മെക്സിക്കോ കാടുകളിൽ മറഞ്ഞിരുന്ന ഒരു മഹാനഗരം... കേൾക്കുമ്പോൾ ഒരു ഹോറർ സിനിമയുടെ പശ്ചാത്തലം പോലെ തോന്നുമെങ്കിലും സംഭവം അതൊന്നുമല്ല. എഡി 750-നും 850-നുമിടയില്‍ സജീവമായിരുന്ന അരലക്ഷം പേരോളം ആളുകൾ താമസിച്ചിരുന്ന പുരാതന നഗരം അടുത്തിടെ കണ്ടെത്തി. മരങ്ങള്‍ക്കും മണ്ണിനുമടിയിലായിപ്പോയ ഏകദേശം 16.6 ചതുരശ്ര കിലോമീറ്ററുള്ള നഗരമാണ് നൂറ്റാണ്ടുകൾപ്പുറം മറനീക്കി പുറത്തു വന്നിരിക്കുന്നത്. അതിന് വലേറിയാന എന്ന പേരും നൽകി.
ഗൂഗിളില്‍ക്കണ്ട ഒരു ലേസര്‍ സര്‍വേ ഡേറ്റ പരിശോധിച്ച യുഎസിലെ ടുലെയ്ന്‍ സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥി ലൂക്ക് ഓള്‍ഡ് തോമസിന് തോന്നിയ ചില സംശയങ്ങളിൽ നിന്നാണ് വലേറിയാനയിലേക്ക് എത്തുന്നത്. സംശയം തീര്‍ക്കാന്‍ പുരാവസ്തുഗവേഷകര്‍ ഉപയോഗിക്കുന്ന രീതിവെച്ച് ഡേറ്റ പരിശോധിച്ച ഓള്‍ഡ് തോമസ് കണ്ടത് ഇതുവരെ കണ്ടെത്തിയ മായന്‍ സാംസ്‌കാര അവശേഷിപ്പുകളില്‍ വലുപ്പത്തില്‍ രണ്ടാംസ്ഥാനത്തുള്ള വലേറിയാന നഗരം....
ആരാധനാ കേന്ദ്രങ്ങള്‍, ജലസംഭരണികള്‍ തുടങ്ങി ഏകദേശം 6764 കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ വലേറിയാനയിലുണ്ട്. സംസ്‌കാരികമായി സമ്പന്നമായിരുന്ന പൗരാണിക നഗരം പെട്ടെന്നു നശിക്കാന്‍ കാരണം വരള്‍ച്ചയാകാമെന്നാണ് ഗവേഷകരുടെ നിഗമനം.