ബാർബി, ഓപ്പൻഹൈമർ പോസ്റ്ററുകൾ 
World

'ഓപ്പൻഹൈമറും ബാർബിയും' വാഴുന്ന തിയെറ്ററുകൾ

രണ്ടാഴ്ച്ചയായി ഇന്ത്യൻ തിയെറ്ററുകളെയെല്ലാം അടക്കി വാഴുകയാണ് ഓപ്പൻഹൈമറും ബാർബിയും. ഒന്ന് ആറ്റം ബോംബിന്‍റെ സ്രഷ്ടാവിന്‍റെ കഥ പറയുന്ന ക്രിസ്റ്റഫർ നോളൻ ചിത്രം. രണ്ടാമത്തേത് പാവകളിലെ രാജ്ഞി ബാർബികളുടെ ലോകത്തെ കഥ പറയുന്ന ഗ്രെറ്റ ഗെർവിഗിന്‍റെ സ്ത്രീകേന്ദ്രീകൃത ചിത്രം. രണ്ടിനും ഇന്ത്യൻ പ്രേക്ഷകർ നല്ല വരവേൽപ്പാണ് നൽകിയത്.

ആഗോളതലത്തിൽ ബാർബിയാണ് മുന്നേറുന്നതെങ്കിൽ ഇന്ത്യയിൽ ഓപ്പൻഹൈമറാണ് മുന്നിലെന്ന ഒറ്റ വ്യത്യാസം മാത്രം. ആദ്യ ആഴ്ച്ചയിൽ 73.15 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് ഓപ്പൻഹൈമർ വാരിക്കൂട്ടിയത്. പക്ഷേ ബാർബിക്ക് കിട്ടിയത് 27.5 കോടി രൂപ മാത്രം. പക്ഷേ ആഗോളതലത്തിലെ കണക്കെടുക്കുമ്പോൾ ഓപ്പൻഹൈമർ പിന്നിലാണ്. ബാർബി 495 മില്യൺ യുഎസ് ഡോളറാണ് ആഗോളതലത്തിൽ നേടിയത്. ഇതിൽ 237 മില്യൺ ഡോളർ യുഎസിൽ നിന്നാണ്. അതേ സമയം ഓപ്പൻഹൈമർ ആഗോളതലത്തിൽ നേടിയത് 230 മില്യൺ യുഎസ് ഡോളറാണ്. ഇതിൽ 117.8 മില്യൺ മാത്രമാണ് യുഎസിൽ നിന്ന് ലഭിച്ചിരിക്കുന്നത്.

നോളൻ ആരാധകർ ഏറെകാലമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ഓപ്പൻഹൈമർ. നിരവധി വിവാദങ്ങൾ ഇന്ത്യയിൽ ചിത്രത്തെ പിന്തുടർന്നുവെങ്കിൽ പോലും ആരാധകർ നോളനെ കൈവിട്ടില്ലെന്നു വേണം

പറയാൻ. സിലിയൻ മർഫിയാണ് ചിത്രത്തിൽ ഭൗതിക ശാസ്ത്രജ്ഞനായ ജെ. റോബർട്ട് ഓപ്പൻഹൈമറായി എത്തുന്നത്. എമിലി ബ്ലണ്ട് റോബർട്ട് ഡൗണി ജൂനിയർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അതിമനോഹരമായാണ് മർഫിയും റോബർട്ട് ഡോണിയും സ്വന്തം കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ചിരിക്കുന്നത്.

എന്നാൽ ഫാന്‍റസി ഡാർക് കോമഡി ചിത്രമായ ബാർബി ആഗോള തലത്തിൽ സമ്പൂർണാധിപത്യം പുലർത്തുകയായിരുന്നു. മാർഗോട്ട് റോബിയാണ് ചിത്രത്തിൽ ബാർബിയായി എത്തുന്നത്. കെൻ ആയി റയാൻ ഗോസ്ലിങ്ങുമെത്തുന്നു. സിമു ലിയു, ജോൺ സേന, വിൽ ഫെറൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എന്തായാലും ഇരു ചിത്രങ്ങളും ചേർന്ന് ചരിത്രത്തിലെ തന്നെ റെക്കോഡ് കലക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു