തർമാൻ ഷൺമുഖരത്നം 
World

തർമൻ ഷൺമുഖരത്നം സിംഗപ്പൂർ പ്രസിഡന്‍റ് പദത്തിലേക്ക്; ഇന്ത്യൻ വംശജരായ ലോകനേതാക്കളുടെ പട്ടിക നീളുന്നു

വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 70.4 ശതമാനം വോട്ടാണ് തർമൻ സ്വന്തമാക്കിയത്.

സിംഗപ്പൂർ: സിംഗപ്പൂർ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ തർമൻ ഷൺമുഖരത്നം വിജയിച്ചതോടെ ഇന്ത്യൻ വംശജരായ ലോക നേതാക്കളുടെ പട്ടിക ഒന്നു കൂടി നീളുകയാണ്. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 70.4 ശതമാനം വോട്ടാണ് തർമൻ സ്വന്തമാക്കിയത്. സിംഗപ്പൂരിൽ ജനിച്ചു വളർന്ന തർമൻ നേരത്തെ മന്ത്രിപദം വഹിച്ചിരുന്നു. രണ്ട് ചൈനീസ് വംശജരുൾപ്പെടെ മൂന്നു പേരാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. നിലവിലെ പ്രസിഡന്‍റ് ഹലീമ യാക്കോബിന്‍റെ കാലാവധി സെപ്റ്റംബർ 13 ന് അവസാനിക്കാനിരിക്കേയാണ് തെരഞ്ഞെടുപ്പു നടത്തിയത്.

സിംഗപ്പൂരിലെ വിജയത്തോടെ ലോകത്ത് ഇന്ത്യൻ വംശജരുടെ സ്വാധീനം ഒന്നു കൂടി വർധിച്ചിരിക്കുകയാണെന്നും വേണം പറയാൻ.

യുഎസിൽ ഇന്ത്യൻ- അമെരിക്കൻ കമ്യൂണിറ്റിയുടെ സ്വാധീനം ശക്തമായതിന്‍റെ ഉത്തമോദാഹരണമാണ് കമല ഹാരിസ് ആദ്യ വനിതാ വൈസ് പ്രസിഡന്‍റ് പദത്തിലെത്തിയത്. ഇന്ത്യൻ- ജമൈക്കൻ വംശജരാണ് കമല ഹാരിസിന്‍റെ മാതാപിതാക്കൾ. അതു മാത്രമല്ല നവംബറിൽ നടന്ന നിർണായകമായ ഇടക്കാല തെരഞ്ഞെടുപ്പിൽ രാജാ കൃഷ്ണമൂർത്തി, റോ ഖന്ന, പ്രമീള ജയപാൽ, അമി ബേര, തനേദാർ തുടങ്ങി അഞ്ച് ഇന്ത്യൻ- അമെരിക്കൻ വംശജരാണ് യുഎസ് ഹൗസ് പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടത്.

കമല ഹാരിസ്

ബ്രിട്ടനിലും കാര്യങ്ങളിൽ വലിയ മാറ്റമില്ല. ഋഷി സുനാക് ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോൾ ഗോവൻ വംശജരായ സുവേല ബ്രവേർമാൻ, ക്ലെയർ കുടീഞ്ഞോ എന്നിവർ അദ്ദേഹത്തിന്‍റെ ക്യാബിനറ്റിൽ പ്രമുഖ പദവികൾ വഹിക്കുന്നുണ്ട്. അയർലണ്ടിന്‍റെ പ്രധാനമന്ത്രി ലിയോ എറിക് വറാദ്കറും ഇന്ത്യൻ വംശജയാണ്. മുംബൈയിൽ ജനിച്ച ഡോ. അശോക് ആണ് ലിയോ എറിക്കിന്‍റെ പിതാവ്. 2015 മുതൽ പോർച്ചുഗലിൽ പ്രധാനമന്ത്രി പദത്തിലിരിക്കുന്ന അന്‍റോണിയോ കോസ്റ്റയും പാതി ഇന്ത്യൻ ആണ്. ക്യാനഡയിൽ അനിതാ ആനന്ദ് ആദ്യ ഹിന്ദു ഫെഡറൽ മിനിസ്റ്റർ ആയി ചുമതലയേറ്റിരുന്നു.

ഋഷി സുനാക്

അതിനു പുറമേ കനേഡിയൻ മന്ത്രിസഭയിൽ ഹർജിത് സജ്ജൻ, കമൽ ഖേര എന്നീ രണ്ട് ഇന്ത്യൻ വംശജരായ മന്ത്രിമാരുമുണ്ട്.

ചെന്നൈയിലെ മലയാളി കുടുംബത്തിൽ പിറന്ന പ്രിയങ്ക രാധാകൃഷ്ണൻ ന്യൂസിലാൻഡ് മന്ത്രിസഭയിലെ ആദ്യ ഇന്ത്യൻ വംശജയായ മന്ത്രിയാണ്. 2021 ലെ ഇന്ത്യാസ്പോറ സർക്കാർ നേതാക്കളുടെ പട്ടികയിൽ 15 രാജ്യങ്ങളിലായി 60 ഇന്ത്യൻ വംശജർ മന്ത്രിപദം അലങ്കരിക്കുന്നതായി കണ്ടെത്തിയിരുന്നു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?