യുഎഇയും യുഎസും തമ്മിൽ കസ്റ്റംസ് സഹകരണ കരാർ 
World

യുഎഇയും യുഎസും തമ്മിൽ കസ്റ്റംസ് സഹകരണ കരാർ

യുഎസിലെ സർവകലാശാലകളിൽ പഠിക്കുന്ന എമിറാത്തി വിദ്യാർഥികളുമായും അടുത്തിടെ ബിരുദം നേടിയ ബഹിരാകാശ സഞ്ചാരികളായ നോറ അൽ മത്രൂഷി, മുഹമ്മദ് അൽ മുല്ല എന്നിവരുമായും കൂടിക്കാഴ്ച നടത്തി

അബുദാബി: യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ യുഎസ് സന്ദർശന വേളയിൽ യുഎഇയും അമേരിക്കയും കസ്റ്റംസ് സഹകരണ കരാറിൽ ഒപ്പുവച്ചു. സാമ്പത്തിക, വ്യാപാര, കസ്റ്റംസ് സഹകരണം മെച്ചപ്പെടുത്തുക, ഇരുരാജ്യങ്ങളും തമ്മിലുള്ള കസ്റ്റംസ് വൈദഗ്ധ്യത്തിന്‍റെയും വിവരങ്ങളുടെയും കൈമാറ്റം നടത്തുക എന്നിവയാണ് കരാറിന്‍റെ പ്രധാന ലക്ഷ്യങ്ങൾ.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ചെയർമാൻ അലി മുഹമ്മദ് അൽ ഷംസി, യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ആക്ടിംഗ് കമ്മീഷണർ ട്രോയ് എ മില്ലർ എന്നിവർ കരാറിൽ ഒപ്പുവച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താനും വ്യാപാര വിനിമയം വർധിപ്പിക്കാനും കസ്റ്റംസ് ലംഘനങ്ങളും അനധികൃത വ്യാപാരവും കുറയ്ക്കാനും വിവരങ്ങളും വൈദഗ്ധ്യവും കൈമാറ്റം ചെയ്യുന്നതിലൂടെ സാങ്കേതിക കസ്റ്റംസ് സഹകരണം വിപുലപ്പെടുത്താനും കരാർ സഹായിക്കുമെന്ന് അലി മുഹമ്മദ് അൽ ഷംസി പറഞ്ഞു.

അമേരിക്കയുമായുള്ള കസ്റ്റംസ് കാര്യങ്ങളിലെ ഈ സഹകരണവും പരസ്പര സഹായ കരാറും ആഗോള വ്യാപാരത്തിന്‍റെ പ്രാദേശിക കവാടമെന്ന നിലയിൽ യുഎഇയുടെ വാണിജ്യ പ്രാധാന്യം വർധിപ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

യുഎഇ പ്രസിഡന്‍റ് യുഎസിലെ എമിറാത്തി വിദ്യാർഥികളെ സന്ദർശിച്ചു

അമേരിക്കൻ സന്ദർശനം തുടരുന്ന യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎസിലെ സർവകലാശാലകളിൽ പഠിക്കുന്ന എമിറാത്തി വിദ്യാർഥികളുമായും അടുത്തിടെ ബിരുദം നേടിയ ബഹിരാകാശ സഞ്ചാരികളായ നോറ അൽ മത്രൂഷി, മുഹമ്മദ് അൽ മുല്ല എന്നിവരുമായും കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്‍റെ ഭാവി രൂപപ്പെടുത്തുന്നതിന് ഇന്ന് യുവാക്കളിൽ നിക്ഷേപം നടത്തേണ്ടതിന്‍റെ പ്രാധാന്യം അദ്ദേഹം പങ്കുവെച്ചു. രാജ്യത്തിന്‍റെ വികസന കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഷെയ്ഖ് മുഹമ്മദ് യുവാക്കളെ ആഹ്വാനം ചെയ്തു.

ലോകം അഭൂതപൂർവമായ വേഗത്തിലാണ് സാങ്കേതികവിദ്യയിൽ മുന്നേറുന്നതെന്നും, സാങ്കേതിക വൈദഗ്ധ്യമുള്ളവർ, പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വൈദഗ്ധ്യമുള്ളവരാണ് സ്വാധീനവും സമ്പത്തും കൈവശം വയ്ക്കുന്നുവെന്നും യുഎഇ പ്രസിഡന്‍റ് പറഞ്ഞു. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അതിന്‍റെ മൂല്യങ്ങളും തത്വങ്ങളും സ്വഭാവവും പ്രതിഫലിപ്പിച്ചുകൊണ്ട് സ്വന്തം രാജ്യത്തിന്‍റെ അംബാസഡർമാരായി മാറാൻ അദ്ദേഹം വിദ്യാർഥികളോട് ആവശ്യപ്പെട്ടു. ബഹിരാകാശ പര്യവേക്ഷണത്തിൽ യുഎഇക്കും അറബ് ലോകത്തിനും അഭിമാനകരമായ നേട്ടം സമ്മാനിച്ച എമിറാത്തികളുടെ കഴിവിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.

മുഹമ്മദ് അൽ മുല്ല, നോറ അൽ മത്രൂഷി തുടങ്ങിയ എമിറാത്തി ബഹിരാകാശ യാത്രികർ ഷെയ്ഖ് മുഹമ്മദിനെ കണ്ടതിൽ ആഹ്‌ളാദം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്‍റെ പ്രതീക്ഷകൾ നിറവേറ്റാൻ കഠിനമായി പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. പ്രത്യേകകാര്യങ്ങൾക്കായുള്ള പ്രസിഡൻഷ്യൽ കോടതി ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ, ദേശീയ സുരക്ഷാ സുപ്രീം കൗൺസിൽ സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മദ് അൽ ഷംസി, അമേരിക്കയിലെ യുഎഇ അംബാസഡർ യൂസഫ് അൽ ഒതൈബ എന്നിവരും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും