മാലദ്വീപ് പാർലമെന്‍റിനുള്ളിൽ ഭരണ - പ്രതിപക്ഷ എംപിമാർ ഏറ്റുമുട്ടിയപ്പോൾ. 
World

മാലദ്വീപ് പാർലമെന്‍റിൽ കൈയാങ്കളി; എംപിക്ക് പരുക്ക് | Video

മാലെ: പ്രസിഡന്‍റ് മുഹമ്മദ് മുയ്‌സുവിന്‍റെ മന്ത്രിസഭയിലെ നാല് അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത മാലദ്വീപ് പാർലമെന്‍റ് സമ്മേളനത്തിൽ ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൈയാങ്കളി. പാർലമെന്‍റംഗങ്ങൾ പരസ്പരം മർദിക്കുന്നതും തൊഴിക്കുന്നതും തള്ളിവീഴ്ത്തുന്നതുമുൾപ്പെടെ ദൃശ്യങ്ങൾ പുറത്തുവന്നു. പരുക്കേറ്റ ഒരു എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ത്യയുമായുള്ള നയതന്ത്ര ഭിന്നതയ്ക്കിടെ പ്രസിഡന്‍റ് മുയ്‌സുവിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണു പുതിയ സംഭവം.

മാലദ്വീപിന്‍റെ ഭരണഘടനപ്രകാരം മന്ത്രിമാരുടെ നിയമനത്തിനു പാർലമെന്‍റ് അംഗീകാരം ആവശ്യമാണ്. 22 മന്ത്രിമാരാണു മാലദ്വീപിലുള്ളത്. ഇവരിൽ 18 പേർക്ക് സഭ അംഗീകാരം നൽകി. അവശേഷിക്കുന്ന 4 പേരുടെ അംഗീകാരത്തിനുള്ള ശ്രമാണു കൈയാങ്കളിയിൽ കലാശിച്ചത്.

മുൻ പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്‍റെ മാലദ്വീപ് ഡെമൊക്രറ്റിക് പാർട്ടിക്കാണു (എംഡിപി) പാർലമെന്‍റിൽ ഭൂരിപക്ഷം. നാല് മന്ത്രിമാരുടെ അംഗീകാരം സംബന്ധിച്ച പ്രമേയത്തിന് അംഗീകാരം നൽകാൻ എംഡിപി വിസമ്മതിച്ചു. ഇതിനു പിന്നാലെ എംഡിപി അംഗങ്ങൾ സഭയുടെ നടുത്തളത്തിലേക്കിറങ്ങുന്നത്, പ്രസിഡന്‍റ് മുയ്‌സുവിന്‍റെ പാർട്ടിയായ പീപ്പിൾസ് നാഷണൽ കോൺഗ്രസിന്‍റെയും (പിഎൻസി) സഖ്യകക്ഷിയായ പ്രോഗ്രസീവ് പാർട്ടി ഒഫ് മാലദ്വീപിന്‍റെയും (പിപിഎം) അംഗങ്ങൾ ചേർന്ന് തടഞ്ഞതോടെയായിരുന്നു സംഘർഷം.

എംഡിപി എംപി ഇസയെ പിഎൻസിയുടെ അബ്ദുള്ള ഷഹീം അബ്ദുൾ ഹക്കീം കാലിൽ പിടിച്ചുവലിച്ചു വീഴിക്കുന്നതിന്‍റെയും ഇസ, ഷഹീമിന്‍റെ കഴുത്തിൽ തൊഴിക്കുന്നതിന്‍റെയും ദൃശ്യം പുറത്തുവന്നു. പരുക്കേറ്റ ഷഹീമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിമാരുടെ നിയമനത്തിന് അംഗീകാരം കിട്ടില്ലെന്നു വന്നതോടെ പിഎൻസി അംഗങ്ങൾ സഭ തടസപ്പെടുത്തുകയായിരുന്നെന്നു പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. സ്പീക്കർ രാജിവയ്ക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. സഭയുടെ അംഗീകാരമില്ലെങ്കിലും മന്ത്രിമാരെ പുനർനിയമിക്കാൻ അവകാശമുണ്ടെന്നു മുയ്‌സുവിന്‍റെ ഉപദേഷ്ടാവും പിഎൻസി ചെയർമാനുമായ അബ്ദുൾ റഹീം അബ്ദുള്ള പറഞ്ഞു.

മുയ്‌സു ഭരണകൂടത്തിന്‍റെ ഇന്ത്യാ വിരുദ്ധ നിലപാടിനെതിരേ എംഡിപി ശക്തമായ പ്രക്ഷോഭം തുടരുന്നതിനിടെയാണു പുതിയ സംഭവങ്ങൾ. ഇന്ത്യയ്ക്കെതിരായ മുയ്‌സുവിന്‍റെ നയം മാലദ്വീപിന്‍റെ വളർത്തയിൽ ദീർഘകാല തിരിച്ചടിയുണ്ടാക്കുമെന്ന് എംഡിപി മുന്നറിയിപ്പു നൽകിയിരുന്നു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു