ന്യൂഡൽഹി: ലണ്ടനിൽ നിന്നു സിംഗപ്പൂരിലേക്കുള്ള വിമാനം രൂക്ഷമായ ടർബുലൻസിൽപ്പെട്ട് ശക്തിയായ കുലുങ്ങിയതിനെത്തുടർന്ന് ഒരു യാത്രക്കാരൻ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. സിംഗപ്പൂർ എയർലൈൻസിന്‍റെ ബോയിങ് 777 വിമാനത്തിലാണ് സംഭവം.
അത്യാഹിതത്തെത്തുടർന്ന് വിമാനം സിംഗപ്പൂർ എത്തും മുൻപ് ബാങ്കോക്കിലേക്ക് തിരിച്ചുവിട്ടു. 211 യാത്രക്കാരും പതിനെട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. തായ്‌ലൻഡ് അധികൃതരുമായി ബന്ധപ്പെട്ട്, പരുക്കേറ്റ എല്ലാവർക്കും ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്ന് സിംഗപ്പൂർ എയർലൈൻസ് അധികൃതർ അറിയിച്ചു. കൂടുതൽ സഹായങ്ങൾക്കായി പ്രത്യേക സംഘത്തെ ബാങ്കോക്കിലേക്ക് അയച്ചിട്ടുമുണ്ട്.
മ്യാൻമർ - തായ്‌ലൻഡ് അതിർത്തിയോട് അടുത്താണ് രൂക്ഷമായ ടർബുലൻസ് അനുഭവപ്പെട്ടത്. വായുമർദത്തിലെ വ്യതിയാനമാണ് ഈ പ്രതിഭാസം.
രണ്ടു വർഷം മുൻപ് മുംബൈ - ദുർഗാപുർ വിമാനത്തിലും സമാന സംഭവത്തിൽ 14 യാത്രക്കാർക്കും മൂന്ന് ജീവനക്കാർക്കും പരുക്കേറ്റിരുന്നു. ഇതിലൊരാൾക്ക് രണ്ടു മാസത്തെ ചികിത്സയ്ക്കു ശേഷം ജീവൻ നഷ്ടമാകുകയും ചെയ്തു.