ക്രിസ്റ്റഫർ ലക്സൺ 
World

ചരിത്രം കുറിച്ച ക്ഷമാപണവുമായി ന്യൂസിലാൻഡ് പ്രധാനമന്ത്രി

ക്ഷമാപണം കഴിഞ്ഞ 70 വർഷത്തിനിടെ ഉപദ്രവം നേരിട്ടവരോട്

കഴിഞ്ഞ എഴുപതു വർഷത്തിനിടയ്ക്ക് രണ്ടു ലക്ഷത്തോളം കുട്ടികളും യുവാക്കളും ദുർബലരായ മുതിർന്നവരും ഉപദ്രവം നേരിട്ടതായി സർക്കാർ അന്വേഷണത്തിൽ കണ്ടെത്തി. തൊട്ടു പുറകേ ക്ഷമാപണവുമായി പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ രംഗത്തെത്തുകയും ചെയ്തു.

1950 മുതൽ 2019 വരെയുള്ള കാലത്ത് ഏതാണ്ടു മൂന്നിലൊന്ന് കുട്ടികളും ദുർബലരായ മുതിർന്നവരും ഏതെങ്കിലും തരത്തിലുള്ള ചൂഷണം നേരിട്ടതായി റിപ്പോർട്ടിൽ പറയുന്നു. പുതിയ നഷ്ടപരിഹാര വാദങ്ങളിൽ ഗവണ്മെന്‍റിന് കോടിക്കണക്കിന് ഡോളർ നഷ്ടപരിഹാരമായി നൽകേണ്ടി വരുമെന്നും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.

"ഒരു സമൂഹമെന്ന നിലയിലും ഒരു രാജ്യമെന്ന നിലയിലും ന്യൂസിലാൻഡിന്‍റെ ചരിത്രത്തിലെ ഇരുണ്ടതും ദുഃഖകരവുമായ ദിവസമാണിത്, ഞങ്ങൾ ജനങ്ങളെ നന്നായി സംരക്ഷിക്കേണ്ടിയിരുന്നു, ഇനി ഞങ്ങൾ അങ്ങനെ ചെയ്യുമെന്ന് ഞാൻ ഉറപ്പു തരുന്നു", ലക്സൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നവംബർ 12 ന് ഔദ്യോഗിക ക്ഷമാപണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

5.3 ദശലക്ഷം ജനസംഖ്യയുള്ള ന്യൂസിലൻഡിൽ ചൂഷണത്തെ അതിജീവിച്ച 2,300ലധികം ആളുകളിൽ നിന്ന് നേരിട്ട് തെളിവെടുത്തിട്ടാണ് റോയൽ കമ്മീഷൻ ഒഫ് എൻക്വയറി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

ബലാത്സംഗം, വന്ധ്യംകരണം, വൈദ്യുത ആഘാതം എന്നിവയുൾപ്പെടെ 1970-കളിലാണ് ഏറ്റവും കൂടുതൽ ചൂഷണങ്ങൾ ഉണ്ടായത്. അതാകട്ടെ, ബന്ധുക്കളിൽനിന്നുതന്നെ ആയിരുന്നുതാനും.

ന്യൂസിലാൻഡിലെ തദ്ദേശീയരായ മാവോറി സമൂഹത്തിൽ നിന്നുള്ളവരും മാനസികമോ ശാരീരികമോ ആയ വൈകല്യമുള്ളവരുമാണ് കൂടുതലും ഉപദ്രവങ്ങൾക്ക് ഇരയാകുന്നതെന്ന് റിപ്പോർട്ട് കണ്ടെത്തി.

കുറ്റകൃത്യങ്ങൾ മറച്ചുവയ്ക്കാൻ നിരവധി സിവിൽ, മത നേതാക്കൾ രംഗത്തു വന്നിരുന്നു. പ്രതികളെ സംരക്ഷിക്കാനുള്ള ഈ ശ്രമത്തിനിടെ, നീതി ലഭിക്കും മുമ്പേ നിരവധി ഇരകൾ കൊല്ലപ്പെട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ന്യൂസിലാൻഡ് ഗവൺമെന്‍റിൽ നിന്ന് പരസ്യമായി ക്ഷമാപണം ആവശ്യപ്പെടുന്നതുൾപ്പെടെ 138 ശുപാർശകൾ നൽകിയ റിപ്പോർട്ടിന് ഒപ്പം, മുമ്പ് ബാലപീഡനത്തെ അപലപിച്ച് നേരത്തെ തന്നെ രംഗത്തെത്തിയ കത്തോലിക്കാ, ആംഗ്ലിക്കൻ സഭകളുടെ തലവൻമാരും ഇത്തവണയും ശക്തമായ പ്രതികരണവുമായി രംഗത്തെത്തി.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...