ആർസനി ടർബിൻ റഷ്യ തുറുങ്കിലടച്ച കൗമാരക്കാരൻ 
World

കുട്ടികളെയും വേട്ടയാടി റഷ്യൻ പ്രസിഡന്‍റ് പുടിൻ

അപ്പീൽ പരാജയപ്പെട്ടതിനെ തുടർന്ന് റഷ്യൻ യുദ്ധവിരുദ്ധ കൗമാരക്കാരന് അഞ്ച് വർഷം തടവ്

യുക്രെയ്നിനു നേരെ റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരെ തന്‍റെ സ്കൂളിൽ പ്രതിഷേധിച്ച പതിനഞ്ചുകാരനെ റഷ്യ തുറുങ്കിലടച്ചു. വ്ലാഡിമിർ പുടിന്‍റെ യുക്രെയ്ൻ യുദ്ധത്തെ ശക്തമായി വിമർശിച്ചതും അദ്ദേഹത്തിന്‍റെ യുക്രെയ്ൻ യുദ്ധമുറകൾക്കെതിരെ ലഘുലേഖ വിതരണം ചെയ്തതുമാണ് ആർസനി എന്ന ബാലനെ അഞ്ചു വർഷത്തേയ്ക്ക് തുറുങ്കിലടയ്ക്കാൻ റഷ്യ കണ്ട കാരണം.

2023ൽ ജയിലിൽ അടയ്ക്കപ്പെടുമ്പോൾ ആർസനി ടർബിന് പ്രായം 15.

യുക്രെയ്നിനെതിരെ റഷ്യ നടത്തുന്ന അധിനിവേശത്തോട് ഭൂരിഭാഗം റഷ്യക്കാർക്കും താൽപര്യമില്ല. എന്നു തന്നെയല്ല യുക്രെയ്നിനു വേണ്ടി റഷ്യൻ സൈന്യത്തിനെതിരെ പോരാടുന്ന റഷ്യൻ സന്നദ്ധ പ്രവർത്തകർ അടങ്ങുന്ന അർധ സൈനിക വിഭാഗവും ഉണ്ടെന്നതാണ് വസ്തുത. ആർസനി ടർബിൻ ഈ അർധ സൈനിക വിഭാഗത്തിൽ ചേർന്നു എന്നാണ് ഇപ്പോൾ റഷ്യൻ സൈനികർ ആരോപിക്കുന്നത്.ഫ്രീഡം ഒഫ് റഷ്യ ലെജിയൻ എന്നാണ് ഈ അർധ സൈനിക വിഭാഗം അറിയപ്പെടുന്നത്. ഫ്രീഡം ഓഫ് റഷ്യ ലെജിയനെ റഷ്യ തീവ്രവാദ സംഘടനയായിട്ടാണ് കരുതുന്നത്.

പുടിനെതിരെയും യുദ്ധത്തിനെതിരെയും സ്വന്തം സ്കൂളിൽ ശക്തമായി പ്രതികരിച്ചതിന്‍റെ പേരിൽ ആർസനിയെ ജുവൈനൽ കോളനിയിൽ അഞ്ചു വർഷത്തെ തടവിനു ശിക്ഷിച്ചത് 2023 ലെ വേനൽക്കാലത്തായിരുന്നു.ഇക്കഴിഞ്ഞ വ്യാഴാഴ്ച ആർസനിയുടെ അഞ്ചു വർഷത്തെ കാലാവധി അവന്‍റെ പ്രായവും നിഷ്കളങ്കതയും പരിഗണിച്ച് കുറയ്ക്കുമെന്നു പ്രതീക്ഷിച്ചവരെ നിരാശരാക്കിക്കൊണ്ട് അപ്പീൽ കോടതി ആ ബാലന്‍റെ അഞ്ചു വർഷത്തെ കാലാവധി കേവലം ഇരുപത്തി നാലു ദിവസം മാത്രം കുറച്ചിരിക്കുന്നു.

റഷ്യൻ മനുഷ്യാവകാശ സംഘടനയായ ഒവിഡി-ഇൻഫോയുടെ അഭിപ്രായത്തിൽ യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്‍റെയും തുടർന്നുള്ള പൗര സ്വാതന്ത്ര്യത്തിനും മേലുള്ള അടിച്ചമർത്തലിന്‍റെയും തുടക്കം മുതൽ രാഷ്ട്രീയ പ്രേരിതമായി ക്രിമിനൽ കുറ്റാരോപണങ്ങൾ നേരിട്ട പ്രായപൂർത്തിയാകാത്ത ഒമ്പതു പേരിൽ ഒരാളാണ് ആർസനി ടർബിൻ.

റഷ്യൻ ഉദ്യോഗസ്ഥർ തനിക്കെതിരെ ചുമത്തിയ എല്ലാ ആരോപണങ്ങളും ആർസനി നിഷേധിച്ചു.താൻ സൈന്യത്തെ കുറിച്ചു ഗവേഷണം നടത്തിയിട്ടുണ്ടെങ്കിലും ഒരിക്കലും അവരോട് യാചിക്കാൻ നിന്നിട്ടില്ലെന്നും യാചിക്കാനും മാത്രം താൻ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും ആർസനി പറയുന്നു. അവൻ നിരപരാധിയാണെന്ന് ആർസനിയുടെ അമ്മ ഐറിനയും പറയുന്നു.

ആർസനിയ്ക്ക് ഇത്ര കടുത്ത ശിക്ഷ വിധിച്ച ജഡ്ജിയെ തനിക്കു മനസിലാകുന്നില്ല എന്നാണ് ഐറിന തന്‍റെ മകനെ ജയിലിലടച്ച ശിക്ഷാവിധിയോട് പ്രതികരിച്ചത്.റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനെ വിമർശിക്കുന്ന ലഘുലേഖകൾ ആർസനി വിതരണം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.താൻ ലഘുലേഖകൾ വിതരണം ചെയ്തതായി ആർസനി സമ്മതിച്ചു.എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരുടെ നിർദേശങ്ങളെ അവൻ പാടേ അവഗണിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ആർസനി റഷ്യൻ പ്രതിപക്ഷത്തിന്‍റെ വാദമുഖങ്ങളെ റീ പോസ്റ്റ് ചെയ്യുകയും ഇടയ്ക്കിടെ തന്‍റെ രാഷ്ട്രീയ നിലപാടുകൾ പങ്കു വയ്ക്കുകയും ചെയ്തിരുന്നു.ഇതിൽ പുടിന്‍റെ ആജന്മ ശത്രുവായിരുന്ന അന്തരിച്ച പ്രതിപക്ഷ നേതാവായിരുന്ന അലക്സി നവൽനിയെ പിന്തുണച്ച് ഇട്ട സോളോ പിക്കറ്റ് നടത്തുന്ന വീഡിയോ ഉൾപ്പടെ ഉണ്ടായിരുന്നു.

എന്നാൽ അതെല്ലാം അവന്‍റെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നു എന്നും ഫ്രീഡം ഒഫ് റഷ്യ ലെജിയന്‍റെ നിർദേശപ്രകാരമായി രുന്നില്ലെന്നും അമ്മ ഐറിന പറയുന്നു.

എന്നിട്ടും കേവലം പതിനഞ്ചു വയസുമാത്രം പ്രായമുണ്ടായിരുന്ന ആ സ്കൂൾ ബാലനെ 2023 ഓഗസ്റ്റ് അവസാനത്തോടെ റഷ്യയുടെ സുരക്ഷാ സേവനമായ എഫ്എസ് ബിയുടെ ഏജന്‍റുമാർ മോസ്കോയിൽ നിന്നും 450 കിലോമീറ്റർ തെക്കുള്ള ലിവ്നി എന്ന കൊച്ചു പട്ടണത്തിലെ ആർസനിയുടെ വീട്ടിലെത്തി തിരച്ചിൽ നടത്തുകയും അവന്‍റെ ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടുകെട്ടുകയും ചെയ്തു.

അടുത്ത ദിവസം ഒരു വൻ ക്രിമിനലിനെപ്പോലെ ആ ബാലനെ അവർ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തി. അവൻ ഫ്രീഡം ഓഫ് റഷ്യ ലെജിയനിൽ ചേർന്നതായി ആരോപിച്ചു.

ഭയന്നു വിറച്ച അവന്‍റെ അമ്മയുടെ കണ്ണുനീർ തുടച്ചു കൊണ്ട് ആർസനി എന്ന ആ പതിനഞ്ചുകാരൻ അപ്പോൾ പറഞ്ഞു-അമ്മേ,ശാന്തയാകൂ.ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല.അവരിത് പരിഹരിക്കും.

ഒരു അഭിഭാഷകന്‍റെ പോലും സഹായം ആ ബാലന് റഷ്യൻ അന്വേഷണോദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ വേളയിൽ ലഭിച്ചിരുന്നില്ല. അതു കൊണ്ടു തന്നെ ആർസനി എന്ന ബാലൻ ഒരിക്കലും ചെയ്യാത്ത കുറ്റ സമ്മതം എഫ്എസ്ബി എഴുതിച്ചേർത്തതായി ഐറിന വിശ്വസിക്കുന്നു.

ആർസനിയെ മാത്രമല്ല, അവന്‍റെ സ്കൂളിലെ സഹപാഠികളെയും അന്വേഷണോദ്യോഗസ്ഥർ വെറുതെ വിട്ടില്ല.എന്നാൽ അവരിലാരും തന്നെ ആർസനിയ്ക്ക് ഫ്രീഡം ഒഫ് റഷ്യ ലെജിയനുമായി ബന്ധമുള്ളതായി പറഞ്ഞിട്ടില്ല.ആർസനി യുക്രെയ്നിലെ പുടിന്‍റെയും റഷ്യയുടെയും യുദ്ധത്തെ പലപ്പോഴും വിമർശിക്കുമെന്നതല്ലാതെ മറ്റൊരു കുറ്റവും അന്വേഷണോദ്യോഗസ്ഥർക്ക് അവനെതിരെ കണ്ടെത്താനായില്ല. എന്നിട്ടു പോലും ആ പതിനഞ്ചുകാരനെ പിറ്റേ ആഴ്ച തന്നെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യുകയായിരുന്നു റഷ്യ.

മാത്തൂർ പാലത്തിലുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് മരണം

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ബ്രസീലിൽ

ഉറക്ക ഗുളിക ചേർത്ത ഫ്രൈഡ് റൈസ് നൽകി, പെട്രോളൊഴിച്ച് കത്തിച്ചു; ഭർതൃമാതാവിനെ കൊന്ന കേസിൽ യുവതിയും കാമുകനും പിടിയിൽ

കൂടിയും കുറഞ്ഞും ഉറച്ചു നിൽക്കാതെ സ്വർണം; 480 രൂപ കൂടി പവന് 55,960 രൂപയായി

പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിലെ പരിശോധന; റിപ്പോർ‌ട്ട് നൽകാൻ വനിതാ കമ്മിഷൻ