സൈമ വാസെദ് 
World

പ്രശ്നഭരിതമായ കൗമാരത്തിന് ട്രിപ്പിൾ ഡിവിഡന്‍റ് ആനുകൂല്യമൊരുക്കാൻ WHO

മാതാപിതാക്കളെയും അധ്യാപകരെയും സമൂഹത്തെ തന്നെയും വെള്ളം കുടിപ്പിക്കുന്ന കൗമാരകാലം. ഏറെ പ്രതിസന്ധികളുടേത് എന്നതു പോലെ തന്നെ ബൗദ്ധിക വിജ്ഞാന മേഖലകളിലും ഏറ്റവും വലിയ ഉണർവുള്ള കാലഘട്ടം.

പന്ത്രണ്ട് മുതൽ പത്തൊൻപതു വയസു വരെയുള്ള ഈ പ്രായം സാമൂഹികവും ശാരീരികവും വൈകാരികവും ലൈംഗികവുമായ വികാസത്തിന്‍റെ ഒരു കാലഘട്ടം കൂടിയാണ്. രാഷ്ട്രത്തിന്‍റെ സമ്പത്ത് വരും തലമുറയാണ് എന്നതിനാൽ കൗമാരപ്രായത്തിലുള്ള കുട്ടികളുടെ ആരോഗ്യ വികസന നയങ്ങളിൽ ദേശീയ ശ്രദ്ധ വേണം-പറയുന്നത് ഡബ്ല്യു എച്ച്ഒ തെക്ക്-കിഴക്കൻ ഏഷ്യയുടെ റീജിയണൽ ഡയറക്ടർ സൈമ വാസെദ്.

കൗമാരക്കാർക്ക് സാർവത്രിക ആരോഗ്യ പരിരക്ഷ നേടുന്നതിനുള്ള മൂന്ന് ദിവസത്തെ 'റീജിയണൽ മീറ്റിംഗിൽ' ആണ് അവർ ഇതു പറഞ്ഞത്.

ട്രിപ്പിൾ ഡിവിഡന്‍റ് ഇങ്ങനെ:

ഉടനടി നൽകുന്ന ആരോഗ്യ പ്രവർത്തനങ്ങൾ. ആരോഗ്യ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന പോസിറ്റീവ് സ്വഭാവങ്ങൾ വളർത്തുക, ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുക, രോഗങ്ങളെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സ നൽകുക, എത്രയും വേഗം പുനരധിവാസം നൽകുക എന്നിവയാണ് ട്രിപ്പിൾ ഡിവിഡന്‍റിലെ ഉടനടി പ്രവർത്തനങ്ങൾ.

ഭാവി പ്രവർത്തനങ്ങളാണ് ട്രിപ്പിൾ ഡിവിഡന്‍റിൽ രണ്ടാമത്തേത്.

ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കാൻ സഹായിക്കുന്നതിലൂടെ ഭാവിയിൽ പ്രായപൂർത്തിയാകുമ്പോൾ ദോഷകരമായ പെരുമാറ്റങ്ങളും രോഗാവസ്ഥയും കുറയുമെന്ന തത്വമാണ് ഇവിടെ പ്രാവർത്തികമാക്കുന്നത്.

ആരോഗ്യം തലമുറകളിലേയ്ക്ക് പകരാൻ വേണ്ട പ്രവർത്തനങ്ങൾ ഇപ്പോഴേ ചെയ്യുക എന്നതാണ് അടുത്ത തത്വം.

കൗമാരത്തിൽ ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും രോഗങ്ങൾക്കുള്ള അപകടസാധ്യത ഘടകങ്ങൾ തടയുന്നതിലൂടെയും വരും തലമുറകളും ആരോഗ്യപരമായി തീരുമെന്ന തത്വമാണ് ഇവിടെ പ്രാവർത്തികമാകുക.

ഇങ്ങനെയൊക്കെ ആയതു കൊണ്ടു തന്നെ കൗമാരത്തിനു മുടക്കുന്ന ഓരോ ചെറിയ തുകയും പത്തിരട്ടിയായി നല്ലൊരു വരും തലമുറയിലൂടെ ഫലം നൽകുമെന്നാണ് വിശ്വാസമെന്നും അവർ പറഞ്ഞു.

ഡബ്ല്യുഎച്ച്ഒയുടെ തെക്ക്-കിഴക്കൻ ഏഷ്യൻ മേഖലയിൽ പ്രതിദിനം 670 കൗമാരക്കാരാണ് അകാല മരണത്തെ പുൽകുന്നത്. ശിശുവിവാഹം, തന്മൂലമുണ്ടാകുന്ന ഗർഭധാരണം,മാനസികാരോഗ്യമില്ലായ്മ, പോഷകാഹാരക്കുറവ്,സാംക്രമികേതര രോഗങ്ങൾ, തുടങ്ങിയവയെല്ലാം ഈ അകാല മരണങ്ങൾക്ക് കാരണമാണ്.

മിക്ക കൗമാരക്കാരുടെ ആരോഗ്യപ്രശ്നങ്ങളും തടയാവുന്നതോ ചികിത്സിക്കാവുന്നതോ ആണ് ഇവയിൽ ഭൂരിഭാഗമെങ്കിലും ആവശ്യമായ ആരോഗ്യ പരിരക്ഷ ലഭിക്കുന്നതിനും മറ്റു വിവരങ്ങൾ നേടുന്നതിനുമെല്ലാം നവയൗവനത്തിലേയ്ക്കു കാലെടുത്തു വയ്ക്കുന്ന ഈ കുട്ടികൾ വലിയ തടസങ്ങൾ നേരിടുന്നു എന്നതാണ് സത്യം.

ഡബ്ല്യുഎച്ച്ഒ യ്ക്ക് കൗമാര കേന്ദ്രീകൃത പ്രവർത്തനങ്ങൾ വേണ്ടത്രയില്ലെന്നു സമ്മതിച്ച റീജിയണൽ ഡയറക്റ്റർ ശക്തമായ കേന്ദ്രീകൃത ആരോഗ്യ സംവിധാനങ്ങൾ അമ്മമാർക്കും കുട്ടികൾക്കും മുതിർന്നവർക്കും മാത്രമേ ലഭിക്കുന്നുള്ളു എന്നും വിലയിരുത്തി.

നവയൗവനങ്ങൾക്കായി അത്യന്താപേക്ഷിതമായി വേണ്ടത് അവരുടെ പ്രശ്നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന ആരോഗ്യ സംവിധാനങ്ങളാണ്. അവർക്ക് ആവശ്യമെന്തെന്നു കണ്ടറിഞ്ഞു വേണം ഇത് നടപ്പിലാക്കാൻ. പ്രത്യേകിച്ച് യാതൊരു സാമ്പത്തിക ബുദ്ധിമുട്ടുമില്ലാതെ തന്നെ കൗമാരപ്രായക്കാരുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഡബ്ല്യുഎച്ച് ഒയ്ക്കാകണം. അങ്ങനെ ചെയ്യുമ്പോൾ സമഗ്രമായ ആരോഗ്യ പരിരക്ഷ ശക്തമാകുകയും ഡബ്ല്യുഎച്ച്ഒയുടെ യൂണിവേഴ്സൽ ഹെൽത്ത് കവറേജ് ലക്ഷ്യങ്ങളിലേയ്ക്ക് ഡബ്ല്യുഎച്ച്ഒയുടെ പ്രവർത്തനങ്ങളെ അത് കൂടുതൽ അടുപ്പിക്കുകയും ചെയ്യും... സൈമ വാസെദ് പറയുന്നു.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്