അബുദാബി: അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായി സിവിലിയൻമാർക്ക് പൂർണ സംരക്ഷണം ഉറപ്പാക്കാനും, ദുരിത ബാധിതർക്ക് മാനുഷിക പിന്തുണ നൽകാനും യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനും ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനും ആഹ്വാനം ചെയ്തു.
യുഎഇ പ്രസിഡന്‍റ് കഴിഞ്ഞ ദിവസം അബുദാബിയിൽ ജോർദാനിലെ അബ്ദുല്ല രണ്ടാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വികസന മേഖലകളിലും മറ്റ് രംഗങ്ങളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കാനുള്ള കാര്യങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു.
ഗാസയിലും ലബനനിലും വെടിനിർത്തൽ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിന്‍റെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായി സിവിലിയൻമാർക്ക് പൂർണ സംരക്ഷണം ഉറപ്പാക്കുന്നതിന്‍റെയും ദുരിത ബാധിതർക്ക് മാനുഷിക പിന്തുണ നൽകുന്നതിന്‍റെയും പ്രാധാന്യം ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഉയർന്നുവന്നു.
ലബനൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുമ്പോൾ ലബനാന്‍റെ ഐക്യം, പരമാധികാരം, പ്രാദേശിക സമഗ്രത എന്നിവയെ പിന്തുണയ്ക്കുന്നതിൽ യുഎഇയുടെയും ജോർദാന്‍റെയും ഉറച്ച നിലപാട് ഇരുവരും ആവർത്തിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നത് തടയേണ്ടതിന്‍റെ ആവശ്യകത നേതാക്കൾ ഊന്നിപ്പറഞ്ഞു.
എല്ലാവർക്കും സുരക്ഷിതത്വവും സുസ്ഥിരതയും ഉറപ്പു നൽകുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി സമഗ്രവും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള വ്യക്തമായ പാത സ്ഥാപിക്കേണ്ടതിന്‍റെ പ്രാധാന്യവും അവർ എടുത്തു പറഞ്ഞു. യുഎഇയിലെത്തിയ അബ്ദുല്ല രാജാവിനെ അൽ ബതീൻ വിമാനത്താവളത്തിൽ ഷെയ്ഖ് മുഹമ്മദ് സ്വീകരിച്ചു.