ന്യൂഡൽഹി: റഷ്യൻ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വ്ലാഡിമിർ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്രത്തിന്‍റെയും ചർച്ചകളുടെയും വഴിതേടണമെന്നും മോദി അഭ്യർഥിച്ചു. ഇരുനേതാക്കളും ടെലിഫോണിൽ നടത്തിയ ചർച്ചയിലാണു മോദിയുടെ അഭിനന്ദനവും അഭ്യർഥനയും. ആഗോള, പ്രാദേശിക വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവച്ച നേതാക്കൾ ഇന്ത്യ- റഷ്യ സഹകരണത്തിലെ പുരോഗതി വിലയിരുത്തി. ബന്ധം ശക്തമായി തുടരുമെന്നും ഇരുവരും ഉറപ്പുനൽകി. തെരഞ്ഞെടുപ്പിൽ 87.8 ശതമാനം വോട്ട് നേടിയ പുടിൻ കഴിഞ്ഞ ദിവസമാണ് റഷ്യൻ പ്രസിഡന്‍റായി തുടർച്ചയായ അഞ്ചാമൂഴം ഉറപ്പിച്ചത്.
കമ്യൂണിസ്റ്റ് പാർട്ടി നേതാവ് നിക്കോളായ് ഖറിത്തൊനോവ്, ലിബറൽ ഡെമൊക്രറ്റിക് പാർട്ടി നേതാവ് ലിയോനിഡ് സ്ലട്സ്കി, ന്യൂ പീപ്പിൾ പാർട്ടി നേതാവ് വ്ലാഡിസ്ലാവ് ദവൻകോവ് എന്നിവർക്ക് നേരിയ വെല്ലുവിളിപോലും ഉയർത്താനായില്ല. ആറുവർഷമാണ് പ്രസിഡന്‍റിന്‍റെ കാലാവധി. വീണ്ടും മത്സരിക്കാനും തടസ്സമില്ല.
നേരത്തേ, നാലു വർഷമായിരുന്നു കാലാവധി. ഒരാൾക്ക് രണ്ടു തവണയേ പ്രസിഡന്‍റാകാനാവൂ എന്നും വ്യവസ്ഥയുണ്ടായിരുന്നു. 2008ൽ പുടിൻ ഭരണഘടനാ ഭേദഗതിയിലൂടെ ഈ വ്യവസ്ഥ ഒഴിവാക്കി. 1999ൽ ബോറിസ് യെൽട്സിന്‍റെ പെട്ടെന്നുള്ള രാജിയെ തുടർന്ന് താത്കാലികമായി പ്രസിഡന്‍റ് പദവിയേറ്റെടുത്ത പുടിൻ 2000ലാണ് ആദ്യമായി തെരഞ്ഞെടുപ്പ് ജയിക്കുന്നത്.