ബോസ്റ്റൺ: കടലിന്‍റെ അടിത്തട്ടിൽ മുങ്ങിക്കിടക്കുന്ന ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങൾ കാണാൻ പുറപ്പെട്ട അന്തർവാഹിനിയിൽ ശേഷിക്കുന്നത് ഒരു ദിവസത്തേക്കു കൂടി മാത്രമുള്ള ഓക്സിജൻ. നാലു ദിവസത്തെ യാത്രയ്ക്ക് പുറപ്പെട്ട ഓഷൻഗേറ്റിന്‍റെ ടൈറ്റൻ എന്ന പേടകത്തിൽ നാലു ദിവസത്തേക്കുള്ള പ്രാണവായുവാണ് ഉണ്ടായിരുന്നത്. കാണാതായിട്ട് ബുധനാഴ്ച മൂന്നാം ദിവസമാണ്.
അതേസമയം, പേടകം കണ്ടെത്താൻ ശ്രമിക്കുന്ന കനേഡിയൻ വിമാനത്തിലുള്ള രക്ഷാപ്രവർത്തകർ, കടലിന്‍റെ അടിത്തട്ടിൽനിന്നുള്ള ചില ശബ്ദങ്ങൾ തിരിച്ചറിഞ്ഞതായി യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചിട്ടുണ്ട്. യാത്ര തിരിച്ച് രണ്ടു മണിക്കൂറിനുള്ളിൽ ബന്ധം വിച്ഛേദിക്കപ്പെട്ട പേടകത്തിൽ അഞ്ച് പേരാണുള്ളത്.
വ്യാഴാഴ്ച രാവിലെയോടെ ഇതിനുള്ളിലെ ഓക്സിജൻ തീരും. അതിനു മുൻപ് സമുദ്രോപരിതലത്തിൽ തിരിച്ചെത്തിക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകളും വിമാനങ്ങളും തെരച്ചിൽ തുടരുകയാണ്. കടലിനടിയിൽ തെരച്ചിൽ നടത്താൻ ശേഷിയുള്ള റോബോട്ടിനെയും രംഗത്തിറക്കിയിട്ടുണ്ട്.
ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങൾക്കടുത്താണ് റോബോട്ട് പരിശോധന നടത്തുന്നത്. അന്തർവാഹിനി മുകളിലെത്തിക്കാൻ സാധിച്ചില്ലെങ്കിൽ അതിനുള്ളിലേക്ക് ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ ആവശ്യമായ ഉപകരണങ്ങളും അങ്ങോട്ടെത്തിക്കാൻ ശ്രമം തുടരുകയാണ്.
ടൈറ്റനിൽനിന്നുള്ള ഏതു ശബ്ദവും പിടിച്ചെടുക്കാൻ സാധിക്കുന്ന മൂന്ന് സോണാർ ബോയ്‌കളും കടലിൽ ഇറക്കിയിട്ടുണ്ട്.
ടൈറ്റന്‍റെ ഉടമകളായ ഓഷൻഗേറ്റിന്‍റെ സിഇഒ സ്റ്റോക്ക്‌ടൺ റഷ് നേരിട്ടാണ് കാണാതായ അന്തർവാഹിനിയിലെ പര്യവേക്ഷണ ദൗത്യം നയിച്ചിരുന്നത്. ബ്രിട്ടനിൽ നിന്നുള്ള ഒരു സാഹസിക സഞ്ചാരിയും പാക്കിസ്ഥാനിൽനിന്നുള്ള ബിസിനസ് കുടുംബത്തിലെ രണ്ടംഗങ്ങളും യാത്രക്കാരിൽ ഉൾപ്പെടുന്നു.
ടൈറ്റനുള്ളിലെ മുഴുവൻ ആളുകളും അബോധാവസ്ഥയിലായാൽപ്പോലും സമുദ്രോപരിതലത്തിലേക്ക് തിരിച്ചെത്തിക്കാൻ ആവശ്യമായ സജ്ജീകരണം അതിലുണ്ടെന്നാണ് ഓഷൻഗേറ്റ് അവകാശപ്പെടുന്നത്.