ജോ ബൈഡൻ അപ്രതീക്ഷിതമായി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്നു പിന്മാറിയതിനെക്കുറിച്ച് പ്രതികരിച്ച് റഷ്യ. അമെരിക്കയല്ല, യുക്രെയ്നാണ് തങ്ങൾക്കു മുൻഗണന എന്ന് റഷ്യൻ ക്രെംലിൻ വക്താവ് ദിമിർതി പെസ്കോവ് പറഞ്ഞു.
2022 ഫെബ്രുവരി മുതൽ യുക്രെയ്നുമായി സംഘർഷത്തിലാണ് റഷ്യ. അമെരിക്കയാകട്ടെ,യുക്രെയ്നിന്‍റെ പക്ഷത്തും.
ഞായറാഴ്ച ബൈഡന്‍റെ പ്രഖ്യാപനത്തിന് നിമിഷങ്ങൾക്ക് ശേഷം, ക്രെംലിൻ വക്താവ് ദിമിർതി പെസ്കോവ് ഇങ്ങനെ പറഞ്ഞു: 2024 ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഫലത്തിനായി കാത്തിരിക്കുന്നതിനേക്കാൾ റഷ്യയ്ക്ക് മറ്റ് മുൻഗണനകളുണ്ട്. യുഎസല്ല, യുക്രെയ്നാണ് റഷ്യയ്ക്ക് മുൻഗണന.
യുക്രെയ്നിനെതിരായ പോരാട്ടത്തിൽ വിജയിക്കുക എന്നത് റഷ്യയുടെ മുൻഗണനകളിൽ പെട്ടതാണെന്ന് പെസ്കോവ് പറഞ്ഞു.
“ഞങ്ങളെ സംബന്ധിച്ചിടത്തോളം, യുക്രെയ്‌നെതിരെ പ്രത്യേക സൈനിക നടപടിയുടെ ലക്ഷ്യത്തിലെത്തുന്നത് യുഎസ് തിരഞ്ഞെടുപ്പിന്‍റെ ഫലത്തേക്കാൾ മുൻഗണനയുള്ളതാണ്. പെസ്കോവ് പറഞ്ഞു.
ഈ വർഷമാദ്യം, യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ബൈഡൻ വിജയിക്കുന്നത് താൻ ഇഷ്ടപ്പെടുന്നുവെന്ന പുടിന്‍റെ പ്രസ്താവനയിൽ ക്രെംലിൻ വക്താവ് ഉറച്ചു നിന്നു. ബൈഡനെ"ഒരു പഴയ സ്കൂൾ രാഷ്ട്രീയക്കാരനും" മോസ്കോയുടെ താൽപ്പര്യങ്ങളുടെ കാഴ്ചപ്പാടിൽ നിന്ന് "കൂടുതൽ പ്രവചിക്കാവുന്നവനും" എന്ന് പുടിൻ അന്നു വിമർശിച്ചിരുന്നു.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇനിയും നാലു മാസം കൂടി അമെരിക്കൻ തെരഞ്ഞെടുപ്പിന് ഉള്ളതിനാൽ ഈ നീണ്ട കാലയളവിൽ പലതും മാറിയേക്കാം എന്നും പെസ്‌കോവ് കൂട്ടിച്ചേർത്തു.