PM Modi inaugurates 1st Hindu temple in Abu Dhabi 
World

അബുദാബിയിലെ ആദ്യ ക്ഷേത്രം ഭക്തർക്ക് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അബുദാബി: ഭജനുകളും നാമജപവും പശ്ചാത്തല സംഗീതമൊരുക്കിയ ചടങ്ങിൽ അബുദാബിയിലെ ആദ്യ ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഭക്തർക്ക് സമർപ്പിച്ചു. ഇന്നലെ വൈകിട്ട് യുഎഇ ഭരണാധികളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. ലോകമൊട്ടാകെ സ്വാമിനാരായൺ വിഭാഗത്തിനു കീഴിലുള്ള 1200 ക്ഷേത്രങ്ങളിൽ ഒരേ സമയം നടന്ന ആരതിയിലും പ്രധാനമന്ത്രി പങ്കെടുത്തു. ഇന്നലെ പുലർച്ചെ സ്വാമിനാരായൺ വിഭാഗത്തിലെ മഹന്ത് സ്വാമി മഹാരാജിന്‍റെ നേതൃത്വത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടന്നു.

ക്ഷേത്ര സമർപ്പണത്തിനുശേഷം ശിൽപ്പികളടക്കമുള്ളവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. തുടർന്ന് ക്ഷേത്രത്തിലെ ശിലാഫലകത്തിൽ വസുധൈവ കുടുംബകമെന്ന് എഴുതിച്ചേർത്തു. രാത്രി വൈകി അദ്ദേഹം ഖത്തർ തലസ്ഥാനമായ ദോഹയിലേക്കു പോയി.

ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ക്ഷേത്രമാണ് അബു മുറൈഖയിൽ മോദി സമർപ്പിച്ച "ബോച്ചസന്വാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണന്‍ സൻസ്ത' (ബിഎപിഎസ്) ക്ഷേത്രം. ഗൾഫ് മേഖലയിലെ ആദ്യ ശിലാ ക്ഷേത്രവുമാണിത്.

27 ഏക്കറിൽ 700 കോടി രൂപ ചെലവിൽ നിർമിച്ച ക്ഷേത്രം ഇന്ത്യ- യുഎഇ സൗഹൃദത്തിന്‍റെ പ്രതീകമാണെന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രധാനമന്ത്രിയായശേഷം 2015ൽ നടത്തിയ ആദ്യ യുഎഇ സന്ദർശനത്തിലാണു ക്ഷേത്രത്തിനു ഭൂമി വേണമെന്ന ആവശ്യം യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനു മുൻപിൽ വയ്ക്കുന്നതെന്നു മോദി പറഞ്ഞു. താങ്കൾ തൊട്ടുകാണിക്കുന്ന ഭൂമി വിട്ടുതരാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ആദ്യം 13.5 ഏക്കർ നൽകി. പിന്നീട് അത്രയും ഭൂമി കൂടി നൽകി. അദ്ദേഹത്തിന്‍റെ പിന്തുണയില്ലെങ്കിൽ ഇതു നടക്കില്ലായിരുന്നെന്നും മോദി.

പരമ്പരാഗത നാഗര്‍ ശൈലിയിലുള്ള വാസ്തുവിദ്യയാണ് ക്ഷേത്രത്തിന്‍റെ സവിശേഷത. യുഎഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധാനം ചെയ്ത് ഏഴു ശിഖരങ്ങളുള്ള ക്ഷേത്രത്തിന് 108 അടി ഉയരമുണ്ട്. താപനില ക്രമീകരിക്കാൻ സിമന്‍റ് കുറച്ചു ഫ്ലൈ ആഷാണ് ഉപയോഗിച്ചത്. ശ്രീരാമൻ, ശിവൻ, ജഗന്നാഥൻ, കൃഷ്ണൻ, സ്വാമിനാരായൺ, തിരുപ്പതി ബാലാജി, അയ്യപ്പൻ എന്നീ മൂർത്തികൾ ക്ഷേത്രത്തിലുണ്ട്.

ലോകത്തെ ഏറ്റവും വലിയ പഞ്ചലോഹ അയ്യപ്പ വിഗ്രഹമാണ് ഈ ക്ഷേത്രത്തിലുള്ളത്. പീഠം ഉൾപ്പെടെ വിഗ്രഹത്തിനു നാലടിയോളം ഉയരം. 3 അടി ഉയരത്തിലാണു 18 പടികളുടെ ചെറിയ മാതൃക പണിതിരിക്കുന്നത്. വശങ്ങളിൽ ശബരിമലയിലെന്ന പോലെ ആനയുടെയും കടുവയുടെയും രൂപങ്ങളുണ്ട്.

ചെങ്ങന്നൂർ മാന്നാർ കാട്ടുംപുറത്ത് പന്തപ്ലാംതെക്കേതിൽ പി.പി. അനന്തൻ ആചാരിയുടെയും മകൻ അനു അനന്തന്‍റെയും നേതൃത്വത്തിലുള്ള ആർട്ടിസാൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസാണ് ഇതിന്‍റെ നിർമാണം നിർവഹിച്ചത്. അലങ്കാരപ്രഭ, വിളക്കുകൾ തുടങ്ങിയവയും മാന്നാർ പരുമലയിലെ പണിശാലയിൽ നിന്നു ക്ഷേത്രത്തിലെത്തിച്ചിട്ടുണ്ട്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു