എട്ടിലൊന്ന് പെൺകുട്ടികൾ 18 വയസിനു മുൻപ് ലൈംഗിക അതിക്രമത്തിന് ഇരയാവുന്നു 
World

എട്ടിലൊന്ന് പെൺകുട്ടികൾ 18 വയസിനു മുൻപ് ലൈംഗിക അതിക്രമത്തിന് ഇരയാവുന്നു

ഇരകളാവുന്നവർ പ്രായപൂര്‍ത്തിയായാല്‍ പോലും ഇതിന്‍റെ ആഘാതത്തില്‍ നിന്ന് മുക്തി നേടുന്നില്ലെന്നും യൂണിസെഫിന്‍റെ പഠന റിപ്പോർട്ട്

ലോകത്ത് 37 കോടിയോളം പെൺകുട്ടികൾ, അതായത്, ആകെയുള്ള പെൺകുട്ടികളിൽ എട്ടിലൊരാൾ 18 വയസിന് മുൻപായി ബലാത്സംഗം അടക്കമുള്ള ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാവുന്നതായി യുണിസെഫിന്‍റെ റിപ്പോർട്ട്. ലൈംഗികച്ചുവയുള്ള സംസാരം, ലൈംഗികാവയവ പ്രദര്‍ശനം എന്നിങ്ങനെയുള്ള 'സമ്പർക്കമില്ലാത്ത' അതിക്രമങ്ങൾ കൂടി പരിഗണിച്ചാൽ ഇത് അഞ്ചിൽ ഒരു പെൺകുട്ടി എന്ന നിലയിലേക്കെത്തും. അതായത് 67 കോടി പെൺകുട്ടികൾ!

പ്രാദേശികാടിസ്ഥാനത്തിൽ 18 വയസിന് താഴെയുള്ള പെൺകുട്ടികൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ആഗോളതലത്തിൽ നടത്തി‍യ ആദ്യത്തെ പഠനത്തിന്‍റെ റിപ്പോർട്ടാണ് യുണിസെഫ് പുറത്തു വിട്ടത്. അന്താരാഷ്ട്ര ബാലിക ദിനമായ ഒക്ടോബർ 11 ന് മുന്നോടിയായാണ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.

യുണിസെഫിന്‍റെ കണക്കുകള്‍ പ്രകാരം സബ് സഹാറന്‍ ആഫ്രിക്കയിലാണ് ഇരകള്‍ ഏറെയുള്ളത്. 7.9 കോടി പെൺകുട്ടികളാണ് ഇവിടെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായിട്ടുള്ളത്. കിഴക്കൻ, തെക്ക്-കിഴക്കൻ ഏഷ്യയിൽ 7.5 കോടി പെൺകുട്ടികളും മധ്യ, ദക്ഷിണേഷ്യയിൽ 7.3 കോടി പെൺകുട്ടികളും ഇത്തരത്തിലുള്ള അതിക്രമത്തിന് ഇരയായിട്ടുണ്ട്. പല മേഖലകളിലും പെൺകുട്ടികളെ യുദ്ധായുധമായി ഉപയോഗിക്കുന്നതായും യുണിസെഫ് പറയുന്നു. ഈ മേഖലകളിൽ അഭയാർഥി ക്യാമ്പുകൾ കേന്ദ്രീകരിച്ചാണ് ഇത്തരം അതിക്രമങ്ങൾ വ്യാപകമായി നടക്കുന്നത്. ഇവിടങ്ങളിൽ 4 ൽ ഒരു പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയാവുന്നത്.

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം ആഴത്തിലുള്ള മനുഷ്യാവകാശ ലംഘനമാണെന്നും, അതിജീവിതര്‍ പ്രായപൂര്‍ത്തിയായാല്‍ പോലും ഇതിന്‍റെ ആഘാതത്തില്‍ നിന്ന് മുക്തി നേടുന്നില്ലെന്നും യൂണിസെഫ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുക്തി നേടുന്നവരിൽ പലരും ഉത്കണ്ഠയും വിഷാദവും പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളോട് പോരാടുന്നവരായിരിക്കും.

ഇതിന് പുറമേ ലൈംഗികമായി പകരുന്ന അണുബാധകൾ, ലഹരിവസ്തുക്കളുടെ ദുരുപയോഗം, ആരോഗ്യകരമായ ബന്ധങ്ങൾ രൂപീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. അതിജീവിക്കുന്നവർ അവരുടെ ദുരനുഭവം വെളിപ്പെടുത്താൻ വൈകുകയോ അല്ലെങ്കിൽ ഒരിക്കലും അത് റിപ്പോർട്ട് ചെയ്യാതിരിക്കുകയോ ചെയ്യുമ്പോൾ ആഘാതം കൂടുതൽ വർധിക്കുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ