ഇറാൻ ന്യൂക്ലിയർ ബോംബ് 
World

ഇസ്രയേൽ-ഇറാൻ യുദ്ധം: ഇറാൻ അണുബോംബിനരികെ

റീന വർഗീസ് കണ്ണിമല

നവംബർ അഞ്ചിനു നടക്കാനിരിക്കുന്ന അമെരിക്കൻ തെരഞ്ഞെടുപ്പിൽ ഇപ്പോൾ മുഖ്യ വിഷയം മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളാണ്. ഇസ്രയേൽ ഇറാൻ യുദ്ധമാണ് അമെരിക്കൻ തെരഞ്ഞെടുപ്പിലെ തീപ്പൊരിയായി മാറിയിരിക്കുന്നത്. ലബനൻ,ഗാസ, യെമൻ തുടങ്ങിയ മേഖലകളിലെ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകളും ഇസ്രയേൽ യുദ്ധവുമാണ് മുഖ്യ യുഎസ് തെരഞ്ഞെടുപ്പു വിഷയം. കഴിഞ്ഞയാഴ്ച ഒരു പ്രചാരണ പരിപാടിയിൽ സംസാരിച്ച ട്രംപ്, ഇറാന്‍റെ ആണവകേന്ദ്രങ്ങൾക്കെതിരായ ആക്രമണത്തെ എതിർത്തതിന് ബൈഡനെ പരിഹസിച്ചത് വാർത്തയായിരുന്നു.

ആണവ പോർമുന വികസിപ്പിച്ചെടുക്കാതെ തന്നെ തങ്ങളുടെ പ്രോക്സികൾക്കും മിസൈൽ സേനയ്ക്കും നേരിട്ട തിരിച്ചടികൾക്ക് നഷ്ടപരിഹാരം നൽകാൻ ഇറാന് ഇനിയും സാഹചര്യങ്ങളുണ്ടെന്നാണ് മുൻ ഇസ്രായേലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും സർക്കാർ ഉദ്യോഗസ്ഥനുമായ അവി മെലമെഡ് വ്യക്തമാക്കിയത്. ഈ നിർണായക സാഹചര്യത്തിൽ അവർ സൈനിക ശേഷി വർധിപ്പിക്കുന്നതിനോ ആണവ ശേഷി വികസിപ്പിക്കുന്നതിനോ തിരക്കു കൂട്ടാൻ സാധ്യതയില്ലെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.

ഹിസ്ബുള്ള നേതാക്കളെ ഇസ്രായേൽ കൊലപ്പെടുത്തിയതും ഇസ്രായേലിനെ ആക്രമിക്കാനുള്ള രണ്ട് ശ്രമങ്ങൾ പരാജയപ്പെട്ടതും ഉൾപ്പെടെ ടെഹ്‌റാന് തന്ത്രപരമായ വലിയ നഷ്ടമാണ് ഇസ്രയേൽ ഈയിടെ നൽകിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും ഇറാൻ ആണവായുധം നിർമ്മിക്കാൻ തീരുമാനിച്ചിട്ടില്ലെന്നാണ് അമേരിക്ക ഇപ്പോഴും വിശ്വസിക്കുന്നത്. 2003-ൽ ഇറാൻ നിർത്തിവച്ച ആണവായുധ പദ്ധതി പുനരാരംഭി ക്കാൻ പരമോന്നത നേതാവ് തീരുമാനമെടുത്തിട്ടില്ലെന്നാണ് ആയത്തുള്ള അലി ഖമേനിയെ പരാമർശിച്ച് ODNI വക്താവ് മാധ്യമങ്ങളെ അറിയിച്ചത്.

കഴിഞ്ഞയാഴ്ച ടെഹ്‌റാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്ര മണത്തിന് പ്രതികാരമായി ഇറാന്‍റെ ആണവ പദ്ധതിയിൽ ഇസ്രാ യേൽ നടത്തുന്ന ആക്രമണങ്ങളോടുള്ള യുഎസ് എതിർപ്പ് വിശദീകരിക്കാൻ സഹായകമാണ് ഈ ഇന്‍റലിജൻസ് വിലയിരുത്തൽ.‌ ഇറാന്‍റെ ആണവകേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തുന്ന ആക്ര മണത്തെ പിന്തുണയ്ക്കില്ലെന്ന ജോ ബൈഡന്‍റെ പരാമർശത്തി നെതിരെ രൂക്ഷ പ്രതികരണമാണ് ഡോണൾഡ് ട്രംപിൽ നിന്നും മറ്റു റിപ്പബ്ലിക്കൻമാരിൽ നിന്നും ഉണ്ടായത്.

കാരണം ആക്സിസ് ഒഫ് റെസിസ്റ്റന്‍സ് എന്നറിയപ്പെടുന്ന ഇറാന്‍റെ അച്ചുതണ്ടിലെ ഏറ്റവും ശക്തമായ അംഗമായ ഹിസ്ബുള്ളയെ യാണ് ഇസ്രയേൽ തകർത്തെറിഞ്ഞത്.ഹിസ്ബുള്ളയ്ക്ക് ഇസ്രയേൽ നാഥനില്ലാതാക്കിയതോടെ സുപ്രധാന ഇറാനിയൻ സഖ്യകക്ഷിയുടെ ദൗർബല്യം ടെഹ്റാനെ സ്വയപരിരക്ഷ യ്ക്കായി ഒരു അണുബോംബ് സ്വന്തമാക്കാനുള്ള ശ്രമങ്ങളിലേയ്ക്കു നയിക്കുമെന്നാണ് ട്രംപും റിപ്പബ്ലിക്കൻമാരും കരുതുന്നത്.

കൂടാതെ ചില പ്രമുഖ യുദ്ധ വിദഗ്ധരും ഈ അഭിപ്രായം പങ്കു വയ്ക്കുന്നു. ഇപ്പോഴത്തെ ഈ പ്രത്യേക സാഹചര്യത്തിൽ ടെഹ്റാൻ നിർമാണവുമായി മുന്നോട്ടു പോകുമെന്നും ഇസ്രയേൽ ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ അതിനുള്ള സാധ്യത കൂടുതലാണെന്നും എന്നാൽ ഒരു ആണവായുധം അത്രയെളുപ്പം ഇറാന് നിർമിക്കാനാവില്ലെന്നും മുൻ അമെരിക്കൻ നാഷനൽ ഇന്‍റലിജൻസ് ഡെപ്യൂട്ടി ഡയറക്റ്റർ ബെത്ത് സാന്നർ പറഞ്ഞു.ഐക്യരാഷ്ട്ര സഭയിലുൾപ്പടെ എല്ലായിടത്തും തങ്ങൾക്ക് ആണവായുധ പദ്ധതി ഇല്ലെന്നാണ് ടെഹ്റാൻ പറയുന്നത്. മാസങ്ങളെടുത്ത പ്രവർത്തനത്തിലൂടെ മാത്രമേ ഇറാന് ആണവായുധമുണ്ടാക്കിയെടുക്കാനാകൂ എന്ന് ജർമൻ മാർഷൽ ഫണ്ട് ഉദ്യോഗസ്ഥനായ സാനർ പറയുന്നു.

എന്നാൽ മുമ്പെന്നത്തെക്കാളും ഇറാന്‍റെ ഫിസൈൽ ശുദ്ധിയുള്ള യുറേനിയം സമ്പുഷ്ടത അറുപതു ശതമാനമാണ് ഇപ്പോൾ.അതാകട്ടെ ആയുധ ഗ്രേഡിന്‍റെ തൊണ്ണൂറു ശതമാനത്തിനടുത്താണ്. ഇറാനിലെ രണ്ടു സൈറ്റുകളിലായിട്ടാണ് ഇതുള്ളത്. കൂടുതൽ സമ്പുഷ്ടമാക്കിയാൽ യുഎൻ നിരീക്ഷണ വിഭാഗമായ ഇന്‍റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയുടെ അളവുകോലനുസരിച്ച് ഏകദേശം നാല് അണുബോംബുകൾക്കുള്ള പദാർഥങ്ങൾ അതിൽ സമ്പുഷ്ടമാണ്. ഇതൊക്കെ കൊണ്ടാണ് ഇറാന്‍റെ സമ്പുഷ്ടീകരണ പരിപാടിയുടെ വിപുലീകരണം ഒരു ന്യൂക്ലിയർ ബോംബിന് ആവശ്യമായ ആയുധ-ഗ്രേഡ് യുറേനിയം ഉൽപാദിപ്പിക്കാൻ ആവശ്യമായ ബ്രേക്ക് ഔട്ട് സമയം ഇപ്പോൾ ഒരാഴ്ചയോ അതിലും കുറവോ ആണ് എന്ന് അമെരിക്കൻ ഇന്‍റലിജൻസ് മേധാവി ബേൺസ് മുന്നറിയിപ്പ് നൽകുന്നത്.

ഈ സാഹചര്യത്തിൽ ഇസ്രയേൽ എങ്ങനെ ആക്രമിക്കുമെന്ന് പറയാനാകില്ല.ഇറാന്‍റെ ആണവ പദ്ധതി തങ്ങളുടെ അസ്തിത്വ ഭീഷണിയായാണ് ഇസ്രയേൽ വിലയിരുത്തുന്നത്. അത് ശരിയാണു താനും.

പുത്തൻ സിനിമകളുടെ വ്യാജപതിപ്പ് : തമിഴ്‌ റോക്കേഴ്‌സ്‌ അറസ്റ്റിൽ‌

പാരിസ്ഥിതിക അനുമതി കിട്ടിയാൽ തുരങ്കപാത നിർമാണം തുടങ്ങും

ആശങ്കയ്ക്ക് വിരാമം; എയർ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി

വിർച്വൽ ക്യൂ ഭക്തരുടെയും ക്ഷേത്രത്തിന്‍റെയും സുരക്ഷയ്ക്ക്: തിരുവിതാംകൂർ ദേവസ്വം

85 ശതമാനം കെഎസ്ആർടിസി ഡിപ്പോകളും പ്രവര്‍ത്തന ലാഭത്തിൽ