യു എ എ ഇ - യുഎസ് ബന്ധം അചഞ്ചലമെന്ന് ഷെയ്ഖ് മുഹമ്മദ്: ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി 
World

യുഎഇ - യുഎസ് ബന്ധം അചഞ്ചലമെന്ന് ഷെയ്ഖ് മുഹമ്മദ്: ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

ഗസയിൽ സംഘർഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ തുടരുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.

അബുദാബി: തന്‍റെ ആദ്യ ഔദ്യോഗിക അമേരിക്കൻ സന്ദർശത്തിനെത്തിയ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എസ് പ്രസിഡന്‍റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. യുഎസുമായുള്ള യുഎഇയുടെ ബന്ധം അചഞ്ചലമാണെന്നും സഹകരണത്തിന്‍റെ ശക്തിയാണ് ഇത് വിളംബരം ചെയ്യുന്നതെന്നും കൂടിക്കാഴ്ചയിൽ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.വാണിജ്യം, നിക്ഷേപം, സമ്പദ്‌വ്യവസ്ഥ,സാങ്കേതിക വിദ്യ, ബഹിരാകാശം, പുനരുപയോഗ ഊർജം, കാലാവസ്ഥാ മാറ്റം, സുസ്ഥിരത, ഭക്ഷ്യസുരക്ഷാ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇരു നേതാക്കളും തീരുമാനിച്ചു.

1974 ൽ യുഎഇ യുടെ രാഷ്ട്രപിതാവും പ്രഥമ പ്രസിഡന്‍റുമായ ഷെയ്ഖ് സായിദ് അമേരിക്കയുടെ അപ്പോളോ ദൗത്യത്തെക്കുറിച്ച് അറിയുന്നതിന് നാസ സംഘവുമായി കൂടിക്കാഴ്ച നടത്തിയ കാര്യം ഷെയ്ഖ് മുഹമ്മദ് അനുസ്മരിച്ചു. 50 വർഷത്തിന് ശേഷം ഇപ്പോൾ യുഎഇ, നാസയുമായി ചന്ദ്രന് ചുറ്റുമുള്ള ആദ്യ ബഹിരാകാശ നിലയമായ 'ഗേറ്റ് വേ' സ്ഥാപിക്കാനുള്ള ദൗത്യത്തിൽ സഹകരിക്കുന്നത് സന്തോഷകരമാണെന്ന് യു എ ഇ പ്രസിഡന്‍റ് പറഞ്ഞു.

ഗസയിൽ സമാധാന ശ്രമങ്ങൾ തുടരാൻ ധാരണ

ഗസയിൽ സംഘർഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ തുടരുമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. സംഘർഷ ഭൂമിയിൽ തടസങ്ങളില്ലാതെ സഹായം എത്തിക്കാൻ ഉടൻ വെടി നിർത്തൽ നിലവിൽ വരേണ്ടതിന്‍റെ ആവശ്യകത ചർച്ചയായി. ഗസയിൽ നീണ്ട വെടിനിർത്തൽ ഏർപ്പെടുത്താനും, തടവുകാരെയും ബന്ദികളെയും മോചിപ്പിക്കാനും യു എസ്, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങൾ നടത്തുന്ന സംയുക്ത ശ്രമങ്ങളെ ഷെയ്ഖ് മുഹമ്മദ് പ്രശംസിച്ചു.

ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് യു എ ഇ പ്രസിഡന്‍റ് സന്ദർശക പുസ്തകത്തിൽ കുറിച്ചു. കൂടിക്കാഴ്ചയിൽ അബുദാബി ഉപഭരണാധികാരിയും ദേശിയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തനൂൺ ബിൻ സായിദ് അൽ നഹ്യാൻ, യു എ ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും പ്രമുഖ ഉദ്യോഗസ്ഥരും പങ്കെടുത്തു.

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം