുമായി ബന്ധമുള്ളവരാണ് മരിച്ചവരും പരുക്കേറ്റവരും.

കഴിഞ്ഞ വർഷം ഒക്റ്റോബർ എട്ടിന് ഹമാസ് നടത്തിയ ആക്രമണത്തിന് ഇസ്രയേൽ തിരിച്ചടി ആരംഭിച്ചതോടെയാണ് ഹിസ്ബുള്ളയും ജറൂസലമിനെതിരേ ആക്രമണം രൂക്ഷമാക്കിയത്. പ്രകോപിപ്പിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രയേൽ മുന്നറിയിപ്പു നൽകിയിരുന്നു.

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി