Special Story

വിമോചന സമരം: അങ്കമാലി വെടിവയ്പിന് 64 വയസ്

ജോയ് മാടശേരി

കേരളം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിലൊന്നിന്‍റെ സമരാഗ്നിയിൽ പൊലീസുകാരുടെ വെടിയുണ്ടയേറ്റ് അങ്കമാലി ടൗണിൽ മരിച്ചു വീണവരുടെ ഓർമകൾക്ക് ജൂൺ 13ന് 64 വയസ്.

1959 ജൂൺ 13നാണ് അന്നത്തെ കമ്യൂണിസ്റ്റ് സർക്കാരിനെതിരേ പ്രകടനം നടത്തിയ സമരക്കാർക്കു നേരെ പൊലീസ് വെടിയുതിർത്തത്. സർക്കാരിന്‍റെ വിദ്യാഭ്യാസ, മദ്യ നയങ്ങൾക്കെതിരേയും, ഭരണകൂട ഭീകരത ആരോപിച്ചും നടത്തിയ വിമോചന സമരത്തിന്‍റെ ഭാഗമായിരുന്നു ഈ പ്രകടനം. ഏഴു പേരാണ് അന്നു കൊല്ലപ്പെട്ടത്. കാലടി മാടശേരി ദേവസി, കൈപ്പട്ടൂർ കോച്ചാപ്പിള്ളി പാപ്പച്ചൻ, കൊറ്റമം കോലഞ്ചേരി പൗലോസ്, മുക്കടപ്പള്ളൻ വറീത്, കൊഴുക്കട്ട പുതുശേരി പൗലോ, ചെമ്പിശേരി വറീത്, കുരിപ്പറമ്പൻ വറീത് എന്നിവർ സമരത്തിന്‍റെ രക്തസാക്ഷികളായി.

1957ലാണ് ഐക്യ കേരളത്തിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറുന്നത്. തുടർന്നിങ്ങോട്ട് സർക്കാരിന്‍റെ മദ്യനയം ഉൾപ്പെടയുള്ള കാര്യങ്ങൾക്കെതിരേ സംസ്ഥാനത്തെമ്പാടും സമരസമിതികൾ രൂപം കൊണ്ടു. കള്ളു ഷാപ്പുകൾക്കു മുന്നിൽ ഉപരോധ സമരങ്ങൾ വരെയുണ്ടായി. മറ്റൂർ കള്ള് ഷാപ്പ് പിക്കറ്റ് ചെയ്തിരുന്ന കുഞ്ഞപ്പൻ എന്ന പതിനേഴു വയസുകാരനെ അങ്കമാലി പൊലീസ് ക്രൂരമായി മർദിച്ചതോടെയാണ് സമരാഗ്നി വളർത്തിയത്.

കേരളത്തിലെ സെന്‍റ് തോമസ് ക്രിസ്ത്യാനികളുടെ പ്രധാന കേന്ദ്രമായ അങ്കമാലിയിൽ രോഷത്തിന്‍റെ തീവ്രത അക്രമത്തിനു വഴിമരുന്നിട്ടു. 1959 ജൂൺ 13, അതൊരു ശനിയാഴ്ചയായിരുന്നു. അങ്കമാലി ടൗണിൽ വച്ച് ജനക്കൂട്ടത്തിന് നേരെ പൊലീസിന്‍റെ വെടിവയ്പ്പുണ്ടായി, അതും രാത്രി ഒമ്പതു മണിക്ക്. ലാത്തിച്ചാർജിനു ശേഷം 32 റൗണ്ട് വെടിവച്ചു. അഞ്ച് പേർ സംഭവ സ്ഥലത്തും രണ്ടു പേർ ആശുപത്രിയിലും മരിച്ചു. 45 പേർക്ക് പരുക്കേറ്റു.

പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ ശ്രമിച്ച അക്രമാസക്തമായ ജനക്കൂട്ടത്തിനു നേരേ വെടിവയ്ക്കാൻ പൊലീസ് നിർബന്ധിതമായെന്നായിരുന്നു സർക്കാർ ഭാഷ്യം.

അടുത്ത ദിവസം - ജൂൺ 14 ഞായറാഴ്ച - മൃതദേഹങ്ങൾ വൻ ജനക്കൂട്ടത്തിന്‍റെ അകമ്പടിയോടെ അങ്കമാലി സെന്‍റ് ജോർജ് സീറോ മലബാർ കാത്തലിക് ഫൊറോന പള്ളി സെമിത്തേരിയിൽ ഒരു പൊതു ശവകുടീരത്തിൽ സംസ്കരിച്ചു. അന്നത്തെ എറണാകുളം ബിഷപ് മാർ ജോസഫ് പാറേക്കാട്ടിൽ സംസ്കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകി.

കേരളത്തിലെ ജനവികാരം വലിയ തോതിൽ സർക്കാരിനെതിരാകാൻ ഈ സംഭവം കാരണമായി. വിമോചന സമരം ശക്തിയാർജിച്ചു.

''അങ്കമാലി കല്ലറയിൽ,

ഞങ്ങടെ സോദരരുണ്ടെങ്കിൽ,

ആ കല്ലറയാണേ കട്ടായം,

പകരം ഞങ്ങൾ ചോദിക്കും''

സംസ്ഥാനം മുഴുവൻ രോഷാകുലമായ മുദ്രാവാക്യങ്ങൾ അലയടിച്ചു.

ഫൊറോന പള്ളിയും സെമിത്തേരിയും ചുരുങ്ങിയ കാലം കൊണ്ട് വിമോചന സമര പ്രവർത്തകരുടെ തീർഥാടന കേന്ദ്രം തന്നെയായി മാറുകയായിരുന്നു. സർക്കാർവിരുദ്ധ സമരത്തിന്‍റെ നേതൃനിരയിലുണ്ടായിരുന്ന മന്നത്ത് പത്മനാഭൻ നയിച്ച 'ജീവശിഖ' യാത്ര ഒടുവിൽ ഇഎംഎസ് മന്ത്രിസഭയുടെ പുറത്താക്കലിൽ കലാശിക്കുകയും ചെയ്തു.

** ** **

വെടിവയ്പ്പിന്‍റെ വാർഷികത്തിൽ, അങ്കമാലി സെന്‍റ് ജോർജ് ബസിലിക്ക പള്ളിയിൽ രാവിലെ ഏഴിന് വികാരി ഫാ. ഡോ. ജിമ്മി പൂച്ചക്കാട്ടിന്‍റെ നേതൃത്വത്തിൽ അങ്കമാലി കല്ലറയിലുള്ള രക്തസാക്ഷികൾക്കായി പ്രത്യേക വിശുദ്ധ കുർബാന അർപ്പിക്കും. അതിനു ശേഷം വിമോചന സമര രക്തസാക്ഷികളുടെ കല്ലറയിൽ ഒപ്പീസ് ചൊല്ലും. സ്മൃതി മണ്ഡപത്തിൽ പ്രാർത്ഥനയും പുഷ്പാഞ്ജലി, തിരികത്തിക്കൽ, പുഷ്പചക്രം അർപ്പിക്കൽ എന്നിവയ്ക്കു ശേഷം രക്തസാക്ഷി അനുസ്മരണ യോഗവും ഉണ്ടാകും.

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

നവീൻ ബാബുവിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

ബിജെപിയിൽ കുടുംബ വാഴ്ച; ഝാർഖണ്ഡിൽ സ്ഥാനാർഥി പട്ടിക പുറത്തു വിട്ടതിനു പിന്നാലെ കൂട്ട രാജി

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ