ട്രിപോളി: അഗ്നി ശമന സേനാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കാനായി രണ്ടു തവണ തീപിടിത്തം സൃഷ്ടിച്ച 44 കാരി അറസ്റ്റിൽ. ഗ്രീസിലെ ട്രിപോളിയിലാണ് സംഭവം. ഓഗസ്റ്റ് 24, 25 തിയതികളിലായാണ് ഇവർ കേരാസ്റ്റയിലെ കൃഷിയിടങ്ങളിലാണ് ഇവർ തീപിടിത്തം സൃഷ്ടിച്ചത്. രണ്ടു പ്രദേശത്തും ഇവരുടെ സാന്നിധ്യത്തിൽ സംശയം തോന്നിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഇവർ മനപൂർവം തീയിടുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്.
ഓഗസ്റ്റ് 26 ന് ഇവരെ അറസ്റ്റ് ചെയ്തു. മൂന്നു വർഷം തടവും 90000 രൂപയോളം പിഴയും ഇവർക്ക് വിധിച്ചതായി ഗ്രീക്ക് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടിടത്തും ഈ സ്ത്രീയുടെ സാനിധ്യമുണ്ടായതും ഇവരുടെ അസാധാരണമായ പെരുമാറ്റവും അഗ്നി ശമന സേനാംഗങ്ങൾക്കിടയിലും സംശയം ജനിപ്പിച്ചിരുന്നു.
രണ്ടു തവണയും ഇവർ സൃഷ്ടിച്ച തീപിടിത്തം വലിയ നാശനഷ്ടങ്ങൾക്കൊന്നും ഇടയാക്കിയിട്ടില്ല. തീപിടിത്തമുണ്ടായെന്ന് അറിഞ്ഞ ഉടനെ അഗ്നി ശമന സേനാംഗങ്ങൾ എത്തി തീ അണച്ചതാണ് നാശനഷ്ടങ്ങൾ കുറയാനുള്ള കാരണം.
ഏഥൻസിൽ അതിരൂക്ഷമായ തീപിടിത്തം ഉണ്ടായതിനു തൊട്ടടുത്ത ആഴ്ചയിലാണ് കെരാസിറ്റ്സയിലും തീ പിടിത്തം സൃഷ്ടിച്ചത്.