Nawas Sharif 
World

മുൾക്കിരീടം ചൂടുന്നത് നവാസ് ഷെരീഫോ?

പട്ടാളത്തിന്‍റെ സഹായമില്ലാതെ ഒരു രാഷ്‌ട്രീയ കക്ഷിക്കും പാകിസ്ഥാനില്‍ അധികാരത്തില്‍ കയറാനോ, അധികാരത്തില്‍ തുടരാനോ സാധ്യമല്ല എന്ന് വീണ്ടും അവര്‍ തെളിയിക്കുകയാണ്

അഡ്വ. പി.എസ്. ശ്രീകുമാര്‍

ഫെബ്രുവരി 8ന് പാകിസ്ഥാന്‍ പാര്‍ലമെന്‍റായ നാഷണല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതില്‍ ഏറ്റുമുട്ടുന്നത് മുന്‍ പ്രധാനമന്ത്രിമാരായ ഇമ്രാന്‍ ഖാന്‍റെ തെഹരീക് - ഇ- ഇന്‍സാഫും, നവാസ് ഷെരീഫിന്‍റെ പാകിസ്ഥാന്‍ മുസ്‌ലിം (എന്‍) ലീഗും തമ്മിലായിരിക്കുമെന്നായിരുന്നു പാക് ജനത മാത്രമല്ല, ലോകമെങ്ങുമുള്ള ജനാധിപത്യ വിശ്വാസികള്‍ കരുതിയത്. എന്നാല്‍ "ഡീപ്പ് സ്റ്റേറ്റ് 'എന്ന് അറിയപ്പെടുന്ന പാകിസ്ഥാനിലെ സൈനിക മേധാവികള്‍ അണിയറയ്ക്കു പിന്നിലിരുന്ന് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നടപടികളാണ് കൈക്കൊണ്ടത്. പട്ടാളത്തിന്‍റെ സഹായമില്ലാതെ ഒരു രാഷ്‌ട്രീയ കക്ഷിക്കും പാകിസ്ഥാനില്‍ അധികാരത്തില്‍ കയറാനോ, അധികാരത്തില്‍ തുടരാനോ സാധ്യമല്ല എന്ന് വീണ്ടും അവര്‍ തെളിയിക്കുകയാണ്. മുഖ്യ പ്രതിപക്ഷമായ തെഹരീക് - ഇ- ഇന്‍സാഫിന് അവരുടെ ചിഹ്നം പോലും ഉപയോഗിക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ അനുമതി നിഷേധിച്ചു.

പാകിസ്ഥാന്‍ പട്ടാളവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് 2018ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്‍ അധികാരത്തിലേറിയത്. പട്ടാള മേധാവിയായിരുന്ന ജാവേദ് ബാജ്വയ്ക്ക് കാലാവധി നീട്ടിനല്‍കുന്നത് സംബന്ധിച്ചുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍ നിന്ന് പുറത്തായതു മുതല്‍ പാക്കിസ്ഥാന്‍ രാഷ്‌ട്രീയം കലങ്ങിമറിയുകയാണ്. 2022 ഏപ്രിലില്‍ പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ തുടര്‍ന്നാണ് ഇമ്രാന്‍ ഖാന് രാജിവച്ച് ഒഴിയേണ്ടിവന്നതെങ്കിലും, ഇമ്രാന്‍റെ ഘടക കക്ഷികളെക്കൊണ്ട് പിന്തുണ പിന്‍വലിപ്പിച്ചതിനു പിറകില്‍ ചരട് വലിച്ചത് പട്ടാള മേധാവിയായിരുന്ന ജാവേദ് ബജ്വ ആയിരുന്നു. ഇമ്രാന്‍റെ രാജിയെത്തുടര്‍ന്ന്, ജയിലില്‍ കിടക്കുകയായിരുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ ഇളയ സഹോദരനായ ഷാബാസ് ഷെരീഫിനെ പ്രധാനമന്ത്രി പദത്തില്‍ അവരോധിച്ചതും പട്ടാളമായിരുന്നു.

അധികാരത്തില്‍ നിന്ന് പുറത്തുപോയതു മുതല്‍ നാഷണല്‍ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരന്തരമായ പ്രക്ഷോഭങ്ങള്‍ നടത്തി പ്രധാനമന്ത്രി ഷാബാസ് ഷെരീഫിനും പട്ടാളത്തിനും കനത്ത വെല്ലുവിളി ഉയര്‍ത്തിയ ഇമ്രാന്‍ ഖാനെ തളയ്ക്കേണ്ടത് രണ്ടുകൂട്ടരുടെയും ആവശ്യമായിരുന്നു.

അതിനായി വിവിധ കാരണങ്ങളുടെ പേരില്‍ 150ൽപ്പരം കേസുകളാണ് ഇമ്രാന്‍ ഖാനെതിരേ എടുത്തത്. ഇമ്രാനും അദ്ദേഹത്തിന്‍റെ ഭാര്യ ബുഷ്റാ ബീഗവും ചേര്‍ന്ന് രൂപീകരിച്ച അല്‍- ക്വാദിര്‍ ട്രസ്റ്റില്‍ നടത്തിയതായി പറയുന്ന അഴിമതികളുടെ പേരില്‍ എടുത്ത ഒരു കേസില്‍, ലാഹോര്‍ ഹൈക്കോടതിയില്‍ അദ്ദേഹം ഹാജരായ അവസരത്തിലാണ് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ ഉത്തരവ് അനുസരിച്ചു് 2022 മെയ് 9ന് അദ്ദേഹത്തെ ആദ്യമായി ബലാല്‍ക്കാരമായി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്.

ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ അദ്ദേഹം എത്തിയെങ്കിലും, അദ്ദേഹത്തെ രാഷ്‌ട്രീയമായി ഇല്ലായ്മ ചെയ്യാനുള്ള ഗൂഢാലോചനയിലായിരുന്നു എതിര്‍പാര്‍ട്ടിക്കാരും, പട്ടാളവും. അദ്ദേഹത്തിന്‍റെ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും വിവിധ കേസുകളുടെ മറവില്‍ അറസ്റ്റ് ചെയ്തു ജയിലിലാക്കികൊണ്ട്, അദ്ദേഹത്തിന്‍റെ ചിറകുകള്‍ അവര്‍ അരിഞ്ഞു. തുടര്‍ന്ന്, അദ്ദേഹത്തെ സ്ഥിരമായി ജയിലിലാക്കാൻ കരുക്കള്‍ നീക്കി.

അതിന്‍റെ ഭാഗമായാണ് നേരത്തെ എടുത്ത തോഷാഖാനാ കേസിലെ വിചാരണ ഊര്ജിതപ്പെടുത്തിയത്. പാകിസ്ഥാനിലെ നിയമമനുസരിച്ച് അധികാര സ്ഥാനത്തിരിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഉപഹാരങ്ങള്‍ തോഷഖാന വകുപ്പിന് നല്‍കണം. അവര്‍ അത് വിറ്റു പണമാക്കി സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍ കൂട്ടും. എന്നാല്‍ പ്രധാനമന്ത്രി എന്ന നിലയില്‍ ഇമ്രാൻ ഖാന് ലഭിച്ച ഉപഹാരങ്ങള്‍ അദ്ദേഹം കുറഞ്ഞ വിലയ്ക്ക് തോഷഖാനയില്‍ നിന്നും വാങ്ങിയ ശേഷം, കൂടിയ വിലയ്ക്ക് വിറ്റു പണമാക്കി എന്നതാണ് കേസ്.

6,35,000 ഡോളര്‍ വില വരുന്ന ഉപഹാരങ്ങളാണ് (140 ദശലക്ഷം പാക്കിസ്ഥാന്‍ രൂപ) തോഷഖാനാ കേസില്‍ പെട്ടത്. ഈ കേസില്‍ 14 വര്‍ഷത്തെ തടവ് ശിക്ഷയാണ് ഇമ്രാന് വിധിച്ചത്. വിധിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ വിലക്കുണ്ട്. അമെരിക്കയിലെ പാകിസ്ഥാന്‍ അംബാസഡര്‍ വാഷിങ്ടണില്‍ നിന്നും പാകിസ്ഥാന്‍ സര്‍ക്കാരിനയച്ച ഒരു രഹസ്യ രേഖ ഇമ്രാന്‍ ഖാന്‍ പൊതു ചടങ്ങില്‍ പരസ്യപ്പെടുത്തി എന്നാരോപിച്ച് എടുത്ത കേസില്‍ 10 വര്‍ഷത്തേക്കാണ് അദ്ദേഹത്തെ കോടതി ശിക്ഷിച്ചിരിക്കുന്നത്. ഇസ്‌ലാമിക നിയമത്തിനെതിരായാണ് അദ്ദേഹം ബുഷ്റ ബീബിയെ മൂന്നാമത് വിവാഹം ചെയ്തത് എന്ന കേസില്‍ കഴിഞ്ഞ ദിവസം 7 വര്‍ഷത്തേക്ക് കോടതി അദ്ദേഹത്തെയും ഭാര്യ ബുഷ്റയെയും ശിക്ഷിച്ചു. ഇങ്ങനെ കോടതി വിധികളാല്‍ ഇമ്രാന്‍ ഖാനെ വരിഞ്ഞുമുറുക്കി തടവറയില്‍ തന്നെ തളച്ചിട്ടിരിക്കുകയാണ്. ഇതിനൊക്കെ മകുടം ചാര്‍ത്തുന്ന രീതിയിലാണ് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തിയില്ലെന്ന പേരില്‍, പാര്‍ട്ടി ചിഹ്നമായ ക്രിക്കറ്റ് ബാറ്റില്‍ മത്സരിക്കാന്‍ തെഹരീക്- ഇ-ഈന്‍സാഫ് പാര്‍ട്ടിക്ക് പാകിസ്ഥാന്‍ ഇലക്‌ഷന്‍ കമ്മിഷന്‍ വിലക്കേര്‍പ്പെടുത്തിയത്.

അതോടെ ഇമ്രാന്‍റെ പാര്‍ട്ടി അംഗങ്ങള്‍ക്ക് സ്വതന്ത്രരായി മാത്രമേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവാദമുള്ളൂ. പലയിടത്തും നോമിനേഷനുമായിപ്പോയ തെഹരീക് പാര്‍ട്ടി സ്ഥാനാർഥികളില്‍ നിന്നും നോമിനേഷന്‍ പേപ്പര്‍ ബലാല്‍ക്കാരമായി വാങ്ങി നശിപ്പിച്ചു. നിരവധിപ്പേരെ കായികമായി നേരിട്ട് പിന്തിരിപ്പിച്ചു. എല്ലാ പ്രലോഭനങ്ങളേയും അതിജീവിച്ചു പാര്‍ട്ടിയില്‍ ഉറച്ചു നിന്ന നിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും ഏകപക്ഷീയമായി കള്ള കേസുകളില്‍ കുടുക്കി ജയിലിലാക്കി. ഏറ്റവും ഒടുവില്‍, തെഹരീക് പാര്‍ട്ടിയുടെ വെബ് സൈറ്റ് പോലും പാകിസ്ഥാന്‍ ഭരണകൂടം ബ്ലോക്ക് ചെയ്തു. ഈ രീതിയില്‍ തികച്ചും ജനാധിപത്യ വിരുദ്ധമായാണ് പാകിസ്ഥാനില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

തെഹരീക് പാര്‍ട്ടിക്ക് വിലക്കുള്ളതിനാല്‍, നവാസ് ഷെരീഫിന്‍റെ പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് (എന്‍), മുന്‍ പ്രധാന മന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ നയിക്കുന്ന പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി, ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി എന്നിവയും ചില പ്രാദേശിക പാര്‍ട്ടികളുമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. നാഷണല്‍ അസംബ്ലിയില്‍ 336 സീറ്റുകളാണ് ഉള്ളതെങ്കിലും, 266 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 60 സീറ്റുകള്‍ വനിതകള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. പാര്‍ട്ടികളുടെ അംഗസംഖ്യ അനുസരിച്ചു പിന്നീട് അവരെ നോമിനേറ്റ് ചെയ്യും. 12 കോടി ജനങ്ങള്‍ക്കാണ് വോട്ടവകാശം ഉള്ളത്. സ്വതന്ത്രര്‍ ഉള്‍പ്പെടെ 18,000 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. നാഷണല്‍ അസംബ്ലി തെരഞ്ഞെടുപ്പിനൊപ്പം പഞ്ചാബ്, സിന്ധ്, ഖൈബര്‍ പഖ്തൂനഖ്വാ , ബലൂചിസ്ഥാന്‍ എന്നീ പ്രവിശ്യകളിലെ പ്രാദേശിക അസംബ്ലികളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

സൈന്യത്തിന്‍റെ ആസൂത്രണം അനുസരിച് ചലിക്കുന്ന പാക്കിസ്ഥാന്‍ രാഷ്‌ട്രീയ‌ത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പട്ടാളം തോല്‍പ്പിക്കുകയും അതിനുശേഷം അഴിമതി കേസുകളില്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തയാളും മുമ്പ് മൂന്ന് തവണ പ്രധാനമന്ത്രി കസേരയില്‍ ഇരിക്കുകയും ചെയ്ത നവാസ് ഷെരീഫാണ് ഇപ്പോള്‍ പട്ടാളത്തിന് പ്രിയപ്പെട്ടവന്‍. അദ്ദേഹത്തിനെ എല്ലാ കേസുകളില്‍ നിന്നും കുറ്റവിമുക്തനാക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ട ഒത്താശയും ചെയ്തുകൊടുത്തിരിക്കുകയാണ് സൈനിക ഭരണകൂടം. ജനുവരി 24നു നടന്ന ഒരു ഗാലപ് പോള്‍ അനുസരിച്ചു നവാസ് ഷെരീഫിന്‍റെ പാര്‍ട്ടി അധികാരത്തിലേറും.

സംശയാതീതമായി പറയാവുന്ന ഒരു സംഗതി നവാസ് ഷെരീഫ് അധികാരത്തിലെത്തിയാലും, സൈന്യത്തിന്‍റെ പ്രീതി ഉള്ളിടത്തോളം കാലമേ അദ്ദേഹത്തിനും ഭരണത്തില്‍ ഇരിക്കുവാന്‍ സാധിക്കുകയുള്ളു എന്നതാണ്. സാമ്പത്തിക രംഗം ഉള്‍പ്പെടെ എല്ലാ മേഖലകളിലും പാകിസ്ഥാന്‍ തകര്‍ന്നു തരിപ്പണമായി കിടക്കുകയാണ്. അധികാരത്തിലേക്കുള്ള നവാസ് ഷെരീഫിന്‍റെ പാത മുള്ളുകള്‍ നിറഞ്ഞതും കിരീടം മുള്‍ക്കിരീടവുമായിരിക്കും. പരിചയ സമ്പന്നനായ നവാസ് ഷെരീഫ് പ്രതിസന്ധികളെ എങ്ങിനെ തരണം ചെയ്യുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

(ലേഖകന്‍റെ ഫോൺ: 9495577700)

സംസ്ഥാന അധ‍്യക്ഷൻ പാലക്കാട് തമ്പടിച്ചതുകൊണ്ട് വിജയിക്കാൻ കഴിയില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായി: സുരേന്ദ്രൻ തരൂർ

ഇന്ത്യ ഒരു ദിവസം കൊണ്ട് 64 കോടി വോട്ടുകൾ എണ്ണി, കാലിഫോർണിയയിൽ ഇപ്പോഴും തീർന്നിട്ടില്ല പ്രശംസിച്ച് ഇലോൺ മസ്ക്

ഇന്ത‍്യ കൂറ്റൻ സ്കോറിലേക്ക്; 38 വർഷത്തെ റെക്കോർഡ് തകർത്ത് ജയ്സ്വാൾ- രാഹുൽ സഖ‍്യം

ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം