ന്യൂഡൽഹി: ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി ചൈന പുതുതായി പുറത്തിറക്കിയ ഭൂപടം യുഎസും ജപ്പാനും തള്ളി. ഡൽഹിയിൽ ഒമ്പതിനു ജി 20 ഉച്ചകോടി നടക്കാനിരിക്കെയാണ് ഇരുരാഷ്ട്രങ്ങളുടെയും ഇന്ത്യയ്ക്ക് അനുകൂല നിലപാട് പ്രഖ്യാപിച്ചത്. ചൈനയുടെ നടപടിയെ നിയമവിരുദ്ധമെന്നാണു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉപ വക്താവ് വേദാന്ത് പട്ടേൽ വിശേഷിപ്പിച്ചത്.
" സമുദ്രാതിർത്തി അവകാശവാദങ്ങളുൾപ്പെടെ ആ ഭൂപടത്തിലെ നിയമവിരുദ്ധമായ വാദങ്ങളെ പൂർണമായും നിരസിക്കുന്നു. ചൈന അന്താരാഷ്ട്ര സമുദ്ര നിയമങ്ങളോട് യോജിച്ചു പ്രവർത്തിക്കണം''- പട്ടേൽ പറഞ്ഞു. ചൈനീസ് വാദങ്ങൾ നിയമവിരുദ്ധമെന്നു മാത്രമല്ല, 1982ലെ യുഎൻ സമുദ്ര നിയമ കൺവെൻഷൻ ചട്ടങ്ങളുടെ ലംഘനം കൂടിയാണെന്നും അദ്ദേഹം. അന്താരാഷ്ട്ര പരമാധികാരത്തെ അവ്യക്തമാക്കുന്ന നീക്കമാണു ചൈനയിൽ നിന്നുണ്ടായതെന്നു യുഎസ് പ്രതിരോധ കേന്ദ്രം പെന്റഗണിന്റെ വക്താവ് പാറ്റ് റൈഡർ ചൂണ്ടിക്കാട്ടി. അതിർത്തികൾ തങ്ങൾക്കിഷ്ടമുളള വിധം മാറ്റിവരയ്ക്കുകയും മറ്റുള്ളവർ തങ്ങളെ പിന്തുടരണമെന്നു ശഠിക്കുകയുമാണു ചൈനയുടെ പുതിയ ശൈലിയെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും റൈഡർ പറഞ്ഞു.
നിയമവിരുദ്ധ ഭൂപടം പുറത്തിറക്കിയ ചൈനയ്ക്കെതിരേ നയതന്ത്ര തലത്തിൽ ശക്തമായ നീക്കം നടത്തുമെന്നും പ്രതിഷേധം അറിയിക്കുമെന്നും ജപ്പാൻ ചീഫ് ക്യാബിനറ്റ് സെക്രട്ടറി ഹിരോകസു മത്സുനോ അറിയിച്ചു.
അരുണാചൽ പ്രദേശിനെയും അക്സായി ചിനെയും തങ്ങളുടേതാക്കി ചൈന പുറത്തിറക്കിയ പുതിയ ഭൂപടം നേരത്തേ ഇന്ത്യ തള്ളിയിരുന്നു. എന്നാൽ, ഭൂപടം പുതുക്കുന്നതു സാധാരണ സംഭവമാണെന്നും വലിയ ഗൗരവം കൊടുക്കാനില്ലെന്നുമായിരുന്നു ചൈനയുടെ ന്യായീകരണം. അരുണാചൽ പ്രദേശ് തങ്ങളുടേതാണെന്നെന്നും ടിബറ്റിന്റെ ഭാഗമാണെന്നുമാണു ചൈനയുടെ വാദം. തെക്കൻ ചൈന കടലിലെ തർക്കപ്രദേശങ്ങൾ തങ്ങളുടേതാക്കി ചിത്രീകരിച്ച ചൈനയ്ക്കെതിരേ വിയറ്റ്നാം, ഫിലിപ്പീൻസ്, മലേഷ്യ, തായ്വാൻ തുടങ്ങിയ രാജ്യങ്ങൾ നേരത്തേ രംഗത്തെത്തിയിരുന്നു.