##പി.വൈ. അനിൽകുമാർ
"ശുചിത്വ ഇന്ത്യ' എന്ന മഹാത്മാഗാന്ധിയുടെ സാമൂഹിക ജീവിത ദർശനം, കേന്ദ്രസർക്കാർ ഏറെ പ്രാധാന്യത്തോടെ വ്യാപകമായി പ്രചരണം നൽകി ഇന്ത്യയാകെ പ്രാവർത്തികമാക്കിയ കർമ പദ്ധതിയാണ് സ്വച്ഛ് ഭാരത് അഭിയാൻ (Clean India Mission).
2014 ഒക്റ്റോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ പ്രധാനമന്ത്രി തുടക്കമിട്ട ഈ പരിപാടിയെ കേന്ദ്രസർക്കാരിന്‍റെ പതാകവാഹക പദ്ധതിയെന്ന് (Flagship) വിശേഷിപ്പിക്കാം. 2019ഓടെ വെളിയിട വിസർജ്യ മുക്ത (Open Defecation Free-ODF) ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പായിരുന്നു ഈ മിഷൻ. വ്യക്തി ശുചിത്വത്തിനപ്പുറം സാമൂഹിക ശുചിത്വത്തിന് കൂടി ഊന്നൽ നൽകിക്കൊണ്ട് ബഹുതല സാമൂഹിക ഇടപെടലിലൂടെ പരുവപ്പെടുത്തിയ പ്രസ്ഥാനമാക്കി (Movement) മാറ്റുന്നതിൽ സ്വച്ഛ് ഭാരത് അഭിയൻ ഏറെ ശ്രദ്ധ നേടി. എല്ലാ വീടുകളിലും ശുചിമുറി (Toilets) എന്നതിനപ്പുറം എല്ലാ സാമൂഹിക സ്ഥാപനങ്ങളിലും മല- മൂത്ര വിസർജനത്തിന് വൃത്തിയുള്ള മെച്ചപ്പെട്ട പൊതു ഇടം സാധ്യമാക്കുക എന്നതും ഇതിന്‍റെ ഉപലക്ഷ്യമായിരുന്നു. മാത്രമല്ല ഖര- ദ്രവ മാലിന്യങ്ങൾ തരംതിരിച്ച് സംസ്‌കരിച്ചുകൊണ്ട് ഓരോ ഗ്രാമത്തെയും വൃത്തിയുള്ളതാക്കി മാറ്റുകയും ആവശ്യത്തിന് ശുദ്ധമായ കുടിവെള്ളവും എല്ലാവർക്കും ലഭ്യമാക്കുക കൂടി ആയാൽ മാത്രമേ സ്വച്ഛ് ഭാരത് മിഷൻ അതിന്‍റെ ഉദ്ദേശലക്ഷ്യം പൂർത്തിയാകുയെന്നും വിവക്ഷിച്ചിരുന്നു. ഈ പദ്ധതി വ്യാപകമായപ്പോൾ വനിതകൾക്കും പെൺകുട്ടികൾക്കും പൊതു ഇടങ്ങളിൽ ശുചമുറികൾ പ്രാപ്യമാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ അതിന്‍റെ ആവശ്യകതയെക്കുറിച്ചുള്ള പൊതുബോധം ഉണ്ടാക്കുവാനും അതിലൂടെ ആർത്തവ ആരോഗ്യ പരിപാലന അവബോധം സൃഷ്ടിക്കാനും സഹായകമായി.
പദ്ധതി 2022ലെത്തുമ്പോൾ ഇപ്പോഴും ജനസംഖ്യയുടെ 11% ആളുകൾ തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുന്നു. എന്നാൽ 2000 വരെ ജനസംഖ്യയുടെ 73 ശതമാനവും തുറസായ സ്ഥലത്തായിരുന്നു മലമൂത്ര വിസർജനം നടത്തിയിരുന്നത്. അതിൽ 91 ശതമാനം ഗ്രാമീണരും നഗര ജനസംഖ്യയുടെ 25.8% പേരും ഉൾപ്പെട്ടിരുന്നു. [Source WHO|UNICEF ജോയിന്‍റ് മോണിറ്ററിങ് പ്രോഗ്രാം- JMP] എന്നാൽ അതിൽനിന്നും കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുന്ന ഏറ്റവും കൂടുതൽ ആളുകൾ ഇപ്പോഴും ഇന്ത്യയിലാണെന്നാണ് കണക്ക്. നൈജീരിയയും എത്യോപ്യയും തൊട്ടുപിന്നിൽ.
ഗാന്ധിയും ശുചിത്വവും
"സ്വാതന്ത്ര്യത്തെക്കാൾ പ്രധാനമാണ് ശുചിത്വം' ("Sanitation is more important than Independence')- ശുചിത്വത്തെക്കുറിച്ച് മഹാത്മാ ഗാന്ധിയുടെ പ്രശസ്തമായ ഉദ്ധരണിയാണിത്. വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും ഗാന്ധിജിയുടെ സാമൂഹിക ജീവിതത്തിന്‍റെ ഭാഗമായിരുന്നു. എല്ലാവർക്കും സമ്പൂർണ ശുചിത്വം എന്നതായിരുന്നു ഗാന്ധിജിയുടെ സ്വപ്നം. സ്വാതന്ത്ര്യസമര കാലത്ത് ഗാന്ധിയൻ നിർമാണ പ്രവർത്തനങ്ങളിൽ ശുചീകരണവും ശുചിത്വവും മുഖ്യ വിഷയമായിരുന്നു. സമ്മേളനങ്ങളിൽ ഗാന്ധിജി നേരിട്ട് ശുചീകരണ പ്രവർത്തനം, ശ്രമദാനം എന്ന പേരിൽ ഏറ്റെടുത്തു നടത്തിയിരുന്നു.
ശുചിത്വ- ശുചീകരണ മുൻകാല പ്രവർത്തനങ്ങൾ
ഇന്ത്യ സ്വതന്ത്ര്യയാതിനു ശേഷം, സ്വച്ഛ് ഭാരത് ദൗത്യത്തിന് മുമ്പ് തന്നെ ശുചിത്വ ഇടപെടൽ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. കേന്ദ്ര ഗ്രാമീണ ശുചിത്വ പരിപാടി, സമ്പൂർണ ശുചിത്വ ക്യാംപെയിൻ, നിർമൽ ഭാരത് അഭിയാൻ എന്നിങ്ങനെയായിരുന്നു പദ്ധതികൾ. ഇന്ത്യയുടെ ആദ്യ പഞ്ചവത്സര പദ്ധതിയുടെ വിപുലീകരണമായി 1954ൽ ആദ്യ ഔപചാരിക ശുചിത്വ പരിപാടി ആരംഭിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ കീഴിലുള്ള "കപ്പാർട്ട് 'എന്ന് ചുരുക്കെഴുത്തിൽ അറിഞ്ഞിരുന്ന CAPART- Council for Advancement of Peoples Action and Rural Technology- സന്നദ്ധ സംഘടനകൾ മുഖേന മുഖ്യമായും നടപ്പിലാക്കിയത് ഗ്രാമീണ മേഖലയിൽ കുറഞ്ഞ ചെലവിൽ ഗ്രാമീണ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശുചിമുറി നിർമാണമായിരുന്നു. തുടർന്ന് 1986ൽ സെൻട്രൽ റൂറൽ സാനിറ്റേഷൻ പ്രോഗ്രാം (CRSP-Community Rural Sanitation Programme) ആരംഭിച്ചു. ഇതിലും മുൻഗണന ടോയ്‌ലറ്റുകളുടെ നിർമാണത്തിലായിരുന്നു. അതൊന്നും ക്യാംപെയിൻ രീതിയിലായിരുന്നില്ല; ഈ സമീപനം വിശാലമായ സാമൂഹിക പരിവർത്തനത്തിന് കാരണമായില്ല. എന്നാൽ ഗ്രാമീണ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഗ്രാമീണ സ്ത്രീകളുടെ സ്വകാര്യതയും അന്തസും ഉയർത്തുന്നതിന് CRSP സഹായകമായി. 1999ലാണ് സമ്പൂർണ ശുചിത്വ ക്യാംപെയിൻ (TSC-Total Sanitation Campain) ആരംഭിച്ചത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് ടോയ്‌ലറ്റുകൾ നിർമിക്കുന്നതിനുള്ള സബ്‌സിഡിയുമായി ബന്ധപ്പെട്ട ശുചിത്വ പരിപാടി ആയിരുന്നു 2009ലെ നിർമൽ ഭാരത് അഭിയാൻ. മധ്യപ്രദേശിലെ 80 ഗ്രാമങ്ങളിൽ നടത്തിയ പഠനത്തിൽ തുറസായ മലമൂത്രവിസർജനം കുറക്കുന്നതിൽ ഈ പദ്ധതി കാര്യമായ സ്വാധീനം ഉണ്ടായില്ല. എന്നാൽ ദക്ഷിണ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പ്രകടമായ മാറ്റം ഉണ്ടാക്കാനായി.
നിർമൽ ഭാരത് അഭിയാൻ 2014 സെപ്റ്റംബർ 24ന് കാബിനറ്റ് അംഗീകാരത്തോടെയാണ് സ്വച്ഛ് ഭാരത് അഭിയാൻ ആയി പുനഃക്രമീകരിച്ചത്. അങ്ങിനെ ഗാന്ധിജിയുടെ 150ാം ജന്മവാർഷികം, വൃത്തിയുള്ള ഇന്ത്യക്കായി സമർപ്പിച്ചുകൊണ്ട് വൻതോതിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്തു. കേന്ദ്ര നഗര- ഭവന മന്ത്രാലയവും ജല മന്ത്രാലയങ്ങളും സംയോജിത സംയുക്ത പദ്ധതികളിലൂടെ ശുചിത്വ ഇന്ത്യ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുവാനുള്ള ശ്രമമാണ് 10 വർഷം പിന്നിടുന്നത്.
വൃത്തിയും വികസനവും
4,043 നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമീണ മേഖലകളിലുമായി സർക്കാർ ജീവനക്കാരും വിദ്യാർത്ഥികളും പൗരസമൂഹവും പങ്കെടുത്ത ഇന്ത്യയിലെ ഏറ്റവും വലിയ ശുചിത്വ ദൗത്യ ക്യാംപെയിനായി സ്വച്ഛ് ഭാരത് അഭിയാൻ മാറി.
ഒരു വർഷത്തിൽ 100 മണിക്കൂർ ശുചിത്വ പ്രവർത്തനത്തിൽ സ്വമേധയാ പങ്കാളിയാകുക, സർക്കാർ ജീവനക്കാർ അവധി ദിനങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തുക തുടങ്ങിയ ശ്രദ്ധേയമായ ചുവടുവയ്പുകളും ഉണ്ടായി. ഐക്യരാഷ്‌ട്ര സഭയുടെ പ്രഖ്യാപിത സുസ്ഥിര വികസന ലക്ഷ്യത്തിൽ (Sustainable Development Goals-SDG 2030) ആറാമത്തെ വിഷയമേഖലയാണ് ശുദ്ധജലവും ശുചിത്വവും (Clean water and Sanitation).
2030 ൽ നേടിയിരിക്കേണ്ട, ഐക്യരാഷ്‌ട്ര സഭ സുസ്ഥിര വികസന ലക്ഷ്യത്തിലേക്ക്, 2019ൽ ആദ്യഘട്ടത്തിൽ ഒമ്പത് കോടി ശുചിമുറികൾ നിർമിച്ച് ഇന്ത്യ അടുത്തെത്തി. സ്വച്ഛ് ഭാരത് അഭിയാൻ രണ്ടാം ഘട്ടത്തിന് തുടക്കമിട്ടത് 2021 ഒക്റ്റോബർ ഒന്നിനായിരുന്നു. 2023 ഡിസംബർ വരെ 11.5 കോടി വീടുകളിൽ ശുചിമുറി ഉറപ്പാക്കുവാൻ കഴിഞ്ഞു. 60 ലക്ഷം നഗരങ്ങളിലും ഗുണഭോക്താക്കളുണ്ടായി. ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്കും പട്ടികജാതി- വർഗ വിഭാഗം, ഭിന്നശേഷി വിഭാഗം, ഭൂരഹിതർ എന്നിവർക്കും ദാരിദ്ര്യരേഖക്കു മുകളിൽ പ്രത്യേക പരിഗണന വേണ്ടവർക്കും സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഐക്യരാഷ്‌ട്ര സഭയുടെ വിവിധ ഏജൻസികൾ സ്വച്ഛ് ഭാരത് അഭിയാൻ പ്രവർത്തനങ്ങളെ അംഗീകരിച്ചിട്ടുമുണ്ട്.
ദൗത്യത്തിന്‍റെ ആദ്യ ഘട്ട ലക്ഷ്യം പൂർത്തിയായപ്പോൾ തോട്ടിപ്പണി നിർമാർജനം ചെയ്യുകയും ഗ്രാമീണ മേഖലയിൽ അവബോധം സൃഷ്ടിച്ച് ആളുകളുടെ വെളിയിട വിസർജന ശീലത്തിലും പെരുമാറ്റത്തിലും മാറ്റം വരുത്തുക കൂടിയായപ്പോൾ കേന്ദ്ര സർക്കാരിന്‍റെ ദൗത്യം അതിന്‍റെ എല്ലാ തലത്തിലും വ്യാപിപ്പിക്കുവാനായി. ഇനി പ്രാദേശിക തലത്തിൽ കാര്യശേഷി വർദ്ധിപ്പിച്ചുകൊണ്ട് ദൗത്യത്തിന്‍റെ രണ്ടാം ഘട്ടത്തിൽ തുറസായ മലമൂത്ര വിസർജന രഹിത പദവി നിലനിർത്താനും ഖര, ദ്രവ മാലിന്യ സംസ്കരണം മെച്ചപ്പെടുത്താനും കർമ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കേണ്ടത് ശ്രമകരമാണ്.
ശുചിത്വ മിഷൻ
കേരള സർക്കാരിന്‍റെ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള മാലിന്യ സംസ്കരണ മേഖലയിലെ സാങ്കേതിക പിന്തുണാ സംവിധാനമാണ് (TSG) 2008ൽ ആരംഭിച്ച ശുചിത്വ മിഷൻ. കേന്ദ്ര സർക്കാരിന്‍റെ സ്വച്ഛ് ഭാരത് മിഷൻ (അർബൻ), സ്വച്ഛ് ഭാരത് മിഷൻ (റൂറൽ), കമ്മ്യൂണിക്കേഷൻ ആൻഡ് കപ്പാസിറ്റി ഡവലപ്‌മെന്‍റ് യൂണിറ്റ് (സിസിഡിയു) എന്നിവയുടെ ഏകോപന- നിർവഹണ ഏജൻസിയും കൂടിയാണ് ശുചിത്വ മിഷൻ. സ്വച്ഛ് ഭാരത് മിഷന്‍റെ പ്രഖ്യാപിത ദൗത്യമായ വെളിയിട വിസർജ്യ രഹിത (ODF) സംസ്ഥാനമായി ഗ്രാമീണതലത്തിൽ 2016ലും നഗരങ്ങളിൽ 2018ലും നേടി. കഴിഞ്ഞ 9 വർഷത്തിൽ 2,47,824 ശുചിമുറികൾ നിർമിച്ചു നൽകിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2018 ലെ പ്രളയാനന്തര പ്രവർത്തനത്തിൽ റീബിൽഡ് കേരള 95,146 ശുചിമുറികൾ പുതുക്കി പണിയുകയോ പുതുതായി പണിയുകയോ ചെയ്തിട്ടുണ്ട്.
അജൈവ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് സംസ്കരിക്കുന്നതിനും പ്രാദേശിക സർക്കാർ സ്ഥാപനങ്ങൾ 35,352 ഹരിതസേനാ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും യൂസർ ഫീസ് ഈടാക്കിയാണ് പ്രവർത്തിക്കുന്നത്.
ബിന്ദേശ്വർ പഥക്: ഇന്ത്യൻ ശൗചാലയത്തിന്‍റെ പ്രചാരകൻ
സാമൂഹിക ശാസ്ത്രജ്ഞനും സാമൂഹിക സംരംഭകനുമായിരുന്ന ബിന്ദേശ്വർ പഥക് ആണ് ഇന്ത്യയിൽ പരിസ്ഥിതി, ശുചിത്വം,മാലിന്യ സംസ്കരണം എന്നിവക്കായി വിപ്ലവകരമായ പരിഷ്കരണങ്ങൾ നടപ്പിലാക്കിയത്. 1968 ൽ മഹാത്മാ ഗാന്ധി ശതാബ്ദി സ്മരണക്കായി രൂപീകരിച്ച കമ്മിറ്റിയുടെ സന്നദ്ധപ്രവർത്തകനായാണ് ബീഹാറുകാരനായ ബിന്ദേശ്വർ പഥക് സാമൂഹിക പ്രവർത്തന രംഗത്തെത്തുന്നത്. തോട്ടിപ്പണിക്കാരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പ്രസ്ഥാനത്തിലൂടെയാണ് പഥക്കിന്‍റെ പ്രവർത്തനം ശ്രദ്ധേയനാക്കിയത്.
പഥക് നേതൃത്വം നൽകിയ സുലഭ് ഇന്‍റർനാഷണലെന്ന സാമൂഹിക സേവന സംഘടനയാണ് ശുചിത്വ മേഖലയിൽ 1970കളിൽ മാറ്റങ്ങളുണ്ടാക്കിയത്. പഥക് ഇന്ത്യൻ റെയ്‌ൽവേയുടെ സ്വച്ഛ് റെയിൽ മിഷന്‍റെ ബ്രാൻഡ് അംബാസഡറായിരുന്നു. തോട്ടിപ്പണിയില്ലാത്ത രണ്ട് കുഴികളുള്ള പവർഫ്ലഷ് ടോയ്‌ലറ്റ് (സുലഭ് ശൗചലയ), സുരക്ഷിതവും ശുചിത്വവുമുള്ള മനുഷ്യ മാലിന്യ നിർമാർജന സാങ്കേതികവിദ്യ സുലഭ് കോംപ്ലക്‌സുകൾ എന്നറിയപ്പെടുന്ന പൊതു ടോയ്‌ലറ്റുകൾ തുടങ്ങിയ ആശയങ്ങൾ പഥക് അവതരിപ്പിച്ചു. സ്വച്ഛ് ഭാരത് അഭിയാൻ കർമപദ്ധതി 10 വർഷം പീന്നിടുമ്പോൾ ഇത്തരം സാമൂഹിക ഇടപെടലും ഇന്ത്യ പോലെയുള്ള വൈവിധ്യ രാജ്യത്ത് ശ്രദ്ധേയമാണ്.
(സ്വതന്ത്ര മാധ്യമ പ്രവർത്തകനാണ് ലേഖകൻ)