നോട്ടു നിരോധനം ശരിവച്ചതു മുതൽ ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കൽ വരെ വിവാദങ്ങൾ സൃഷ്ടിച്ച നിരവധി ചരിത്ര വിധികൾക്കാണ് ഈ വർഷം ഇന്ത്യ സാക്ഷിയായത്.
നമിത മോഹനൻ
ഇന്ത്യയെ സംബന്ധിച്ച് സുപ്രീംകോടതി സുപ്രധാനമായ പല വിധികളും പുറപ്പെടുവിച്ച വര്‍ഷമാണ് 2023. സംഭവ ബഹുലമായ ഒരു വർഷം കൂടി അവസാനിക്കാൻ പോകുമ്പോൾ രാജ്യത്ത് പല നിയമങ്ങളും പ്രാബല്യത്തിൽ വരുകയും മറ്റു പലതും ഇല്ലാതാവുകയും ചെയ്തു. 2022 ൽ 40,000 കേസുകൾ തീർപ്പാക്കിയ സുപ്രീംകോടതി 2023 ൽ ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡിന്‍റെ കീഴിൽ ജനുവരി ഒന്നു മുതൽ ഡിസംബർ 15 വരെ 52,191 കേസുകൾ തീർപ്പാക്കി റെക്കോഡ് സൃഷ്ടിച്ചതാണ് വർഷം അവസാനിക്കുമ്പോൾ എടുത്തു പറയേണ്ട മറ്റൊരു പ്രധാന കാര്യം.
നോട്ടു നിരോധനം ശരിവച്ചതു മുതൽ ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കൽ വരെ വിവാദങ്ങൾ സൃഷ്ടിച്ച നിരവധി ചരിത്ര വിധികൾക്കാണ് ഈ വർഷം ഇന്ത്യ സാക്ഷിയായത്.
ജസ്റ്റിസുമാരായ എസ്. അബ്ദുള്‍ നസീര്‍, ബി.ആര്‍. ഗവായ്, എ.എസ്. ബൊപ്പണ്ണ, വി. രാമ സുബ്രഹ്മണ്യന്‍, ബി.വി. നാഗരത്ന എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ചിന്‍റേതായിരുന്നു വിധി.
2016 ലെ കേന്ദ്രസർക്കാരിന്‍റെ നോട്ട് നിരോധനം ശരിവച്ചുകൊണ്ടുള്ള വിധിയാണ് 2023 ലെ ആദ്യത്തെ സുപ്രധാന സുപ്രീം കോടതി വിധി. ജനുവരി 2 നാണ് സുപ്രീം കോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. അഞ്ചംഗ ബെഞ്ചിൽ നാല് പേരും നോട്ട് നിരോധനത്തെ അനുകൂലിച്ചപ്പോൾ ഒരാൾ മാത്രം എതിർത്തു. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയത് ശരിയായ നടപടിയാണെന്ന് ഭൂരിപക്ഷ ബഞ്ച് വിധിയിൽ വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്. അബ്ദുള്‍ നസീര്‍, ബി.ആര്‍. ഗവായ്, എ.എസ്. ബൊപ്പണ്ണ, വി. രാമ സുബ്രഹ്മണ്യന്‍, ബി.വി. നാഗരത്ന എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ചിന്‍റേതായിരുന്നു വിധി.
നോട്ട് അസാധുവാക്കൽ സംബന്ധിച്ച സർക്കാർ വിജ്ഞാപനം നിയമവിരുദ്ധമാണെന്നും 1000, 500 രൂപയുടെ എല്ലാ കറൻസികളും നിരോധിക്കാൻ കേന്ദ്രസർക്കാരിന് കഴിയില്ലെന്നും ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ അധികാരം റിസര്‍വ് ബാങ്കിനാണെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന അഭിപ്രായപ്പെട്ടു. എന്നാൽ നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നാണ് മറ്റു ജഡ്ജിമാർ നിലപാട് സ്വീകരിച്ചത്. നോട്ടുനിരോധനം ചോദ്യം ചെയ്തുകൊണ്ടുള്ള 58 ഹർജികളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. വാദംകേട്ട ഭരണഘടനാ ബെഞ്ചിന്‍റെ അധ്യക്ഷന്‍ ജസ്റ്റിസ് എസ്.അബ്ദുല്‍ നസീര്‍ 4നു വിരമിക്കുന്ന സാഹചര്യത്തിലാണ് ജനുവരി 2 ന് തന്നെ വിധി പറഞ്ഞത്.
മീഡിയ വൺ ചാനലിനെതിരായ സുരക്ഷാ ക്ലിയറൻസ് നിഷേധിക്കാൻ ആവശ്യമായ വസ്തുതകൾ ഹാജരാക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിലക്ക് പിൻവലിച്ചത്.
മാധ്യമ സ്വാതന്ത്രവുമായി ബന്ധപ്പെട്ട പ്രധാന വിധികളിലൊന്നായിരുന്നു മീഡിയ വണ്ണിന്‍റെ വിലക്കു നീക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി. ആഭ്യന്തരമന്ത്രാലയത്തിന്‍റെ സുരക്ഷാ ക്ലിയറന്‍സില്ലെന്നു കാട്ടി 2022 ജനുവരി 31ന് ചാനലിന്‍റെ സംപ്രേഷണം വിലക്കിയ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ നടപടിയാണ് ഏപ്രിൽ 5 ന് സുപ്രീം കോടതി എടുത്തുമാറ്റിയത്. നാലാഴ്ച്ചക്കുള്ളിൽ ചാനലിന്‍റെ ലൈസൻസ് പുതുക്കി നൽകാനും സുപ്രീം കോടതി ഉത്തരവിട്ടു.
മീഡിയ വൺ ചാനലിനെതിരായ സുരക്ഷാ ക്ലിയറൻസ് നിഷേധിക്കാൻ ആവശ്യമായ വസ്തുതകൾ ഹാജരാക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിലക്ക് പിൻവലിച്ചത്. സര്‍ക്കാരിന്‍റെ നയങ്ങളെയും നടപടികളെയും ചാനലുകള്‍ വിമര്‍ശിക്കുന്നത് ദേശവിരുദ്ധമായി ചിത്രീകരിക്കാനാകില്ലെന്നും ഊര്‍ജസ്വലമായ ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം അനിവാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
1954 ലെ സ്പെഷ്യൻ മാര്യേജ് ആക്റ്റ്, 1955ലെ ഹിന്ദു മാര്യേജ് ആക്റ്റ്, 1969 ലെ ഫോറിൻ മാര്യേജ് ആക്റ്റ് എന്നിവയിലെ വ്യവസ്ഥകളെ ചോദ്യം ചെയ്തു കൊണ്ട് സ്വവർഗ പങ്കാളികൾ, ട്രാൻസ്ജൻഡർ വ്യക്തികൾ തുടങ്ങിയവർ സമർപ്പിച്ച് ഇരുപതോളം ഹർജികളാണ് ബെഞ്ച് തീർപ്പാക്കിയത്.
സ്വവർഗ വിവാഹത്തിന് നിയമ സാധുത നിഷേധിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയാണ് ഈ വർഷത്തെ സുപ്രധാന വിധികളിലെ ഏറ്റവും പ്രധാനപ്പെട്ടത്. ഒക്‌ടോബർ 17 ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റേതായിരുന്നു ഈ വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷതയിൽ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എസ്. രവീന്ദ്ര ഭട്ട്, ഹിമ കോഹ്‌ലി, പി.എസ്. നരസിംഹ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസും സഞ്ജയ് കിഷൻ കൗളും സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന് വാക്കാൽ പരാമർശിച്ചു. ഭൂരിപക്ഷ അഭിപ്രായം പരിഗണിച്ച് ഹർജികൾ തള്ളുകയായിരുന്നു.
1954 ലെ സ്പെഷ്യൻ മാര്യേജ് ആക്റ്റ്, 1955ലെ ഹിന്ദു മാര്യേജ് ആക്റ്റ്, 1969 ലെ ഫോറിൻ മാര്യേജ് ആക്റ്റ് എന്നിവയിലെ വ്യവസ്ഥകളെ ചോദ്യം ചെയ്തു കൊണ്ട് സ്വവർഗ പങ്കാളികൾ, ട്രാൻസ്ജൻഡർ വ്യക്തികൾ തുടങ്ങിയവർ സമർപ്പിച്ച് ഇരുപതോളം ഹർജികളാണ് ബെഞ്ച് തീർപ്പാക്കിയത്.
സ്വവർഗ ലൈംഗികത വിഡ്ഢിത്തമോ നഗരവരേണ്യ സങ്കൽപ്പമോ അല്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, പ്രത്യേക വിവാഹ നിയമത്തിൽ പാർലമെന്‍റിന് തീരുമാനമെടുക്കാമെന്നും കൂട്ടിച്ചേർത്തു.
സ്വവർഗ വിവാഹം നിയമപരമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജിയിൽ വിധി പറയവേ ചീഫ് ജസ്റ്റിസ് പ്രത്യേക വിവാഹ നിയമത്തിലെ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തെ മാത്രം അംഗീകരിക്കുന്ന സെക്ഷൻ 4 കോടതി റദ്ദാക്കുകയും ചെയ്തു.
സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും അഭിപ്രായം തേടിയ ശേഷമായിരുന്നു സുപ്രീം കോടതിയുടെ ഈ നിർണായക വിധി. 'സ്വവർഗ വിവാഹം ഇന്ത്യൻ സംസ്ക്കാരത്തിന് യോജിക്കുന്നതല്ല'' എന്നായിരുന്നു കേന്ദ്ര സർക്കാരിന്‍റെ നിലപാട്.'' 1954-ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. സാധാരണയായി വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിന് ലഭിക്കുന്ന ഭരണഘടനാ പരമായ പരിരക്ഷയുടെ പരിതിയിൽ പോലും സ്വവർഗ വിവാഹം വരില്ല. ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാൻ ഭരണഘടന നൽകുന്ന അവകാശം സ്വവർഗ വിവാഹത്തിന് ഉള്ളതല്ലെന്നും സ്വവർഗ വിവാഹം മൗലികാവകാശമായി പരിഗണിക്കാനാവില്ല'' കേന്ദ്രം നൽകിയ സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, സ്വവർഗ വിവാഹം നിയമ വിധേയമല്ലെന്ന സുപ്രീംകോടതി വിധിക്കെതിരേ പുനഃപരിശോധന ഹർജി ഫയൽ ചെയ്തിട്ടുണ്ട്. അഞ്ചംഗ സുപ്രീകോടതി ബെഞ്ചിന്‍റെ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി. പുനഃപരിശോധന ഹർജിയിൽ തുറന്ന കോടതിയിൽ റിവ്യൂ ഹര്‍ജി പരിഗണിക്കണമെന്നും ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
370ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്ര നടപടി ഭരണഘടനാപരമായി സാധുവാണോ എന്നാണ് കോടതി പരിശോധിച്ചത്.
ഈ വര്‍ഷത്തെ അവസാനത്തെ സുപ്രധാന വിധിയാണ് ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിധി. ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്നതാണ് ഭരണ ഘടനയിലെ 370 വകുപ്പ്. ഇന്ത്യയിലെ സംസ്ഥാനമായിരിക്കെ തന്നെ ജമ്മു കശ്മീരിനു പ്രത്യേക ഭരണഘടനയും പതാകയും മറ്റു ചില പ്രത്യേക അധികാരങ്ങളും അനുവദിക്കപ്പെട്ട 370-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക പദവി 2019 ഓഗസ്റ്റ് അഞ്ചിന് കേന്ദ്ര സർക്കാർ റദ്ദാക്കി.പിന്നീട് ജമ്മു-കശ്മീർ, ലഡാഖ് എന്നിങ്ങനെ കേന്ദ്ര ഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തു.
ഇതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ 23 ഓളം ഹർജികളാണ് എത്തിയത്. വിഷയത്തിൽ വിശദമായ വാദത്തിനും പ്രതിവാദങ്ങൾക്കും ശേഷം പ്രത്യേക പദവി റദ്ദാക്കിയ രഷ്ട്രപതിയുടെ നടപടി സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. മാത്രമല്ല രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ച മേഖലയ്ക്ക് സംസ്ഥാന പദവി തിരിച്ചു നൽകണമെന്നും 2024 സെപ്റ്റംബർ 30 നുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിർദേശിച്ചു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുഛേദം യുദ്ധസാഹചര്യം കണക്കിലെടുത്ത് താത്കാലികമായി ഏർപ്പെടുത്തിയ സംവിധാനമായിരുന്നു അത്. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോൾ അനുച്ഛേദം 370 നൽകി പ്രത്യേക അവകാശങ്ങളും ഇല്ലാതായി. രാജ്യത്തെ എല്ലാ നിയമങ്ങളും കശ്മീരിനും ബാധകമാണെന്നും സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കി. ചീഫ് ജസ്റ്റിസിനെക്കൂടാതെ ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിച്ചത്.
കശ്മീരിന് പ്രത്യേക പദവി നല്‍കുന്നതിനുള്ള 370ാം വകുപ്പ് ഭരണഘടനയില്‍ താത്കാലികമായി ഉള്‍പ്പെടുത്തിയതാണെന്ന വാദമാണ് പ്രധാനമായും കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചത്. പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം വിഘടനവാദത്തിനു ശമനമുണ്ടായതായും അക്രമ സംഭവങ്ങള്‍ കുറഞ്ഞെന്നും കേന്ദ്രം വാദിച്ചു.
370ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്ര നടപടി ഭരണഘടനാപരമായി സാധുവാണോ എന്നാണ് കോടതി പരിശോധിച്ചത്. അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെ, രാകേഷ് ദ്വിവേദി, വി. ഗിരി എന്നിവരാണു കേന്ദ്ര സർക്കാരിനും370ാം അനുച്ഛേദം നീക്കിയതിനെ അനുകൂലിക്കുന്നവർക്കും വേണ്ടി ഹാജരായത്. കപിൽ സിബൽ, ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ, സഫർ ഷാ, ദുഷ്യന്ത് ദവെ എന്നിവർ എതിർ കക്ഷികൾക്കു വേണ്ടി ഹാജരായി.