ന്യൂയോർക്ക്: കനത്ത മഴയിൽ മുങ്ങി ന്യൂയോർക്ക് നഗരം. പത്തു വർഷങ്ങൾക്കിടയിൽ ഇതാദ്യമായാണ് ഇത്ര കനത്ത മഴയ്ക്ക് ന്യൂയോർക്ക് സാക്ഷിയാകുന്നത്. മഴ കനത്തതിനെത്തുടർന്ന് ലാഗാർഡിയ വിമാനത്താവളത്തിലെ ടെർമിനൽ അടച്ചു. വെള്ളിയാഴ്ച മുതൽ പെയ്യുന്ന മഴ ജനജീവിതത്തെ താറുമാറാക്കിയിരിക്കുകയാണ്. ഭൂരിഭാഗം വഴികളും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്.
ബ്രൂക്ലിനിലെ ചില പ്രദേശങ്ങളിൽ രാത്രിയിൽ ഒരു മണിക്കൂറിനിടെ 18.41 സെന്‍റീമീറ്റർ മഴയാണ് പെയ്തതെന്ന് കാലാവസ്ഥാ വിഭാഗം പറയുന്നു. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നഗരത്തിൽ ആറ് ബെസ്മെന്‍റ് അപ്പാർട്ട്മെന്‍റുകൾ മുങ്ങിയതായാണ് റിപ്പോർട്ടുകൾ. താമസക്കാരെ പ്രദേശത്തു നിന്ന് നേരത്തേ തന്നെ ഒഴിപ്പിച്ചിരുന്നു. മഴ കനത്തതോടെ മേയർ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ജനങ്ങളോട് പരമാവധി വീടിനുള്ളിൽ തന്നെ കഴിയാനും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ സ്കൂളുകളും മറ്റു സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. അറ്റ്ലാന്‍റിക് സമുദ്രത്തിനു മുകളിൽ രൂപം കൊണ്ട ഒഫീലിയ കൊടുങ്കാറ്റിന്‍റെ ശേഷിപ്പും പടിഞ്ഞാറു നിന്നുള്ള മധ്യ അക്ഷാംശ ന്യൂനമർദവുമാണ് കനത്ത മഴയ്ക്ക് കാരണമാകുന്നത്. ഈ സാഹചര്യത്തിൽ 13 മുതൽ 15 സെന്‍റീമീറ്റർ മഴ വരെ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് പറയുന്നു. വെള്ളം കയറിയതിനെത്തുടർന്ന് മാൻഹാട്ടനിലെ സെൻട്രൽ പാർക്കിൽ നിന്ന് നീർനായകളും അക്വേറിയത്തിലെ മത്സ്യങ്ങളും രക്ഷപ്പെട്ടു. നീർനായകൾ നഗരത്തിലൂടെ സഞ്ചരിക്കുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.