ദുബായ്: രാവിലെ ധൃതിയിൽ ഓഫീസിലേക്ക് വച്ചുപിടിക്കുമ്പോഴാണ് മൊബൈൽ ഫോൺ നിർത്താതെ ബെല്ലടിക്കുന്നത്. അത്യാവശ്യ കോളെന്ന് കരുതി എടുക്കുമ്പോഴാകട്ടെ ഓഹരി വിപണിയെക്കുറിച്ച് അറിയാമോ എന്ന ചോദ്യമായിരിക്കും ആദ്യം മുഴങ്ങുക. ഉണ്ടെന്ന് പറഞ്ഞാലും ഇല്ലെന്ന് പറഞ്ഞാലും 'പണി' കിട്ടിയതു തന്നെ. ഉണ്ടെങ്കിൽ ഉത്പന്നങ്ങളെ കുറിച്ച് സംസാരിച്ച് തുടങ്ങും, ഇല്ലെന്ന് പറഞ്ഞാലോ സ്റ്റോക്ക് മാർക്കറ്റിനെക്കുറിച്ചുള്ള സ്റ്റഡി ക്ലാസ്സായിരിക്കും പിന്നെ. താത്പര്യമില്ലെന്ന് പറഞ്ഞാൽ, എന്തുകൊണ്ട് താത്പര്യമില്ലെന്ന് ബോധ്യപ്പെടുത്തേണ്ടി വരും. ഇതോടെ രാവിലത്തെ സമയവും പോകും, മൂഡും പോകും.
ഇങ്ങനെ ടെലി മാർക്കറ്റിങ്ങ് കോളുകൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി ചൊവ്വാഴ്ച പുതിയ നിയമം പ്രാബല്യത്തിൽ വരുകയാണ്. 2024ലെ 57ാം നമ്പർ ക്യാബിനറ്റ് തീരുമാന പ്രകാരമാണ് പുതിയ നിയമം നടപ്പിൽ വരുത്തുന്നത്.
പ്രധാന വ്യവസ്ഥകൾ:
രാവിലെ 9 മുതൽ 6 വരെ മാത്രമേ വിളിക്കാവൂ.
ആദ്യ കോളിൽ തന്നെ സേവനമോ ഉത്പന്നമോ നിരാകരിച്ചാൽ അതേ ദിവസം തന്നെ വീണ്ടും വിളിക്കരുത്.
സേവനമോ ഉത്പന്നമോ സ്വീകരിക്കുന്നതിന് വേണ്ടി സമ്മർദമോ തന്ത്രങ്ങളോ പ്രയോഗിക്കരുത്.
നിയമം ലംഘിച്ചാൽ 5,000 മുതൽ 1,50,000 ദിർഹം വരെ പിഴ ചുമത്തും.
അനുമതിയില്ലാതെ പ്രവർത്തിക്കുന്നവർക്ക് ആദ്യ തവണ 75000 ദിർഹം രണ്ടാം തവണ 1 ലക്ഷം ദിർഹം മൂന്നാം തവണ ഒന്നര ലക്ഷം ദിർഹം എന്നിങ്ങനെ പിഴ
ടെലി മാർക്കറ്റിങ്ങ് ജോലി ചെയ്യുന്നവർക്ക് ശരിയായ പരിശീലനം നൽകിയില്ലെങ്കിൽ 10000 മുതൽ 50000 വരെ പിഴ
സ്ഥാപനത്തിന്‍റെ പേരിൽ രജിസ്റ്റർ ചെയ്യാത്ത നമ്പറുകളിൽ നിന്ന് വിളിച്ചാൽ 25000 മുതൽ 75000 വരെ പിഴ.
വിളിക്കുന്നവരുടെ രജിസ്റ്റർ സൂക്ഷിച്ചില്ലെങ്കിൽ 50000 ദിർഹം വരെ
മാർക്കറ്റിങ് ലക്ഷ്യത്തോടെ വിളിക്കാൻ പാടില്ലാത്തവരുടെ പട്ടികയിൽ ഉള്ളവരെ വിളിച്ചാൽ ഒന്നര ലക്ഷം ദിർഹം വരെ പിഴ.
കോൾ റെക്കോർഡ് ചെയ്യുന്ന കാര്യം അറിയിക്കുന്നതിൽ വീഴ്ച വരുത്തിയാൽ 10000 മുതൽ 30000 ദിർഹം വരെ പിഴ
പ്രതിമാസ റിപ്പോർട്ട് നൽകുന്നതിൽ പരാജയപ്പെട്ടാൽ 30000 ദിർഹം നൽകേണ്ടി വരും.
കസ്റ്റമറുടെ ആവശ്യപ്രകാരം ഫോൺ നമ്പറും മറ്റ് വിവരങ്ങളും സംബന്ധിച്ച സ്രോതസ്സ് വെളിപ്പെടുത്തിയില്ലെങ്കിൽ 75000 വരെ പിഴ
ഈ രീതിയിൽ കർശനമായ ശിക്ഷയാണ് നിയമം ലംഘിക്കുന്ന കമ്പനികൾക്ക് ലഭിക്കുന്നത്.
അനധികൃത മാർക്കറ്റിങ്ങ് കോളുകൾ വിളിക്കുന്ന വ്യക്‌തികൾക്ക് ആദ്യ തവണ 5000 ദിർഹം പിഴ ചുമത്തും.
പിഴത്തുക അടക്കുന്നത് വരെ ഇയാളുടെ പേരിലുള്ള ലാൻഡ് ലൈൻ, മൊബൈൽ ഫോൺ കണക്ഷൻ മൂന്ന് മാസത്തേക്ക് വിച്ഛേദിക്കും.
രണ്ടാം തവണ ആവർത്തിച്ചാൽ 20000 ദിർഹം പിഴ ചുമത്തുകയും കണക്ഷൻ വിച്ഛേദിക്കുകയും ചെയ്യും.
ഒരു മാസത്തിനിടെ മൂന്നാം തവണയും ആവർത്തിച്ചാൽ 50000 ദിർഹം പിഴ ഈടാക്കും.
നിയമ ലംഘകർക്ക് രാജ്യത്തെ ടെലികോം സേവനദാതാക്കളുടെ സേവനം ലഭിക്കുകയില്ല.