യുഎഇ പ്രസിഡന്‍റിന്‍റെ യുഎസ് സന്ദർശനം: സുരക്ഷാ സഹകരണം മെച്ചപ്പെടുത്തും 
World

യുഎഇ പ്രസിഡന്‍റിന്‍റെ യുഎസ് സന്ദർശനം: സുരക്ഷാ സഹകരണം മെച്ചപ്പെടുത്തും

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ചരിത്രപരമായ അമേരിക്കൻ സന്ദർശനത്തിന് തിങ്കളാഴ്ച തുടക്കമാവും

അബുദാബി: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ചരിത്രപരമായ അമേരിക്കൻ സന്ദർശനത്തിന് തിങ്കളാഴ്ച തുടക്കമാവും.

യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി ഗാസ, സുഡാൻ പ്രതിസന്ധികൾ അദ്ദേഹം ചർച്ച ചെയ്യും. വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായും ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും.

യുഎഇ യും അമേരിക്കയും തമ്മിൽ അമ്പത് വർഷത്തിലേറെയായി നിലനിൽക്കുന്ന ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് സന്ദർശനത്തിന്‍റെ പ്രധാന ലക്ഷ്യം. യുഎഇ പ്രസിഡന്‍റായി ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അമേരിക്ക സന്ദർശിക്കുന്നത്.

സമ്പദ് വ്യവസ്ഥ, വാണിജ്യം, സാങ്കേതിക വിദ്യ, നിർമിത ബുദ്ധി, ബഹിരാകാശ സഹകരണം, പുനരുപയോഗ ഊർജം എന്നീ വിഷയങ്ങളെക്കുറിച്ച് ഷെയ്ഖ് മുഹമ്മദ് അമേരിക്കൻ രാഷ്ട്ര നേതാക്കളുമായി ചർച്ച ചെയ്യും.

സുസ്ഥിര മധ്യപൂർവ ദേശം ലക്ഷ്യം

ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാസഹകരണം മെച്ചപ്പെടുത്തുമെന്നും സുസ്ഥിരവും സമാധാനപരവും ഐശ്വര്യപൂർണവുമായ മധ്യപൂർവ ദേശം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും യുഎഇയിലെ അമേരിക്കൻ സ്ഥാനപതി മാർട്ടീന സ്ട്രോങ്ങും അമേരിക്കയിലെ യുഎഇ സ്ഥാനപതി യുസഫ് അൽ ഓതയ്ബയും പറഞ്ഞു.

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ആദ്യ ഔദ്യോഗിക അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് സ്‌ഥാനപതിമാർ ഇക്കാര്യം വ്യക്തമാക്കിയത്.

ഗസ,സുഡാൻ സംഘർഷങ്ങളിൽ അടിയന്തര മാനവിക സഹായം നൽകാൻ ശ്രമം നടത്തുമെന്നും പ്രസ്താവനയിൽ പറയുന്നു.

പ്രതിരോധരംഗത്തും,ഭീകര വിരുദ്ധ പ്രവർത്തനങ്ങളിലുമുള്ള സഹകരണം ഇരു രാജ്യങ്ങളെയും ലോകത്തെ തന്നെയും സുരക്ഷിതമാക്കാൻ സഹായിക്കുന്നു.കഴിഞ്ഞ 30 വർഷത്തിനിടെ 6 സംഘർഷ മേഖലകളിൽ രണ്ട് രാജ്യങ്ങളുടെയും സൈന്യം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചു.

മേഖലയുടെ വളർച്ചക്ക് വേണ്ടി മെച്ചപ്പെട്ട കാഴ്ചപ്പാടുകൾ രൂപപ്പെടുത്തിയും,വെല്ലുവിളികൾ നേരിട്ടും,പുതിയ അവസരങ്ങൾ കണ്ടെത്തിയും അടുത്ത 50 വർഷത്തേക്കുള്ള യു എസ് -യുഎഇ സഹകരണം ശക്തിപ്പെടുത്തുമെന്ന് സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ