ഷുവോഷു: ചൈനീസ് തലസ്ഥാനമായ ബീജിങ്ങിൽ അഞ്ചു ദിവസത്തിനിടെ പെയ്തത് 744.8 മില്ലിമീറ്റർ മഴ. 140 വർഷത്തിനിടെ ബീജിങ്ങിൽ പെയ്യുന്ന ഏറ്റവും ശക്തമായ മഴയാണിത്. ഡോക്സുരി കൊടുങ്കാറ്റിന്റെ ഭാഗമായാണു പേമാരിയെന്നു ബീജിങ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബീജിങ്ങിലും സമീപത്തെ ഹെയ്ബെയ് പ്രവിശ്യയിലും ശനിയാഴ്ച മുതൽ ശക്തമായ മഴയാണു പെയ്യുന്നത്. പേമാരിയിലും വെള്ളപ്പൊക്കത്തിലും നിരവധി റോഡുകൾ തകർന്നു. വൈദ്യുതി, കുടിവെള്ള വിതരണം തകരാറിലാണ്. നദികൾ കരകവിഞ്ഞതിനെത്തുടർന്ന് ബീജിങ്ങിൽ പലയിടത്തും ആളുകൾ പാലങ്ങളിൽ അഭയം തേടി.