വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്യുന്നവർ 
World

അഭയം തേടി ആയിരങ്ങൾ, അതിർത്തി തുറക്കാതെ ഈജിപ്റ്റ്

ജറൂസലം: ഇസ്രയേലിന്‍റെ ആക്രമണവും അതിർത്തി തുറക്കില്ലെന്ന ഈജിപ്റ്റിന്‍റെ കടുത്ത നിലപാടും തുടരുമ്പോൾ ഗാസയിൽ ജനജീവിതം രൂക്ഷമായ പ്രതിസന്ധിയിൽ. ആവശ്യത്തിനു കുടിവെള്ളവും ഭക്ഷണവും കിട്ടാത്തത് വലിയ ആരോഗ്യ ദുരന്തത്തിനു വഴിവയ്ക്കുമെന്നു ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി. എന്നാൽ, അഭയാർഥികളുടെ ഏക രക്ഷാമാർഗമായ റഫ അതിർത്തി തുറക്കില്ലെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് ഈജിപ്റ്റ്.

കാൽനടയായും വാഹനങ്ങളിലും റഫ അതിർത്തിയിലെത്തിയ പതിനായിരങ്ങൾ ദിവസങ്ങളായി ഇവിടെ കാത്തിരിക്കുകയാണ്. ഗാസയിൽ മാനുഷിക സഹായം നൽകാൻ ഇസ്രയേൽ അനുവദിച്ചാൽ മാത്രമേ റഫ അതിർത്തി കടക്കാൻ അഭയാർഥികളെ അനുവദിക്കൂ എന്ന് ഈജിപ്റ്റ് വ്യക്തമാക്കി. ഇന്നലെയും ഇതുസംബന്ധിച്ച് ഇസ്രയേലും ഈജിപ്റ്റും നടത്തിയ ചർച്ച പരാജയപ്പെട്ടു.

ഇസ്രയേലിന്‍റെ മുന്നറിയിപ്പിനെത്തുടർന്ന് ആറു ലക്ഷത്തോളം പേർ വടക്കൻ ഗാസയിൽ നിന്നു പലായനം ചെയ്തതായാണ് അവസാന റിപ്പോർട്ട്. തെക്കൻ ഗാസയിലെ വീടുകളും തെരുവുകളിലും അഭയാർഥി സംഘങ്ങളെക്കൊണ്ട് നിറഞ്ഞു. ഒരു വീട്ടിൽ 90 പേർ വരെയാണു തങ്ങുന്നത്. ഭക്ഷണത്തിനുൾപ്പെടെ കിലോമീറ്ററുകൾ നീണ്ട നിരയാണ് ഇവിടെ. ഇസ്രയേലിന്‍റെ സൈനിക നടപടിയിൽ മരണം 3,000 കടന്നതായി പലസ്തീൻ അധികൃതർ പറയുന്നു. 10,000ലേറെ പേർക്കു പരുക്കേറ്റു. ആശുപത്രികളിലടക്കം വൈദ്യുതി നിലച്ചത് ചികിത്സയെയും ബാധിച്ചിട്ടുണ്ട്.

യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഇന്ന് ഇസ്രയേലിലെത്തും. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുന്ന ബൈഡൻ, ജോർദാൻ ഉൾപ്പെടെ രാജ്യങ്ങളുമായും ചർച്ച നടത്തിയേക്കും. അതിനിടെ, ഇസ്രയേലിനെ വിമർശിച്ച് റഷ്യയും ചൈനയും രംഗത്തെത്തിയിട്ടുണ്ട്. ഗാസ അതിർത്തിയിൽ ടാങ്ക് സേനയെ വിന്യസിച്ച് കരയുദ്ധത്തിനു കാത്തിരിക്കുകയാണ് ഇസ്രയേലിന്‍റെ കരസേന. രാഷ്‌ട്രീയ തീരുമാനമുണ്ടായാലുടൻ കാലാൾപ്പട നീങ്ങുമെന്ന് സേനാ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

ഇന്നലെ ഹമാസിന്‍റെ മിലിറ്ററി കൗൺസിൽ അംഗവും മുതിർന്ന കമാൻഡറുമായ അയ്മൻ നൗഫലിനെ ഇസ്രേലി സേന വ്യോമാക്രമണത്തിൽ വധിച്ചു. 40 കുടുംബങ്ങളിൽ നിന്നായി 199 പേരാണു ഹമാസിന്‍റെ തടവിലുള്ളത്. ഇസ്രയേലിൽ തടവിലുള്ള 6000 പലസ്തീൻ പൗരന്മാരെ മോചിപ്പിച്ചാൽ ഇവരെയും വിട്ടയയ്ക്കുമെന്നാണ് ഹമാസിന്‍റെ പുതിയ പ്രഖ്യാപനം.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി